പരിശുദ്ധ അഹ്മദിയ്യഃ തിജാനിയ്യഃ അറിവിന്റെയും ആത്മജ്ഞാനത്തിന്റെയും
കര്‍മ്മത്തിന്റെയും നിഷ്കളങ്കതയുടെയും ത്വരീഖത്താണ്. തിരുനബിrയുടെ കല്പനപ്രകാരം ഹിജ്റഃ 1197ല്‍ സയ്യിദീ അഹ്മദ് തിജാനിt സ്ഥാപിച്ച ഈ മഹത്തായ ആത്മീയസരണി പരിശുദ്ധ ശരീഅത്തിന്റെ ശക്തമായ അടിത്തറയിലാണ്
സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ത്വരീഖത്തുകളിലൊന്നായി ഇത്
അറിയപ്പെടുന്നു. ഈ ത്വരീഖത്തിനെ മുറുകെപ്പിടിച്ച പണ്ഡിതന്മാരൊക്കെയും തങ്ങളുടെ
നാടുകളിലെ മുസ്ലിം ജനവിഭാഗത്തിന്റെ ദീനിലും വിജ്ഞാനത്തിലുമുള്ള അത്താണികളും
അവലംബങ്ങളുമാണെന്നത് അവിതര്‍ക്കിതമാണ്. ആഫ്രിക്കന്‍ വന്‍കരയിലെ ഇസ്ലാമിക
പ്രബോധനത്തിനും വൈജ്ഞാനികമുന്നേറ്റത്തിനും മുഖ്യപങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന
പ്രസ്ഥാനം കൂടിയാണ് പരിശുദ്ധ തിജാനിയ്യഃ. പണ്ഡിതസരണി എന്ന പേരിലാണത്രെ
അവിടെ ഈ മഹത്തായ ത്വരീഖത്ത് അറിയപ്പെടുന്നത്. രണ്ട് നൂറ്റാണ്ടുകള്‍
കഴിയുമ്പോഴേക്ക് ത്വരീഖത്തിന് വേണ്ടി മാത്രം രചിക്കപ്പെട്ട മൂവായിരത്തിലധികം
വരുന്ന ഗ്രന്ഥങ്ങള്‍ മാത്രം മതി തിജാനിയ്യയുടെ വൈജ്ഞാനികബന്ധം മനസ്സിലാക്കാന്‍.
മറ്റ് ത്വരീഖത്തുകളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് അത്യുന്നതി
പ്രാപിച്ച ഈ ത്വരീഖത്തിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ഗഹനമായ പഠനം തന്നെ
വേണ്ടിവരും.
തിജാനിയ്യഃ ത്വരീഖത്തിനെക്കുറിച്ച് പഠിക്കാനാരായുന്നതിന് മുമ്പ്
തസ്വവ്വുഫിനെക്കുറിച്ചുള്ള പ്രാഥമികമായ പരിചയമെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
മോശപ്പെട്ടതും വിലക്കപ്പെട്ടതുമായ സ്വഭാവങ്ങളില്‍ നിന്നും ആത്മാവിനെ ശുദ്ധീകരിച്ച്, അല്ലാഹുIവിന്റെ ഔദാര്യത്തെയും കാരുണ്യത്തെയും പ്രീതിയെയും ലക്ഷ്യം വെച്ച് ആരാധനകളെ
ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുകയാണല്ലോ തസ്വവ്വുഫിന്റെ ലക്ഷ്യം. മഹത്തായ ഈ
ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിപ്പെടാനായി പരിശുദ്ധ ഖുര്‍ആനും
തിരുസുന്നത്തുമനുസരിച്ച് വഴികാട്ടിത്തരുന്ന ഒരു ആത്മീയഗുരു നമുക്ക് അനിവാര്യമാകും.
ഫിഖ്ഹിലും അഖീദയിലുമെല്ലാം തിരുനബിr തങ്ങളുടെ അധ്യാപനങ്ങളെ ശരിയായി സ്വായത്തമാക്കുവാന്‍ നാമൊരു ഇമാമിനെ
പിന്തുടരുന്നത് പോലെ ഈ മേഖലയിലും നമുക്ക് ഒരു ആത്മീയഗുരു കൂടിയേ തീരൂ. അല്ലാത്ത
പക്ഷം നാം എത്തിച്ചേരുക നാശത്തിലേക്കായിരിക്കും. കര്മ്മശാസ്ത്രത്തിലും
വിശ്വാസശാസ്ത്രത്തിലും ഇമാമീങ്ങളെ പിന്തുടരാത്തവര്‍ ആരാണെന്നും അവരുടെ
അബദ്ധങ്ങളും വഴികേടും എത്രമാത്രം ഗൗരവമാണെന്നതും നമുക്ക് അറിയാവുന്നതാണല്ലോ.
സ്വന്തമായി പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കാന്‍
സാധിക്കുമെന്ന് അവകാശപ്പെട്ട് കൊണ്ടിരിക്കുന്ന വഹാബി-ഇഖ്വാനീ-ദയൂബന്തികളുടെ
പോക്ക് ദിനങ്ങള്‍ കഴിയുന്തോറും വഴികേടില്‍ നിന്നും വഴികേടിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുകയാണെന്നത് അനുഭവമാണല്ലോ. ഇതേ അവസ്ഥ തന്നെയാണ് തസ്വവ്വുഫിലും.
ഈ മഹത്തായ മേഖലയിലും ഒരു ഇമാമിനെ അനുഗമിക്കാത്ത പക്ഷം പിഴച്ച വിശ്വാസങ്ങളിലേക്കും
അസ്വീകാര്യമായ പ്രവര്‍ത്തനത്തിലേക്കും നാം ആപതിക്കുക തന്നെ ചെയ്യും.
ഫിഖ്ഹ് എന്ന മഹത്തായ വിജ്ഞാനശാഖയില്‍ ഇമാമുനാ ശാഫിഈt,
ഇമാം മാലിക്t, ഇമാം അബൂഹനീഫഃt, ഇമാം അഹ്മദ് ബ്നു ഹന്ബല്t തുടങ്ങിയ ഗവേഷണപ്പടുക്കളായ മഹാത്മാക്കള്‍ക്കുള്ള സ്ഥാനത്തിന് തുല്യമാണ്
തസ്വവ്വുഫില്‍ ഗവേഷകരായ ശൈഖ് ജുനൈദ്t, ശൈഖ് ജീലാനിt, ശൈഖ് രിഫാഈt, ശൈഖ് ശാദുലിt തുടങ്ങിയ പതിനായിരക്കണക്കോളം വരുന്ന മഷാഇഖുമാര്ക്കുള്ള സ്ഥാനവും. അപ്രകാരം
തന്നെ ഫിഖ്ഹിലെ ഇമാമീങ്ങളുടെ സരണികളെ മദ്ഹബുകളെന്ന് പറയപ്പെടാറുള്ളത് പോലെ
തസ്വവ്വുഫിലെ മഷാഇഖുമാരുടെ സരണികളെ ത്വരീഖത്തുകളെന്നും അറിയപ്പെടുന്നു. കര്‍മ്മശാസ്ത്രത്തിന്റെ
ഇമാമീങ്ങളുടെ സരണികള്‍ തമ്മില്‍ സാമ്യതയും വൈജാത്യവും കാണാറുള്ളത് പോലെ
അദ്ധ്യാത്മീകശാസ്ത്രത്തിലെ മഷാഇഖുമാരുടെ ആത്മീയശിക്ഷണങ്ങള് തമ്മിലും സാമ്യതകളും
വ്യത്യാസങ്ങളും കാണാവുന്നതാണ്. ഓരോ മഹത്തുക്കളും പരിശുദ്ധ ഖുര്‍ആനില്‍ നിന്നും
പ്രവാചകാദ്ധ്യാപനങ്ങളില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യുന്നതാണ് അവയൊക്കെ തന്നെയും.
ഏകാന്തമായി ദിക്റുകളില്‍ മുഴുകുക, തിരുനബിr തങ്ങളുടെ മേലുള്ള സ്വലാത്
അധികരിപ്പിക്കുക,
ശക്തമായ ആത്മപരിശീലനമുറകളിലേര്പ്പെടുക, ആതുരസേവനം നടത്തുക,
ഇലാഹീപ്രേമത്തിലൂടെ ദേഹേച്ഛയെ വകവരുത്തുക തുടങ്ങി അല്ലാഹുIവിലേക്ക് അടുക്കുവാന്‍ നിരവധി
വ്യത്യസ്ഥമാര്ഗ്ഗങ്ങളാണ് ഓരോ ത്വരീഖത്തും ഉപയോഗപ്പെടുത്തുന്നത്. അവയെല്ലാം തന്നെ തിരുനബിr തങ്ങളുടെ അധ്യാപനത്തിന്റെ
അടിസ്ഥാനത്തിലായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്ഥ നദികള്‍ കടലിലേക്ക്
ചെന്ന് ചേരുന്നത് പോലെ എല്ലാത്തിന്റെയും മടക്കസ്ഥലം തിരുനബിr തങ്ങള്‍ തന്നയാണ്.
സയ്യിദീ അഹ്മദ് തിജാനിt നീണ്ട കാലം വൈജ്ഞാനികാത്മീയപ്രയാണങ്ങള് നടത്തുകയും അവസാനം അബൂസംഗൂന്‍
എന്ന വിജനദേശത്ത് എത്തിപ്പെട്ട് ഏകാന്തവാസം നയിക്കുകയും ചെയ്ത അവസരത്തില്‍ തിരുനബിr തങ്ങളുടെ കല്പനപ്രകാരം മഹാനവര്കള്
സ്ഥാപിച്ച ആത്മീയസരണിയാണ് പരിശുദ്ധ തിജാനിയ്യഃ. ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകനായി
കഴിയുന്നതില്‍ വിമുഖത കാട്ടിയിരുന്ന സയ്യിദുനാtവിനോട് പണ്ഡിതപാമരനെന്നോ സ്ത്രീപുരുഷനെന്നോ
വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളെയും ആത്മശിക്ഷണം നടത്തുവാന്‍ തിരുനബിr ആജ്ഞാപിക്കുകയായിരുന്നു. എല്ലാ
ഔറാദുകളുടെയും സത്തയും രഹസ്യയും ആത്മാവും സ്വാംശീകരിച്ച അഹ്മദിയ്യഃ ഔറാദുകള്‍
മുഖേന, അങ്ങനെ മഹാനവര്കള് തന്റെ ത്വരീഖത്തില്‍ ആത്മീയശിക്ഷണം നടത്തിത്തുടങ്ങി.
ഏതായാലും വളരെ ലളിതമാണ് പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തില്‍ ലക്ഷ്യസാഫല്യം
നേടാനുപയോഗിക്കുന്ന പാത. കഠിനമായ ആത്മീയപരിശീലനമുറകളോ ഏകാന്തജീവിതമോ ഈ മഹത്തായ
ത്വരീഖത്തില്‍ നിര്ബന്ധനമായോ നിബന്ധനയായോ കാണുകയില്ല. മറിച്ച് ഏതൊരു വ്യക്തിക്കും
ആജീവനാന്തകാലം ബുദ്ധിമുട്ടില്ലാതെ അനുവര്‍ത്തിക്കാവുന്ന ഔറാദുകളുടെ മാര്‍ഗ്ഗം
മാത്രമാണിത്.
പരിശുദ്ധ തിജാനിയ്യത്തടക്കം ഏതൊരു ആത്മീയപാതയിലേക്ക് പ്രവേശിക്കുന്നവനായാലും
അത്തരക്കാരന് തസ്വവ്വുഫിന്റെ ഭാഷയില്‍ അറിയപ്പെടുന്നത് സാലിക് എന്നാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് അല്ലാഹുIവുമായി പ്രത്യേക അടുപ്പം കാംക്ഷിക്കുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് പരിശുദ്ധ
ശരീഅത്തിന്റെ വിധിവിലക്കുകള്‍ക്ക് പുറമെ തങ്ങളുടെ മഷാഇഖുമാരുടെ കല്പനകളും
നിരോധനങ്ങളും കൂടി ബാധകമായിത്തീരും. പരിപൂര്‍ണ്ണമായും പരിശുദ്ധ ശരീഅത്തിന്
അനുസൃതമായി വരുന്ന ഇത്തരം വിധിവിലക്കുകള്‍ സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു
പക്ഷെ ബാധകമായിക്കൊള്ളണമെന്നില്ല. മറിച്ച് തന്റെ കീഴിലുള്ള മുരീദിന്റെ ഉയര്‍ച്ചക്കായി
ശൈഖ് നിര്‍ണ്ണയിക്കുന്നവയായിരിക്കും അവയൊക്കെയും. ഇത്തരം നിബന്ധനകളില്‍
ത്വരീഖത്തുകളൊക്കെയും നാനാത്വം വെച്ച് പുലര്‍ത്തുന്നു. ചില ത്വരീഖത്തുകളിലെ
നിബന്ധനകള്‍ ഒരു പക്ഷെ മറ്റു ത്വരീഖത്തുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്രകാരം
തന്നെ ചില നിബന്ധനകളില്‍ ചില ത്വരീഖത്തുകള്‍ യോജിക്കുന്നതും കാണാവുന്നതാണ്.
ഏതായാലും,
പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവന്
ഇപ്രകാരം തനിക്ക് ബാധകമായിത്തീരുന്ന നിബന്ധനകളെ സംബന്ധിച്ച് ബോധവാനാകേണ്ടതുണ്ട്.
പ്രത്യേകിച്ചും തന്റെയും തന്റെ ശൈഖിന്റെയും ഇടയിലുള്ള ബന്ധത്തെ വിച്ഛേദിപ്പിച്ച്
കളയുന്ന തരത്തിലുള്ളവയെ വളരെ വ്യക്തമായി അറിഞ്ഞിരിക്കണം. പരിശുദ്ധ
തിജാനിയ്യയിലാകട്ടെ ഇപ്രകാരം മുരിദിന് ബാധകമാവുന്ന നിരവധി നിബന്ധനകളുണ്ടാകും.
അവയെക്കുറിച്ചെല്ലാം വിശദമായി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും അവയില്‍
ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടവയുണ്ട്. അത്തരം കാര്യങ്ങളെ വളരെ ലഘുവായ
വാക്യങ്ങളില്‍ ഒതുക്കി പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുത്തിയ മഹാത്മാക്കളുണ്ട്.
അത്തരമൊരു മഹാത്മാവിന്റെ സ്ഥൂലവചനമാണ് താല്‍ക്കാലികമായി പരിശുദ്ധ തിജാനിയ്യയെ
സംബന്ധിച്ച് പരിചയപ്പെടാനായി ഇവിടെ ഉപയോഗിക്കുന്നത്. മൊറോക്കോ രാജ്യത്തിന്റെ
ഖാദ്വി സ്ഥാനം വഹിച്ചിരുന്ന, അത്യുജ്ജ്വല പണ്ഡിതനും
അനുഗ്രഹീതമായ തൂലികയുടെ ഉടമയും തന്റെ കാലഘട്ടത്തിലെ സുയൂത്വിയുമായ അല്ലാമഃ സയ്യിദീ
അഹ്മദ് ബ്നു അയ്യാഷി സുകൈറിജ് അല്‍ അന്‍സാരിt വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് പരിശുദ്ധ തിജാനിയ്യയെ ഇങ്ങനെ
പരിചയപ്പെടുത്തുന്നു :
നമ്മുടെ
ത്വരീഖത്തായ തിജാനിയ്യഃ യഥാര്‍ത്ഥത്തില്‍ ഒരു ദിക്റാകുന്നു. ഇതിന്റെ അദ്കാറുകള്‍
തിജാനിയ്യഃ ത്വരീഖത്തിന്റെ പ്രതിജ്ഞാബന്ധനം സിദ്ധിച്ചത് മുതല്‍ മരണം വരെയും നിര്‍ബന്ധമായിത്തീരും.
ഈ ത്വരീഖത്തിന് കുറെ നിബന്ധനകളുണ്ട്. നിര്‍ബന്ധ നിസ്കാരത്തെ അതിന്റെ സമയത്ത്
തന്നെ നിര്‍വ്വഹിക്കുന്നതിനെ കാത്തുസൂക്ഷിക്കുകയും, തിരുനബിr തങ്ങളുടെ
സ്വഹാബതും സയ്യിദീ അഹ്‍മദുത്തിജാനിtവിന്റെ
അനുയായികളുമല്ലാത്ത ഔലിയാക്കളില്‍പ്പെട്ട ജീവിച്ചതോ മരിച്ചതോ ആയ ഒരു വലിയ്യിനെയും
ഒരിക്കലും സന്ദര്ശിക്കാതിരിക്കലുമാണ് ആ നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ.
ആരെങ്കിലും തിജാനിയ്യഃ ത്വരീഖത്തിന്റെ കരാറിലൂടെ ബന്ധനസ്ഥനാവുകയും പിന്നീടും
മറ്റൊരു ത്വരീഖത്തിനെ സ്വീകരിക്കുകയും ചെയ്യുന്ന പക്ഷം തന്റെ നാശത്തെ അവന്
ഭയക്കേണ്ടി വരും.
മഹാനായ ഇമാം അഹ്മദ് സുകൈറിജ്t പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുത്താനുപയോഗിച്ച മേല്‍പ്പറയപ്പെട്ട വചനങ്ങള്‍
വളരെയധികം വിശദീകരണം ഉള്‍ക്കൊള്ളുന്നുണ്ട്. ആദ്യവാചകം കൊണ്ട് മഹാനവര്കള് സൂചിപ്പിക്കുന്നത്
ആത്മീയപ്രയാണത്തിനായി പരിശുദ്ധ തിജാനിയ്യഃ ആസ്പദമാക്കുന്ന മാര്‍ഗ്ഗമാണ്. ലോകത്ത് ആയിരക്കണക്കിന്
വിശുദ്ധമായ ത്വരീഖത്തുകളുണ്ട്. എല്ലാ സരണികളുടെയും ലക്ഷ്യം ഇലാഹീസാമീപ്യം കരഗതമാക്കലാണ്.
ഈ ലക്ഷ്യപ്രാപ്തിക്കായി ഒരോ ത്വരീഖത്തും വ്യത്യസ്ഥ പാതകളാണ് സ്വീകരിക്കുക. പരിശുദ്ധ
തിജാനിയ്യത്തിലാകട്ടെ,
സകല ആത്മീയസരണികളുടെയും അദ്കാറുകളുടെ സത്തയെക്കൊണ്ടാണ് ലക്ഷ്യപ്രയാണം
നടത്തുന്നത്. ഇസ്തിഗ്ഫാര്‍, തിരുനബിr തങ്ങളുടെ മേലുള്ള സ്വലാത്, ലാഇലാഹ ഇല്ലല്ലാഹ് തുടങ്ങിയവയാണവ. ഇവയുടെ മഹത്വം പരിശുദ്ധ ഖുര്‍ആനാലും തിരുസുന്നത്തിനാലുമുള്ള
ഖണ്ഡിതപ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇതാണ് അല്ലാമഃ അഹ്മദ് സുകൈറിജ്t പ്രസ്താവനയായ "നമ്മുടെ ത്വരീഖത്തായ
തിജാനിയ്യഃ യഥാര്‍ത്ഥത്തില്‍ ഒരു ദിക്റാകുന്നു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
(അല്ലാഹുI അഅ്ലം)
ഈ മഹത്തായ പാത സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന് കൊണ്ട് ബൈഅത്ത് സ്വീകരിക്കുന്നതോടെ
തിജാനിയ്യത്തിന്റെ ഔറാദുകള്‍ അവന് നിര്‍ബന്ധമായിത്തീരുന്നതാണ്. കാരണം മരണം വരെയും ഇവകള്‍
ചൊല്ലിക്കൊള്ളാമെന്നാണ് ബൈഅത്തിന്റെ അവസരത്തില്‍ ശൈഖ് മുഖാന്തിരമായി അല്ലാഹുIവിനോട് പ്രതിജ്ഞ ചെയ്യപ്പെടുന്നത്. തല്‍ഫലമായി
നേര്‍ച്ചയുടെ വിധിയാണ് ഇതിന്റെ ഔറാദുകളില്‍ ബാധകമാവുക. തല്‍ഫലമായി ഔറാദുകള്‍ മുടക്കിയാല്‍
ഖദ്വാഅ് വീട്ടേണ്ടി വരും. ഒഴിവാക്കിയതിലൂടെ കുറ്റക്കാരനാവുകയും ചെയ്യും. അതാണ് ബഹുമാനപ്പെട്ടവര്‍
വ്യക്തമാക്കിയത് : "ഇതിന്റെ അദ്കാറുകള്‍ തിജാനിയ്യഃ ത്വരീഖത്തിന്റെ പ്രതിജ്ഞാബന്ധനം
സമ്പാദിച്ചത് മുതല്‍ മരണം വരെയും നിര്‍ബന്ധമായിത്തീരുന്നതാണ്" (അല്ലാഹുI അഅ്ലം)
ഇപ്രകാരം തിജാനിയ്യത്തിന്റെ ഔറാദുകള്‍ ഏറ്റെടുക്കുവാനുദ്ദേശിക്കുന്നവന് അഥവാ ഈ
ത്വരീഖത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകുന്നവര്‍ ചില നിബന്ധനകള്‍ക്ക് വിധേയരാകേണ്ടി
വരും. അവയുടെ കൂട്ടത്തില്‍ സുന്നത്തായ കാര്യങ്ങളെ നിര്‍ബന്ധബാദ്ധ്യതയായി ഏറ്റെടുക്കലോ
കറാഹത്തോ മുബാഹോ ആയ കാര്യങ്ങളെ കണിശമായും ഒഴിവാക്കലോ ഉണ്ടാകും. ഇത്തരത്തിലുള്ളത് മുസ്ലിം
പൊതുജനങ്ങളുടെ മേല്‍ നിര്‍ബന്ധമായി ബാധകാവുന്നതല്ല, മറിച്ച് ഈ ത്വരീഖത്തിന്റെ വക്താക്കളുടെ മേല്‍ ഏര്പ്പെടുത്തപ്പെട്ടവയാണ്. "ഈ
ത്വരീഖത്തിന് കുറെ നിബന്ധനകളുണ്ട്" എന്ന സയ്യിദീ അഹ്മദ് സുകൈറിജിtവിന്റെ തങ്ങളുടെ തുടര്‍ന്നുള്ള വാക്കുകള്‍
സൂചിപ്പിക്കുന്നത് ഇതിലേക്കാണ്. കാരണം ഈ മഹത്തായ പാതയിലൂടെ ആത്മീയപ്രയാണം നടത്തുമ്പോള്‍
നമ്മുടെ ആത്മാവിന്റെ ഉയര്‍ച്ചക്ക് വേണ്ട കാര്യങ്ങളാണ് നമ്മുടെ മാര്‍ഗ്ഗദര്‍ശിയായ ശൈഖ്t കല്പിക്കുന്നതും നിരോധിക്കുന്നതും. പരിശുദ്ധ
ശരീഅത്തിന്റെ അടിത്തറയുടെ മേലായി ശക്തിപ്പെട്ടതായിരിക്കും ഈ നിബന്ധനകളെല്ലാം തന്നെ.
നിരവധി നിബന്ധനകള്‍ പരിശുദ്ധ തിജാനിയ്യത്തില് കാണാനാകുമെന്ന് പറഞ്ഞല്ലോ. അവയൊക്കെയും
നമ്മുടെ ഉലമാഅ്tവും കോഡീകരിച്ചിട്ടുണ്ട്. പ്രാഥമികമായി പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുന്നവര്‍
ഈ ത്വരീഖത്തിന്റെ അതിപ്രധാനമായ നിബന്ധനകളെ സംബന്ധിച്ച് പൂര്‍ണ്ണമായ നിലയില്‍ ബോധവാന്മാരാകേണ്ടതുണ്ട്.
മറ്റ് ത്വരീഖത്തുകളില്‍ നിന്നും പരിശുദ്ധ തിജാനിയ്യയെ വേര്‍തിരിക്കുന്നതും അതിന്റെ
അസ്ഥിവാരങ്ങളുമായ നിബന്ധനകളാണിവ. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ച് വഖ്ത് നിസ്കാരം
കൃത്യസമയത്ത് തന്നെ സാധിക്കുമെങ്കില്‍ ജമാഅത്തോട് കൂടി നിര്‍വ്വഹിക്കുന്നതിനെ കാത്തുസൂക്ഷിക്കലാണ്.
അഞ്ച് വഖ്ത് നിസ്കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധവാനായവന് അല്ലാഹുIവിന്റെ പ്രത്യേകസാമീപ്യത്തിനായുള്ള ആത്മീയസരണിയിലേക്കുള്ള
പ്രവേശനം കൊണ്ട് യാതൊന്നും നേടാനില്ല. കാരണം ത്വരീഖത്തുകളുടെ ലക്ഷ്യം തന്നെ പരിശുദ്ധ
ശരീഅത്തിലെ നിര്‍ബന്ധ കര്മ്മങ്ങളിലുറച്ച് നില്ക്കലോടൊപ്പം സുന്നത്തായ കര്‍മ്മങ്ങളെ
അധികരിപ്പിച്ച് കൊണ്ട് അല്ലാഹുIവിന്റെ പ്രത്യകപ്രീതി ലക്ഷ്യമാക്കലാണ്. അല്ലാഹുI തൊട്ട് തിരുനബിr തങ്ങള്‍ ഒരു ഖുദ്സിയ്യായ ഹദീസില്‍ ഇപ്രകാരം
വന്നിരിക്കുന്നു.
"എന്റെ അടിമയുടെ മേല്‍ ഞാന്‍ നിര്ബന്ധമാക്കിയവയെക്കാള് എനിക്ക്
പ്രിയങ്കരമായ ഒന്നു കൊണ്ടും അവന് എന്നിലേക്ക് സമീപ്യം സിദ്ധിച്ചിട്ടില്ല. ഞാനവനെ സ്നേഹിക്കുന്നിടത്തോളം
ഐച്ഛികമായ കാര്യങ്ങളിലൂടെ എന്റെ അടിമ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും.
അങ്ങനെ ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന് ശ്രവിക്കാനുപയോഗിക്കുന്ന അവന്റെ ശ്രവമായും ദര്‍ശനത്തിനുപയോഗിക്കുന്ന
അവന്റെ ദൃഷ്ടിയായും ഞാനായിത്തീരും".
ഈ ഹദീസിലൂടെ നിര്ബന്ധകര്മ്മങ്ങളാണ് അല്ലാഹുIവിന് ഏറ്റവും പ്രിയങ്കരമെന്നും അതോടൊപ്പം
ഐച്ഛികമായ പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കുമ്പോള്‍ മാത്രമാണ് അവനോട് സാമീപ്യം സിദ്ധിക്കാനാവുകയെന്നും
വളരെ വ്യക്തമായി നമുക്ക് ഗ്രഹിക്കാന്‍ സാധിക്കും. നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് നേരത്തെ
നിസ്കാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തവന് അല്ലാഹുIവിന്റെ മാര്‍ഗ്ഗത്തിലൊന്നും നേടാനാകില്ല.
അവന്റെ ഒരു അമലും സ്വീകരിക്കപ്പെടുകയുമില്ല. എന്തിനധികം മലിനജീവികളെക്കാള് അധമമായ
ഒരു സ്ഥാനത്തായിരിക്കും അവന്. ആയതിനാല്‍ അഞ്ച് വഖ്ത് നിസ്കാത്തിന്റെ കാര്യത്തില്‍
ശ്രദ്ധ ചൊലുത്താത്തവന് ഈ ത്വരീഖത്തിലേക്ക് പ്രവേശനമില്ല. ഇതിലേക്ക് ഉണര്‍ത്തിക്കൊണ്ടാണ്
സയ്യിദീ അഹ്മദ് സുകൈറിജ്t പരിശുദ്ധ തിജാനിയ്യത്തിന്റെ പ്രധാനപ്പെട്ട നിബന്ധനകളുടെ കൂട്ടത്തില്‍ ആദ്യമായി
ഇങ്ങനെ പ്രസ്താവിച്ചത്. "അവയിലേറ്റവും പ്രധാനപ്പെട്ടവ നിസ്കാരത്തെ അതിന്റെ
സമയത്ത് തന്നെ നിര്‍വ്വഹിക്കുന്നതിനെ കാത്ത്സൂക്ഷിക്കലാണ്".
ശേഷം ബഹുമാനപ്പെട്ടവര്‍ ഇങ്ങനെ വ്യക്തമാക്കുന്നു : "തിരുനബിr തങ്ങളുടെ സ്വഹാബത്തും സയ്യിദീ
അഹ്മദ് തിജാനിt തങ്ങളുടെ അനുയായികളുമല്ലാത്ത ജീവിച്ചതോ മരിച്ചവരോ ആയ ഔലിയാക്കളില്‍ ഒരാളെയും ഒരിക്കലും
സന്ദര്ശിക്കാതിരിക്കലുമാകുന്നു". പരിശുദ്ധ തിജാനിയ്യത്തിലെ
വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനയാണിതും. ഒരു മുറബ്ബിയായ ശൈഖിന്റെ കീഴില്‍ തന്റെ ആത്മീയവിജയത്തിനും
ലക്ഷ്യപ്രാപ്തിക്കുമായി സ്വയം സമര്‍പ്പിക്കുന്ന മുരീദ് തന്റെ ശൈഖിന്റെ കല്പനകളെ ശിരസ്സാവഹിക്കുകയും
നിരോധനങ്ങളെ വെടിയുകയും ചെയ്യേണ്ടതുണ്ട്. പരിശുദ്ധ ശരീഅത്തിന് അനുസൃതമായി മുരീദിന്റെ
ആത്മീയോന്നതിയെ ലക്ഷ്യം വെച്ചായിരിക്കും ഇത്തരം കല്പനകളും നിരോധനകളുമൊക്കെ ശൈഖ് പുറപ്പെടുവിക്കുക.
ഇങ്ങനെ ത്വരീഖത്തിന്റെ മഷാഇഖുമാര്‍ സാധാരണ ഏര്‍പ്പെടുത്താറുള്ള ഒരു അച്ചടക്ക നടപടിയാണ്
മുരീദുമാരെ മറ്റ് ആത്മീയശിക്ഷകരെയോ മഹാത്മാക്കളെയോ സന്ദര്ശിക്കുന്നതിനെത്തൊട്ട് തടയുക
എന്നത്. എന്തെന്നാല്‍ മുരീദിന് കണക്കാക്കപ്പെട്ട ഉപകാരസ്രോതസ്സുകളെപ്പറ്റി അല്ലാഹുI അറിവുകൊടുത്ത സത്യസന്ധനായ ഭിഷഗ്വരനാണ്
ശൈഖ്. അത് കൊണ്ട് തന്നെ അല്ലാഹുI കണക്കാക്കിയ ഫലങ്ങള്‍ ഏതൊരാളുടെ കരങ്ങളിലൂടെ ലഭ്യമാകുന്നുവോ അവരെ യഥാര്‍ത്ഥമായ
ദിവ്യജ്ഞാനത്തിന്റെ പാതിയിലൂടെ ശൈഖ് മനസ്സിലാക്കിയിരിക്കും. അത്തരക്കാരെ സന്ദര്ശിക്കുന്നതിലായിരിക്കും
മുരീദിനെ ശൈഖ് വ്യാപൃതനാക്കുക. ഈ നിരോധനത്തിന് പിന്നിലെ യുക്തിയെക്കുറിച്ച് ഇമാം ശഅ്റാനിt ചൂണ്ടിക്കാട്ടിയതാണിത്. മാത്രമല്ല, മറ്റ് മഷാഇഖുമാരെ സന്ദര്‍ശിക്കാന്‍ പോകുന്ന മുരീദ് തന്റെ ശൈഖില്‍ കാണാത്ത എന്തെങ്കിലും
ഒരു പ്രത്യേകതയോ അത്ഭുതമോ മഹത്വമോ കാണുന്ന പക്ഷം തന്റെ ശൈഖില്‍ ന്യൂനത കണക്കാക്കും.
അതോടൊപ്പം തന്റെ ശൈഖിനെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുകയോ ഉറപ്പിക്കുകയോ ചെയ്യും. ത്വരീഖത്തിന്റെ
ഉലമാക്കളുടെ വീക്ഷണത്തില്‍ ഇത് മഹാപാതകമായാണ് കണക്കാക്കപ്പെടുന്നത്. ശൈഖ് അബുല്‍ ബറകാത്
അദ്ദര്ദീര് അല്‍ ഖല്‍വതിt തന്റെ അല്‍ ഖരീദത്തുല്‍ ബഹിയ്യഃ എന്ന ഗ്രന്ഥത്തില്‍ ത്വരീഖത്തിന്റെ വക്താക്കളുടെ
മര്യാദകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു :
"പൂര്‍ണ്ണത കൈവരിക്കുന്നതിന്
മുമ്പായി ആത്മീയശിക്ഷണത്തിന് കീഴിലായി നിലകൊള്ളുന്നിടത്തോളം കാലം മുരീദ് സ്വാലിഹീങ്ങളില്‍
നിന്നുള്ള ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നത് ത്വരീഖത്തിന്റെ വക്താക്കളുടെ മര്യാദകളില്‍
പെട്ടതാണ്. തന്റെ ശൈഖില്‍ കണ്ടിട്ടില്ലാത്ത വല്ല അത്ഭുതമോ സ്വഭാവമഹിമയോ താന്‍ സന്ദര്‍ശിക്കുന്ന
മഹാത്മാവില്‍ ദര്‍ശിക്കുമെന്ന് ഭയന്നിട്ടാണിത്. കാരണം അന്നേരം തന്റെ ശൈഖില്‍ ന്യൂനതയുള്ളതായി
മുരീദ് ഉറപ്പിക്കും. ഇതിലൂടെ അവന്റെ മദദ് (ആത്മീയസഹായം) തടയപ്പെടുകയും ചെയ്യുന്നു".
ഈ ഉദ്ധരണിയെ ഇമാം സ്വാവിt ഇങ്ങനെ വിശദീകരിക്കുന്നു :
"സ്വാലിഹീങ്ങളില്‍
നിന്നുള്ള ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ശൈഖിന്റെ സമ്മതമില്ലാതെ
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നതാണ്. ഈ നിരോധനത്തോടൊപ്പം
ഔലിയാക്കളെയോ മറ്റുള്ളവരെയോ സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന് ഒരാളും വിശ്വസിക്കാതിരിക്കുകയും
ചെയ്യട്ടെ".
ഈ നിബന്ധനയുടെ പിന്നിലെ ലക്ഷ്യവും യുക്തിയുമൊക്കെ നമുക്ക് മനസ്സിലായി. ഈ നിബന്ധന
മുഴുവന്‍ ത്വരീഖത്തുകളിലെയും മഹാത്മാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ശൈഖ് മുഹ്യിദ്ദീന് ബ്നു അറബിt, സയ്യിദീ അലിയ്യ് അല്‍ ഖവ്വാസ്t, സയ്യിദീ ഇബ്നു ഹജര്‍ അല്‍ ഹയ്തമിt, ഇമാം ശഅ്റാനിt, ശൈഖ് സമന്നൂദിt, ശൈഖ് അശ്ശുറൈശിt, ശൈഖ് ഇബ്നു അല്‍ ബന്നാ അസ്സര്ഖ്വുസ്തിt, ശൈഖ് ഇബ്നു അജീബഃt, സയ്യിദീ അബ്ദുല്‍ അസീസ് അദ്ദബ്ബാഗ്t, സയ്യിദീ അല്‍ കുന്തിt, ഇമാം അല്‍ ഫാസിt, ശൈഖ് മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ഖാനി അല്‍ ഖാലിദി അന്നഖ്ഷബന്ദിt തുടങ്ങിയ മഹാത്മാക്കള്‍ ഇക്കാര്യം വളരെ
സ്പഷ്ടമാക്കിപ്പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ആത്മജ്ഞാനികള്‍ക്കിടയില്‍ സര്‍വ്വാംഗീകൃതമായ
ഒരു സമ്പ്രദായമാണിത്. എന്നാല്‍ സയ്യിദീ അഹ്മദ് തിജാനിt തന്റെ മുരീദുമാര്‍ക്ക് നിരുപാധികം സിയാറത്ത്
തടഞ്ഞിട്ടില്ല. മറിച്ച്,
സിയാറത്ത് ചെയ്യാന്‍ തിരുനബിr തങ്ങളും അവിടുത്തെ സ്വഹാബത്തും മറ്റെല്ലാ
അമ്പിയാമുര്സലീങ്ങളും തിജാനി മഹാത്മാക്കളും ഉണ്ടെന്നിരിക്കെ, ഇവരല്ലാത്ത മറ്റ് ഔലിയാക്കളെ സന്ദര്‍ശിക്കുന്നത് മാത്രമാണ് തടഞ്ഞിട്ടുള്ളത്. ആയതിനാല്‍
ഈ നിബന്ധന ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് തിജാനിയ്യത്തിലേക്കുള്ള പ്രവേശനം
അനുവദിക്കപ്പെടുകയില്ല.
ഈ നിബന്ധനകളെല്ലാം സ്വീകരിക്കാന്‍ തയ്യാറാവുന്ന വ്യക്തിക്ക് തിജാനിയ്യത്തിലേക്ക്
പ്രവേശിക്കണമെങ്കില്‍ ജീവിതാവസാനം വരെയും ഒരു നിബന്ധന കൂടി കര്‍ശനമായും പാലിക്കേണ്ടി
വരും. അവസാനമായി ശൈഖ് സുകൈറിജ്t അതാണ് വ്യക്തമാക്കുന്നത് : "തിജാനിയ്യഃ ത്വരീഖത്തിന്റെ കരാറിലൂടെ ബന്ധനസ്ഥനായ
ഒരുവന് മറ്റൊരു ത്വരീഖത്തിനെ പിന്നീട് സ്വീകരിക്കുന്ന പക്ഷം തന്റെ നാശത്തെ അവന് ഭയക്കേണ്ടതാണ്"
അഥവാ ആത്മീയപാതയിലേക്ക് പ്രവേശിക്കുന്ന ഒരുവന് തന്റെ ലക്ഷ്യപ്രാപ്തി സംഭവിക്കുക തന്റെ
ശൈഖിന്റെ കരങ്ങളിലൂടെ മാത്രമായിരിക്കും. ഇതെല്ലാ മഹാത്മാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല താന്‍ ശിഷ്യത്വം കാഴ്ചവെക്കുന്ന ശൈഖിന് കീഴ്പ്പെടലും ആ ശൈഖില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കലും
അത്യാവശ്യമാണെന്ന് നമുക്ക് മുന്പ്രസ്താവനകളിലൂടെ മനസ്സിലായതുമാണല്ലോ. ഇപ്രകാരം ഒരു
ശൈഖുമായി ഉടമ്പടിയിലേര്പ്പെട്ടതിന് ശേഷം ആ മഹാത്മാവിനോട് എതിര് കാണിക്കുകയും ഉടമ്പടിയെ
മുറിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക വഴി ആ മഹാത്മാവുമായുള്ള ബന്ധം വിച്ഛേദിക്കുകയും
ചെയ്യുന്ന പക്ഷം ഇരുലോകവും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും അത്തരക്കാരന് എത്തിപ്പെടുക.
സയ്യിദീ അഹ്മദ് തിജാനിt തന്റെ ത്വരീഖത്തിലേക്ക് കടന്ന് വരുന്നവരോട് മറ്റു ത്വരീഖത്തുകളെ ഉപേക്ഷിക്കാനും
മരണം വരെ ഈ ത്വരീഖത്ത് കൊണ്ട് മാത്രമായി മുന്നോട്ട് നീങ്ങാനും കല്പിച്ചിട്ടുണ്ട്.
തന്നിമിത്തം ഈ ത്വരീഖത്ത് സ്വീകരിച്ചതിന് ശേഷം മറ്റ് ആത്മീയസരണികളെ ഏറ്റെടുക്കുന്നവന്
തന്റെ ശൈഖിനെ അവമതിച്ചവനാകുകയും അതിലൂടെ ഗുരുത്വക്കേടിനാലുള്ള നാശത്തിലേക്ക് അകപ്പെടുകയും
ചെയ്യും.
തബര്‍റുകിന്റെ മുരീദിന് എത്ര ത്വരീഖത്തുകള്‍ വേണമെങ്കിലും സ്വീകരിക്കാമെന്നും എന്നാല്‍
തര്‍ബിയ്യത്തിന്റെ മുരീദായ വ്യക്തിക്ക് ഒരൊറ്റ ത്വരീഖത്ത് മാത്രമേ പാടുള്ളൂ എന്നുമുള്ള
വീക്ഷണം സ്വൂഫീലോകത്ത് പ്രസിദ്ധമാണ്. സൂഫിലോകത്തെ അഗ്രേസരനായ മുഹ്യിദ്ദീന് ബ്നു
അറബിt ഇക്കാര്യം വളരെ വ്യക്തമായി
ഫുതൂഹാതുല്‍ മക്കിയ്യഃ എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് നോക്കുക.
"നീ അറിയുക, രണ്ട് ദൈവങ്ങളുടെ
ഇടയിലായി ഒരു ലോകം ഉണ്ടാകാത്ത് പോലെയും വ്യത്യസ്ഥമായ ശരീഅത്തുള്ള രണ്ട് റസൂലുകളുടെ
ഇടയിലായി ഒരു മുകല്ലഫ് ഉണ്ടാകാത്ത് പോലെയും രണ്ട് ഭര്ത്താക്കന്മാരുടെ ഇടയിലായി ഒരു
ഭാര്യ ഉണ്ടാകാത്ത് പോലെയും രണ്ട് ശൈഖുമാരുടെ ഇടയിലായി ഒരു മുരീദ് ഉണ്ടാവുക എന്നതും
അസംഭവ്യമാണ്. തര്‍ബിയ്യത്തിന്റെ മുരീദാണെങ്കിലാണ് ഈ പറഞ്ഞത് ബാധകമാവുന്നത്".
പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിലാകട്ടെ തര്‍ബിയ്യത്തിന്റെ ബൈഅത്ത് മാത്രമാണ് നല്കപ്പെടുന്നത്.
ആയതിനാല്‍ തിജാനിയ്യഃ ത്വരീഖത്തിനെ കാംക്ഷിക്കുന്നവര്‍ ഈ ത്വരീഖത്തിലായി മാത്രം നിലകൊള്ളുക
എന്നത് അനിവാര്യമാണ്. ത്വരീഖത്തിലേക്ക് പ്രവേശിക്കുകയും പിന്നെ പൈശാചികചിന്തകളില്‍
അടിമപ്പെട്ട് അതിനെ ഒഴിവാക്കാനോ മറ്റ് ത്വരീഖത്തുകളിലേക്ക് നീങ്ങാനോ തീരുമാനിക്കുന്നത്
തന്റെ ഇരുലോക നഷ്ടത്തിനും ഹേതുവായി മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ഗുരുനാഥന്മാരെ
വെറുപ്പ് സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് തന്നെ അതീവഗുരുതരമാണെന്നിരിക്കെ, അല്ലാഹുIവിന്റെ ഔലിയാക്കളില്‍ അത്യുന്നതശ്രേണിയില്‍ വിരാജിക്കുന്ന സയ്യിദീ അഹ്മദ് തിജാനിtവിന്റെ വെറുപ്പ് കരസ്ഥമാക്കുന്നവന്റെ അവസ്ഥ
എത്രമാത്രം ഗൗരവമായിരിക്കും. ഇക്കാരണത്താലാണ് ത്വരീഖത്തിന്റെ പ്രവേശനസമയത്ത് തന്നെ
വളരെ കര്‍ക്കശമായി ഈ നിബന്ധന പാലിക്കാന്‍ തയ്യാറാണോ എന്ന് തിജാനിയ്യഃ മഷാഇഖുമാര്‍ ചോദിക്കുന്നത്.
ഈ നടപടിയോട് നൂറ് ശതമാനവും യോജിച്ച് കൊണ്ട് ശാഫിഈ മദ്ഹബിലെ ഖാതിമതുല്‍ മുഹഖ്ഖിഖീന്‍
എന്ന അപരനാമത്തിലറിയപ്പെടുന്ന മഹാനായ ശൈഖ് ഇബ്നു ഹജര്‍ അല്‍ ഹൈതമിtയുടെ ഒരു ഫത്വ പോലും നമുക്ക് കാണാന്‍
സാധിക്കും. പ്രസ്തുത ഫത്വയിലൂടെ മഷാഇഖുമാരെ സ്വീകരിക്കുന്ന വിഷയത്തില്‍ തര്‍ബിയത്തിന്റെ
മുരീദും തബര്‍റുകിന്റെ മുരീദും തമ്മില്‍ വ്യത്യാസമുണ്ടെന്നും തബര്‍റുകിന്റെ മുരീദിന്
മഷാഇഖുമാരെ സ്വീകരിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നും എന്നാല്‍ തര്‍ബിയത്തിന്റെ
മുരീദിന് ഒരൊറ്റ ശൈഖിനേ മാത്രമേ സ്വീകരിക്കാവൂ എന്നും വളരെ കൃത്യമായി അവിടുന്ന് രേഖപ്പെടുത്തുന്നു.
തുടര്‍ന്ന്,
ശൈഖിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടക്കത്തിലാണെന്നും
സ്വീകരിച്ച ശേഷം മറ്റൊരാളിലേക്ക് നീങ്ങാവതല്ലെന്നും കൂടി ശൈഖവര്‍കള്‍ അടിവരയിടുന്നുണ്ട്.
(ഫതാവല്‍ ഹദീസിയ്യഃ നോക്കുക)
മഹാനായ ഇബ്നു ഹജറിtനെക്കൂടാതെ നിരവധി മഹാത്മാക്കള്‍ ഇക്കാര്യം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെ
വിവരദോഷികളായ ചിലര്‍ ഈ നിബന്ധനകളെക്കുറിച്ച് കേള്‍ക്കുമ്പോ തന്നെ ഈ മഹത്തായ സരണിക്കെതിരെ
വാളോങ്ങാനും പൈശാചികസരണിയിലേക്ക് ചേര്‍ക്കാനും ധൃതി കാട്ടുകയാണ്. അല്ലാഹുI നമ്മെ കാക്കട്ടെ. സൂഫിമഹാത്മാക്കളുമായി
ബന്ധം സ്ഥാപിച്ച അത്യുന്നതരായ പണ്ഡിതശിരോമണികളെല്ലാം തന്നെ ഈ നിബന്ധനകളെപ്പറ്റി ശ്രവിക്കുന്ന
പക്ഷം പരിശുദ്ധ തിജാനിയ്യയുടെ കെട്ടുറപ്പിലേക്കും സൂഫീസാങ്കേതികത്തനിമയിലേക്കുമായിരിക്കും
ശ്രദ്ധയൂന്നുക. മുന്‍കഴിഞ്ഞ മഹാന്മാരുടെ വചനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നൂറ്
ശതമാനവും മാതൃക കാട്ടാനാകുന്ന ഈ മഹത്തായ ത്വരീഖത്തിലേക്ക് നമ്മെക്കൊണ്ടെത്തിച്ച അല്ലാഹുIവിനാകുന്നു സര്‍വ്വ സ്തുതിയും.
പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെ സംബന്ധിച്ച് വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ടതും
മറ്റു ത്വരീഖത്തുകളില്‍ നിന്നും ഈ മഹത്തായ സരണിയെ വൈശിഷ്ട്യമാക്കുന്ന കാര്യങ്ങളുമാണ്
മേല്‍ സൂചിപ്പച്ചതൊക്കെ. ഇത് കൂടാതെ ഇനിയും നിരവധി നിബന്ധനകളുണ്ട്. അവയെക്കുറിച്ച്
അറിയുവാന്‍ തിജാനിയ്യഃ ത്വരീഖതിന്റെ നിബന്ധനകള്‍ എന്ന ഭാഗം പരിശോധിക്കുക. അല്ലാഹുI നമ്മെയേവരെയും അവന്റെ ഔലിയാക്കളുടെ പാതകളെയും
വീക്ഷണങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ...
ആമീന്‍.



.jpg)