Wednesday, February 21, 2018

ആരാണ് തിജാനിയ്യഃ പണ്ഡിതന്‍ ?

ആരാണ് തിജാനിയ്യഃ പണ്ഡിതന്‍ ?
സയ്യിദീ ഷരീഫ് ഡോ. മുഹമ്മദ് റാദ്വി കന്നൂന്‍ അല്‍ ഇദ്‍രീസി അല്‍ ഹസനി
بسم الله الرحمن الرحيم
الحمد لله، وصلى الله وسلم على سيدنا محمد الفاتح الخاتم الناصر الهادي

നമ്മുടെ ത്വരീഖതിലെ പണ്ഡിതന്മാരെ സംബന്ധിച്ച്
, ആരാണവരെന്നും എന്തൊക്കെയാണ് അവരുടെ അടയാളങ്ങളെന്നും ചിലരെന്നോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ ഞാനവര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു :
മതപരമായ മേഖലയില്‍ ഇതരപണ്ഡിതന്മാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു വിഭാഗമല്ല നമ്മുടെ ത്വരീഖതിലെ പണ്ഡിതന്മാര്‍. ഖുര്‍ആന്‍, ഫിഖ്ഹ്, ഹദീസ്, തഫ്‍സീര്‍, അറബിഭാഷ, വ്യാകരണം, അകാര-ഉകരാദിശാസ്‍ത്രം അടക്കമുള്ള മറ്റനേകം മതവൈജ്ഞാനികവിഷയങ്ങളാല്‍ ദീനീമേഖലകളില്‍ മറ്റുള്ള പണ്ഡിതന്മാരെപ്പോലെ വിരാജിക്കുന്നവര്‍ തന്നെയാണ് നമ്മുടെ ത്വരീഖതിന്റെ പണ്ഡിതന്മാരും.
മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കഴിഞ്ഞാല്‍, തങ്ങളുടെ വിശാലമായ ഗ്രാഹ്യത കൊണ്ട് നമ്മുടെ ത്വരീഖതിന്റെ പണ്ഡിതന്മാര്‍ പ്രത്യേകത കൈവരിക്കുന്നത് തിജാനിയ്യഃ ത്വരീഖതിന്റെ നിബന്ധനകളെയും നിബന്ധനകളെയും മൂലതത്വങ്ങളെയും ബന്ധപ്പെടുന്നതിലൂടെയാണ്. മുരീദിന് ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ആവശ്യമില്ലാത്തവ എന്തൊക്കെയാണെന്നും അവര്‍ ഗ്രഹിച്ചിരിക്കും. ഒപ്പം തിജാനിയ്യഃ കര്‍മ്മശാസ്‍ത്രവും ഇതില്‍ കടന്നുവരും. അഥവാ, തിജാനിയ്യ ഔറാദുകളുമായി ബന്ധപ്പെട്ട് വരുന്ന നിര്‍ബന്ധങ്ങള്‍, ഐശ്ചികങ്ങള്‍, അനുയോജ്യങ്ങള്‍, അനുപേക്ഷണീയങ്ങള്‍, നിരോധനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്‍ത്രമാണിത്.
തിജാനിയ്യഃ പണ്ഡിതരുടെ വിവരശേഷി ബന്ധപ്പെടുന്ന മറ്റൊരു കാര്യം - സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ചരിത്രത്തെക്കുറിച്ചുള്ള പരിപൂര്‍ണ്ണമായ വിവരമാണ്. അവിടുത്തെ ബാല്യകാലം മുതല്‍ മരണപ്പെടുന്നത് വരെയുള്ള വിവരങ്ങളും, അവിടുത്തെ ജീവിതയാത്രയോടൊപ്പം ചേര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്ഥിതിഗതികളും, അവിടുത്തെ ജീവിതകാലത്തിന്റെ തുടക്കത്തില്‍ ആരുടെയെല്ലാം ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നും, ഏതൊക്കെ മഹാത്മാക്കളുമായാണ് മഹാന്‍ ബന്ധപ്പെട്ടതെന്നും, എങ്ങനെയാണ് മഹാന് അല്‍ ഫത്‍ഹുല്‍ അക്‍ബര്‍ കരസ്ഥമായതെന്നും, എങ്ങനെയാണ് അവിടുത്തെ പിതാമഹനായ തിരുമുസ്‍ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി സ്വപ്‍നത്തിലല്ലാതെ ഉണര്‍ച്ചയില്‍ തന്നെ കണ്ടുമുട്ടിയതെന്നും, അങ്ങനെ മഹാന്റെ സകലചരിത്രവും പൂര്‍ണ്ണമായി അവര്‍ അറിഞ്ഞിരിക്കും.
മേല്‍പ്പറയപ്പെട്ട കാര്യങ്ങള്‍ക്ക് പുറമെ, തിജാനിയ്യഃ ത്വരീഖതിലെ പണ്ഡിതന്റെ വിവരശേഷിയെ ചേര്‍ത്ത് വെക്കേണ്ട വേറൊന്ന് - മൂമ്പ് സൂചിപ്പിക്കപ്പെട്ട കാര്യങ്ങളെയെല്ലാം ഒരുമിച്ച് കൂട്ടപ്പെട്ട തിജാനിയ്യഃ രചനകളുമായും ഗവേഷണങ്ങളുമായുള്ള ബന്ധമാണ്. ഈ ഗ്രന്ഥങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വേണ്ട അവലംബകൃതികള്‍, മൂലഗ്രന്ഥങ്ങള്‍, മറ്റു അടിസ്ഥാന രേഖകള്‍, പ്രമാണങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അവര്‍ക്ക് നല്ല വിവരം ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ കൈയെഴുത്തും പ്രസിദ്ധീകൃതവുമെല്ലാം അവര്‍ക്ക് ഒരുപോലെയായിരിക്കും. അതോടൊപ്പം തിജാനിയ്യഃ ത്വരീഖതിലെ തങ്ങളുടെ മുന്‍ഗാമികളായ മഹാരഥന്മാരെക്കുറിച്ചും അവരുടെ സമ്പാദ്യങ്ങളായ എഴുത്തുകുത്തുകള്‍, സന്ദേശങ്ങള്‍, കവിതാസമാഹാരങ്ങള്‍, ഇതരരചനകള്‍ തുടങ്ങിയവയെക്കുറിച്ചുമെല്ലാം അതിസൂക്ഷ്‍മമായി സദാ പിന്തുടരുന്നവരായിരിക്കും തിജാനിയ്യഃ പണ്ഡിതര്‍.
ഇപ്പറഞ്ഞതിലേക്കെല്ലാം ചേര്‍ത്ത് വെക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം - തിജാനിയ്യഃ പണ്ഡിതന്‍ തിരുനബിയുടെ സുന്നതിനോട് കടുത്ത പക്ഷപാതമുള്ളവനായിരിക്കണം എന്നതാണ്. പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നതിന്റെയും വ്യക്തമായ വിധികളുടെ സന്മാര്‍ഗ്ഗത്തിന്മേലായിരിക്കും അവന്‍ സഞ്ചരിക്കുക. ഈ രണ്ട് പ്രമാണങ്ങള്‍ കൊണ്ടായിരിക്കും തന്റെ കരങ്ങളുടെ താഴെയുള്ള ശിഷ്യഗണങ്ങളെയും മുരീദുമാരെയും അവന്‍ നിയന്ത്രിക്കുക. തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും നീക്കങ്ങളും കൊണ്ടായിരിക്കും അവരെ നയിക്കുക. സമയത്തിനും സ്ഥലത്തിനും അനുയോജ്യമായ ഉപദേശങ്ങളായിരിക്കും അവര്‍ക്ക് ഉപകാരമായി അവന്‍ നല്‍കുക. അതെ, ഏതൊരു സ്ഥാനത്തിനും സ്വന്തമായ വാക്കുകളുണ്ട്. തിജാനിയ്യഃ പണ്ഡിതന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവനായിരിക്കും. ഒരു പിതാവ് തന്റെ സന്താനങ്ങളെ ചുറ്റിപ്പറ്റി നടക്കുന്നത് പോലെ തിജാനിയ്യഃ പണ്ഡിതനും സദാ തന്റെ ശിഷ്യഗണങ്ങളെ ചുറ്റിപ്പറ്റിക്കൊണ്ടേയിരിക്കും.
ഈ വിഷയത്തില്‍ നാം വ്യക്തമാക്കിയ കാര്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ്. അത് തന്നെ തിജാനിയ്യഃ ത്വരീഖതിലെ പണ്ഡിതന്റെ മേല്‍ പൂര്‍ത്തിയാകേണ്ട അനിവാര്യമായവയില്‍ നിന്നും മാത്രം. അല്ലാത്ത വിഷയങ്ങളെക്കൂടി കണക്കാക്കിയിരുന്നെങ്കില്‍ തിജാനിയ്യഃ പണ്ഡിതന് ആവശ്യമാകുന്ന കാര്യങ്ങള്‍ വളരെയധികമുണ്ടാകും. തനിക്ക് ചുറ്റും മൂടിപ്പൊതിയുന്ന തിജാനിയ്യഃ മുരീദുമാരെ നിയന്ത്രിക്കാനുള്ള കൈപ്പത്തി കൊണ്ട് ഉടമ്പടി ഏറ്റെടുക്കാന്‍ വേണ്ടി പ്രതീക്ഷിക്കപ്പെടുന്നവനാണ് തിജാനിയ്യഃ പണ്ഡിതന്‍ എന്നത് പരിഗണിച്ച് കൊണ്ട് മാത്രമാണ് നാം ഇത്ര കുറച്ച് മാത്രം സംസാരിച്ചത്. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണല്ലോ - ഒരു വസ്‍തുവിനെ ഇല്ലാതാക്കുന്നവന്‍ അതൊരിക്കലും തിരിച്ച് നല്‍കുകയില്ലായെന്ന്. ധനത്തെ നശിപ്പിക്കുന്നവനില്‍ നിന്നും ധനം പ്രതീക്ഷിക്കപ്പെടുകയേയില്ല. അപ്രകാരം തന്നെയാണ് വിജ്ഞാനത്തെ നഷ്‍ടപ്പെടുത്തുന്നവനില്‍ നിന്നും വിജ്ഞാനം തേടപ്പെടുകയില്ലായെന്നതും.
ഈ പറഞ്ഞതിനെല്ലാം പുറമെ, തിജാനിയ്യഃ പണ്ഡിതന് അനിവാര്യമായ കാര്യമാണ് - പവിത്രമായ സന്നിധിയില്‍ നിന്നും മാധ്യമങ്ങള്‍ മുഖേനയെങ്കിലും വിശിഷ്‍ടമായ സമ്മതം തനിക്ക് ഉണ്ടായിരിക്കണം എന്നതും. കാരണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവന്നത് പോലെ, ലൈസന്‍സ് ഇല്ലാതെ ഡ്രൈവിംഗ് ചെയ്യാനാവില്ല. ഏതൊരാള്‍ ലൈസന്‍സില്ലാതെ ഡ്രൈവിംഗ് ചെയ്യുന്നുവോ അവന്‍ നിയമവിരുദ്ധം ചെയ്‍തവനായി. അതോടെ ശിക്ഷക്ക് വേണ്ടി പ്രതിക്കൂട്ടില്‍ സ്വയം അവന്‍ ഹാജരാവുകയും ചെയ്‍തു.
അല്ലാഹുവിനോട് എല്ലാവിധ രക്ഷയും ആരോഗ്യവും നാം തേടുന്നു.

Sunday, November 20, 2016

ഏലംകുളം തട്ടിപ്പ് 1 : അലി ഹറാസിം(റ)വിന്റെ ക്ഷമാപണത്തില്‍ നടത്തിയ വക്രീകരണവും തട്ടിപ്പും

"മരണസമയത്ത് ഒരു അടിമയുടെ ഈമാനിനെ ഊരിയെടുക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍, ആ അടിമയെക്കൊണ്ട് തന്റെ ഔലിയാക്കളില്‍പ്പെട്ട ഒരു വലിയ്യിനെ അവന്‍ എതിര്‍ത്ത് സംസാരിപ്പിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവനെ നിന്ദ്യനാക്കിത്തീര്‍ക്കും".

- സയ്യിദീ മുഹമ്മദ് അല്‍ മഗ്‍രിബി(റ) -

ഭയാനകമായ ഈ മഹദ്വചനത്തിന്റെ അടയാളങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് സമൂഹം സാക്ഷിയാകുന്നു. പരിശുദ്ധ തിജാനിയ്യഃ വിമര്‍ശനങ്ങളെ പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രകടമാണ്. യാതൊരു ന്യായവുമില്ലാതെ ഈ മഹത്തായ സരണിയുടെ മേല്‍ കുതിര കയറുന്ന കുറെ വായാടികള്‍. അവരുടെ വാദങ്ങളെ അപ്പടി വിഴുങ്ങുന്ന സമൂങ്ങളും. ഏലംകുളം സഖാഫിയുടെ തിജാനിയ്യഃ വിമര്‍ശനങ്ങള്‍ ഇതിന് വലിയൊരുദാഹരണം മാത്രം. വിമര്‍ശനമേഖലയിലെ കാപട്യത്തില്‍ ഒഹാബികളെപ്പോലും പിന്നിലാക്കുകയാണ് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'നവ തീജാനികള്‍' എന്ന പേരില്‍ ഇയാളൊരു ലേഖനമെഴുതി. വസ്‍തുതകളോട് ഒരു നിലക്കും യോജിക്കാത്ത, വമ്പിച്ച കളവുകളാണ് അയാള്‍ അതില്‍ തിരുകിക്കയറ്റിയത്. തന്റെ വാദഗതിയെ സമര്‍ത്ഥിക്കാനായി തിജാനി ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരണികളെ ഇഷ്‍ടാനുസാരം വെട്ടിമാറ്റി അയാള്‍ ഉദ്ധരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പലതും തിജാനികളുടെ മേല്‍ ആരോപിച്ചു. അതിന് മറുപടിയെന്നോണം പലതും പറഞ്ഞ് തിജാനിസമൂഹത്തെ നികൃഷ്‍ടരാക്കി. സത്യത്തില്‍ വസ്‍തുതയോട് ഒരു നിലക്കും യോജിക്കാത്ത പ്രസ്‍തുത ആരോപണങ്ങളെയും അയാളുടെ ഇടപെടലുകളെയും അപഗ്രഥിച്ച് അയാളുടെ കളവുകള്‍ ഓരോന്നോരോന്നായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹു സത്യം സത്യമാക്കി മനസ്സിലാക്കാനുള്ള തൗഫീഖ് നമുക്ക് നല്‍കുമാറാകട്ടെ... ആമീന്‍

പരിശുദ്ധ തിജാനിയ്യഃ ത്വരീഖഃ വികൃതമാക്കപ്പെട്ട ഒരു ത്വരീഖത്താണെന്നാണ് കുപ്രസിദ്ധ സ്വൂഫീവിരോധിയായ പൊന്മളയുടെ കണ്ടെത്തല്‍. യാതൊരു അടിസ്ഥാനവുമില്ലാതെ നിരവധി തട്ടിപ്പുകളോട് കൂടി ഉന്നയിക്കപ്പെടുന്ന പൊന്മളയുടെ ഈ കപടവാദത്തെ അപ്പടി വിഴുങ്ങുകയും അതിനെ ശക്തിപ്പെടുത്താനായി മറ്റൊരു തട്ടിപ്പ് കൂടി ഉണ്ടാക്കുകയും ചെയ്യുക മാത്രമാണ് ഇയാളുടെ അനുയായി കൂടിയായ ഏലംകുളവും ചെയ്‍തിട്ടുള്ളത്. ഇവരുടെയൊക്കെ ഭാഷയില്‍, സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന്റെ പേരില്‍ പല വാദങ്ങളും തിജാനികള്‍ തട്ടിക്കൂട്ടിയതാണത്രെ. മആദല്ലാഹ്.

സത്യവിശ്വാസികളേ, അപഗ്രഥനാര്‍ത്ഥം ചുവടെ പറയാന്‍ പോകുന്ന ഏലംകുളത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കുമ്പോള്‍ അവ വായിച്ച കാരണത്താല്‍ ഈ മഹത്തായ സരണിയോട് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയം വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനോട് കാവല്‍ തേടുക. കാരണം, ഏലംകുളം സത്യസന്ധനല്ലായെന്ന കാര്യം ഈ ലേഖനം പൂര്‍ണ്ണമായി വായിക്കുന്നതോട് കൂടി നിങ്ങള്‍ക്ക് പകല്‍പ്പോലെ വെളിവാകും. എന്നാല്‍ ഈ ലേഖനത്തിന്റെ ആവശ്യമില്ലാതെ തന്നെ, ഇയാളുടെ കാപട്യം സമൂഹം സാക്ഷിയായിട്ടുണ്ട്. ഈ വിദ്വാന്‍, തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പേരില്‍ വെച്ച് കെട്ടിയ കള്ള ആസാറുകളെ തന്റെ സംഘടനക്ക് വേണ്ടി പരസ്യമായി പിന്തുണച്ച് ശബ്‍ദമലിനീകരണം നടത്തുകയും, എന്നാല്‍ രഹസ്യമായി പരിഹാസപൂര്‍വ്വം അവയെക്കുറിച്ച് സംസാരിക്കുന്നതും നാം കണ്ടതാണ്. ഈ ഒരൊറ്റ സംഭവം തന്നെ മതി, ഏലംകുളം സഖാഫിയുടെ വാക്കുകള്‍ സ്വീകാര്യയോഗ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍. ആയതിനാല്‍ ഇത്തരം കപടന്മാരുടെ ആരോപണങ്ങളെ സമീപിക്കുമ്പോള്‍ താഴെപ്പറയുന്ന പരിശുദ്ധ ഖുര്‍ആന്‍ വാക്യത്തിലെ ആഹ്വാനത്തെ നാം നെഞ്ചിലേറ്റേണ്ടതുണ്ട് :

"അല്ലയോ സത്യവിശ്വാസികളേ, ഏതെങ്കിലും ഒരു ധര്‍മനിഷ്‍ഠയില്ലാത്തവന്‍ ഒരു വാര്‍ത്തയുമായി കടന്നുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്‍മമായി അന്വേഷിക്കുക. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തിണക്കാനും പിന്നെ സ്വന്തം ചെയ്‍തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ".

(സൂറതുല്‍ ഹുജറാത് - 6 ആശയാംശം)

അല്ലാഹുവിന്റെ ഔലിയാക്കളില്‍പ്പെട്ട ഒരു മഹാനെ നിസ്സാരപ്പെടുത്തുന്നതിലൂടെ ഒരാള്‍ തെമ്മാടിയാകുമെന്ന കാര്യത്തില്‍ മുസ്‍ലിം ലോകത്ത് തര്‍ക്കം തന്നെയില്ല. ആയതിനാല്‍ ഏലംകുളത്തിന്റെ വാദത്തിന്റെ സത്യാവസ്ഥ അന്വേഷിക്കല്‍ നമുക്ക് അനിവാര്യമായിത്തീര്‍ന്നു. നമുക്കവിടേക്ക് കടന്നു ചെല്ലാം.

ഏലംകുളം സഖാഫി എഴുതുന്നു :

"ചുരുക്കത്തില്‍ അഹ്‍മദ് തീജാനി(റ) ഒരിക്കലും പറയാനിടയില്ലാത്ത ഇത്തരം വാദങ്ങള്‍ മഹാനവര്‍കളുടെ പേരില്‍ വെച്ചുകെട്ടിയതാണെന്നതില്‍ സംശയിക്കേണ്ടതില്ല. ഈ നവ തീജാനികള്‍ കുറെ കൂട്ടുകയും കുറക്കുകയും ചെയ്‍തിട്ടുണ്ടെന്നും അത് കാര്യമാക്കേണ്ടതുമില്ലെന്നും ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട് :

وارغب لمن طالع مكتوبنا هذا ان يغض عنه عين الإنتقاد ويسمح لنا ما يلقاه من التصحيف والتحريف والزيادة والتطفيف ويصفح عما وجد فيه من الخلل
(جواهر المعاني 12) 

"ഞങ്ങളുടെ ഈ ഗ്രന്ഥം വായിക്കുന്നവര്‍ നിരൂപണത്തിന്റെ ദൃഷ്‍ടി അടക്കേണ്ടതാണ്. ഇതിലുള്ള മാറ്റിത്തിരുത്തലും കൂട്ടിച്ചേര്‍ക്കലും വെട്ടി മുറിക്കലും നിങ്ങള്‍ കാണുമ്പോള്‍ വിട്ടുവീഴ്‍ച ചെയ്‍തു തരേണ്ടതാണ്".
(ജവാഹിറുല്‍ മആനി - ആമുഖം 13)

അപ്പോള്‍ അഹ്‍മദ് തീജാനി അവര്‍കള്‍ക്കില്ലാത്ത വാദങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും തങ്ങളുടെ ആദര്‍ശം പലതും വെട്ടിമാറ്റുകയും ചെയ്യുമെന്ന് പരസ്യമായി കുമ്പസരിച്ച് അതിന് ജനങ്ങളോട് മാപ്പ് ചെയ്യാന്‍ പറഞ്ഞതുകൊണ്ട് എന്തു നേട്ടം?
(നവ തീജാനികള്‍ : ഹുസ്‍നുസ്സുന്ന പേജ് 36)

സത്യവിശ്വാസികളേ, സുപ്രസിദ്ധ വലിയ്യും ആരിഫും സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന്റെ ജീവിതകാലത്ത് തന്നെ ഖലീഫയായിത്തീരുകയും ചെയ്‍ത സയ്യിദീ അലി ഹറാസിം(റ)വിന്റെ ജവാഹിറുല്‍ മആനിയില്‍ പറഞ്ഞ തുടക്കത്തിലെ ചില വാചകങ്ങളെയാണ് ഏലംകുളം മുകളില്‍ ഉദ്ധരിച്ചത്. സ്വന്തം ഗുരുവര്യരുടെ ആദര്‍ശങ്ങളെ വെട്ടിമാറ്റുകയും മഹാനര്‍ക്കില്ലാത്ത വാദഗതികളെ കൂട്ടിച്ചേര്‍ക്കുകയും സയ്യിദീ അലി ഹറാസിം(റ) ചെയ്‍തുവെന്നാണ് ഇതിലൂടെ ടിയാന്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. മആദല്ലാഹ്. ഈ തെമ്മാടിയായ സഖാഫി സമീപിച്ചത് പോലെ ലോകത്ത് ഒരു പണ്ഡിതമഹത്തുക്കളും ജവാഹിറുല്‍ മആനിയിലെ ഈ വാക്കുകളെ സമീപിച്ചിട്ടില്ല. മറിച്ച്, അവരൊക്കെയും സയ്യിദീ അഹ്‍മദുത്തിജാനി(റ)വിനെ അടുത്തറിയാനായി സയ്യിദീ അലി ഹറാസിം(റ)വിന്റെ ജവാഹിറുല്‍ മആനിയെ ആസ്‍പദമാക്കാനാണ് ഉപദേശിച്ചത്. സുപ്രസിദ്ധ പണ്ഡിതനും ആരിഫുമായ ശൈഖ് യൂസുഫ് നബ്‍ഹാനി(റ) പറയുന്നത് കാണുക :

"...സയ്യിദീ അഹ്‍മദുത്തിജാനി(റ)വിന്റെ ജീവചരിത്രത്തിന്റെ മേലും അവിടുത്തെ ത്വരീഖത്തിന്റെ മേലും അതുമായ ബന്ധപ്പെട്ട അപൂര്‍വ്വമായ നേട്ടങ്ങളുടെ മേലും നിരീക്ഷണം നടത്താന്‍ ഒരുവന്‍ ഉദ്ദേശിച്ചാല്‍ മേല്‍ പ്രസ്‍താവിക്കപ്പെട്ട ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥവും ഇതിന്റെ വശങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹാനവര്‍കളുടെ ഖലീഫയുടെ ഖലീഫയായ സയ്യിദീ ഉമറുല്‍ ഫൂതിയുടെ രിമാഹ് എന്ന കൃതിയും അവന് പാരായണം ചെയ്യാവുന്നതാണ്. ഈ മഹാത്മാക്കളെത്തൊട്ടെല്ലാം അല്ലാഹു തൃപ്‍തിപ്പെടുകയും ഇവരുടെ അനുഗ്രഹം കൊണ്ട് അവന്‍ നമുക്ക് ഉപകാരം നല്‍കുകയും ചെയ്യട്ടെ... ആമീന്‍"

{ജാമിഉല്‍ കറാമാതില്‍ ഔലിയ - 1 : 579}

അങ്ങനെയെങ്കില്‍ എന്തായിരിക്കും മേല്‍ ഉദ്ധരണിയില്‍ സംഭവിച്ചിട്ടുണ്ടാവുക : ഈ ചോദ്യം സ്വാഭാവികമായും ഏതൊരു സത്യവിശ്വാസിക്കും ഉണ്ടാകും. ഇവിടെയാണ് ഏലംകുളത്തെ മഹാകപടനെ നാം തിരിച്ചറിയേണ്ടത്. തന്റെ സ്ഥിരം പല്ലവി പോലെ, ഉദ്ധരണിയെ പൂര്‍ണ്ണമായി ഉദ്ധരിക്കാതെ അതില്‍ കത്തിവെച്ചിരിക്കുന്നു. ഒപ്പം യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തെറ്റിക്കുന്ന അര്‍ത്ഥകല്‍പനയും ടിയാന്‍ നടത്തി. ജവാഹിറിലെ പ്രസ്‍തുത ഉദ്ധരണിയുടെ പൂര്‍ണ്ണരൂപവും ശരിയായ പരിഭാഷയും നമുക്കെന്താണെന്ന് നോക്കാം.

സയ്യിദീ അലി ഹറാസിം(റ) രേഖപ്പെടുത്തിയ പ്രസ്‍തുത വാക്യത്തിന്റെ മൂലഭാഗവും കൃത്യമായ പരിഭാഷയും ഇങ്ങനെയാണ് :


وارغب لمن طالع مكتوبنا هذا ان يغض عنه عين الإنتقاد ويسمح لنا ما يلقاه من التصحيف والتحريف والزيادة والتطفيف ويصفح عما وجد فيه من الخلل ويقابل جهلنا بالصفح والإضاء وحسن العمل
(جواهر المعاني) 

"നമ്മുടെ ഈ ഗ്രന്ഥം അതീവശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്യുന്നവരില്‍ നിന്നും ഞാന്‍ വളരെ വിനയത്തോടെ പ്രതീക്ഷിക്കുന്ന കാര്യം അവരുടെ നിരൂപണദൃഷ്‍ടിയെ ഈ ഗ്രന്ഥത്തെ തൊട്ട് താഴ്ത്തലാണ്. ഇതില്‍ അവര്‍ കണ്ടെത്തുന്ന ലേഖനപ്പിഴവുകള്‍, അക്ഷരപ്പിശകുകള്‍, അമിതപ്രയോഗം, പ്രയോഗന്യൂനത തുടങ്ങിയ കാര്യങ്ങളിലെല്ലാം എനിക്ക് വിട്ടുവീഴ്‍ച ചെയ്യലും അവരില്‍ നിന്നും ഞാന്‍ ആശിക്കുന്നു. അങ്ങനെ അവര്‍ ഈ ഗ്രന്ഥത്തില്‍ എത്തിക്കുന്ന പിഴവുകള്‍ നന്നാക്കിത്തീര്‍ക്കുമെന്നാണ് എന്റെ പ്രതീക്ഷ. നമ്മുടെ അറിവില്ലായ്‍മയെ മാപ്പാക്കുകയും, കണ്ണുചിമ്മുകയും, സത്പ്രവര്‍ത്തനം മുഖേന അവര്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഞാന്‍ പ്രത്യാശിച്ചു പോകുകയാണ്".
(ജവാഹിറുല്‍ മആനി)

കണ്ടില്ലേ, ഇതാണ് യഥാര്‍ത്ഥ പരിഭാഷ. ഗ്രന്ഥകാരന്മാര്‍ സാധാരണ തങ്ങളുടെ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ അതില്‍ സംഭവിക്കാന്‍ പോകുന്ന അബദ്ധങ്ങളും പിഴവുകളും പ്രത്യേകം ഉണര്‍ത്തുകയും അതില്‍ മാപ്പപേക്ഷിക്കുകയും പിഴവുകളെ ഉണര്‍ത്തിത്തരാന്‍ അപേക്ഷിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ഇത്രമാത്രമേ മഹാനായ സയ്യിദീ അലി ഹറാസിം(റ)വും ഉദ്ദേശിച്ചിട്ടുള്ളൂ.

എന്നാല്‍ ഏലംകുളം സഖാഫി അതിനെ മറ്റൊരു രൂപത്തില്‍ അര്‍ത്ഥകല്‍പന നടത്തി. സയ്യിദുനാ(റ)വിന്റെ പേരില്‍ പലതും കൂട്ടിച്ചേര്‍ത്തതായും കുറവുവരുത്തിയതായും പരസ്യമായി സമ്മതിച്ചുവെന്നാണ് ഈ വാചകത്തിലൂടെ അയാള്‍ കണ്ടെത്തിയത്. ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍ ? ഈ വരികളില്‍ സയ്യിദീ അഹ്‍മദുത്തിജാനി(റ)വിനെക്കുറിച്ചുള്ള പരാമര്‍ശം പോലുമില്ല. തന്റെയും തന്റെ കൂട്ടുകക്ഷികളുടെയും തട്ടിപ്പുസ്വഭാവം മഹാത്മാക്കളിലും കണ്ടെത്താന്‍ ശ്രമിച്ചതാണ് ഈ പമ്പരവിഡ്ഢിക്ക് സംഭവിച്ചത്. മഞ്ഞക്കണ്ണട വെച്ച് നോക്കിയാല്‍ കാണുന്നതെല്ലാം മഞ്ഞയായി കാണുമല്ലോ!!!

ഈ പ്രസ്‍താവനയുടെ തൊട്ടടുത്തുള്ള വരികള്‍ കൂടി പരിശോധിച്ചാല്‍ ഏലംകുളം സഖാഫിയുടെ കാപട്യവും ഗൂഢലക്ഷ്യവും കൂടുതല്‍ വെളിവാകും. അതുകൊണ്ടാണ് ആ വരികള്‍ അയാള്‍ മുക്കിയതും. പ്രത്യേകിച്ചും ആ വരികളില്‍ മേല്‍പ്രസ്‍താവനയിലെ അപേക്ഷയുടെ കാരണം ബോധിപ്പിക്കുന്നുണ്ട്. ആ കാരണം മനസ്സിലാക്കിയ ഏതൊരാള്‍ക്കും ഗ്രന്ഥത്തില്‍ കടന്നുവരുന്ന വ്യാകരണസംബന്ധമോ ലിഖിതസംബന്ധമോ ആയ പിഴവുകളെയും കുറവുകളെയുമാണ് സയ്യിദീ അലി ഹറാസിം(റ) ഉദ്ദേശിച്ചതെന്ന് വളരെ വേഗം തിരിച്ചറിയാനാകും. ഏലംകുളം സഖാഫി മനഃപൂര്‍വ്വം ഒഴിവാക്കിയ സയ്യിദീ അലി ഹറാസിം(റ)വിന്റെ  ആ വാക്കുകളെക്കൂടി നമുക്കൊന്ന് പരിശോധിക്കാം :


فإنا لسنا من أهل العلم ودرايته، ولا من أهل النحو وصناعته، وإنما حملنا على ذلك شدة حبنا في أهل هذا الجانب، وتعلقنا بهؤلاء الأحباب
(جواهر المعاني) 

"കാരണം, വിജ്ഞാനത്തിന്റെയോ അതിന്റെ ശാസ്‍ത്രീയതയുടേയോ ഉടമയല്ല നാം. അപ്രകാരം തന്നെ വ്യാകരണത്തിന്റെയോ അതിന്റെ സാങ്കേതികതയുടേയോ വക്താവുമല്ല. മറിച്ച് ഈ മഹത്തായ മേഖലയുടെ അവകാശികളോടുള്ള നമ്മുടെ ദൃഢമായ സ്‍നേഹവും ആ ഇലാഹീപ്രേമികളോടുള്ള നമ്മുടെ ബന്ധവും മാത്രമാണ് ഈ ഗ്രന്ഥരചനയിലേക്ക് നമ്മെ പ്രേരിപ്പിച്ചത്. ഒരുവന്‍ തനിക്ക് വേണ്ടി ഒഴിവുകഴിവ് സമ‍ര്‍പ്പിക്കുകയാണെങ്കില്‍, അവന്‍ തന്നെ സംബന്ധിച്ച അധിക്ഷേപത്തെ തട്ടിമാറ്റുന്നതാണ്".
(ജവാഹിറുല്‍ മആനി)

കണ്ടില്ലേ, മുകളില്‍ സൂചിപ്പിച്ച പിഴവുകളും കുറവുകളും സംഭവിച്ചത് വൈജ്ഞാനികബാന്ധവവും വ്യാകരണബന്ധവും കുറവായതിനാലാണെന്നാണ് മഹാന്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും ഈ മഹത്തായ മേഖലയിലേക്ക് താന്‍ കാലെടുത്ത് വെക്കാന്‍ കാരണം ത്വരീഖത്തിന്റെ മേഖലയിലേക്കുള്ള അദമ്യമായ സ്‍നേഹവും ബന്ധവും കൊണ്ട് മാത്രമാണെന്നും ശൈഖവര്‍കള്‍ സൂചിപ്പിക്കുന്നു. ഈ ഒരൊറ്റ വാചകം തന്നെ മതി, ഏലംകുളം സഖാഫിയുടെ കാപട്യം വെളിവാകാന്‍. അല്ലാഹു ഇത്തരം കപടന്മാരുടെ തട്ടിപ്പുകളില്‍ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... ആമീന്‍