Thursday, May 22, 2014

തട്ടിപ്പ് 1 : യൂസുഫ് നബ്ഹാനി(റ)വിന്റെ ഉദ്ധരണി

പൊന്മള അബ്‍ദുല്‍ ഖാദിര്‍ മൗലവി തന്റെ തിജാനിയ്യഃ വിമര്‍ശനത്തിന് തുടക്കമിടുന്നത് തന്നെ മഹാനായ യൂസുഫ് നബ്ഹാനി(റ)വിന്റെ ഉദ്ധരണിയെ മാറ്റി മറിച്ച് കൊണ്ടാണ്. സയ്യിദീ അഹ്‍മദ് തിജാനി(റ) വലിയ മഹാനാണെന്നും എന്നാല്‍ തിജാനിയ്യഃ ത്വരീഖത്ത് ബഹുമാനപ്പെട്ടവരുടെ ശിഷ്യഗണങ്ങളാല്‍ വക്രീകരിക്കപ്പെട്ടതാണെന്നുമാണ് തന്റെ പക്ഷം എന്ന് കാണിക്കാനായിട്ടാണ് അയാള്‍ ഈ ഉദ്ധരണി കൊണ്ടുവരുന്നതെന്ന് വായനക്കാര്‍ ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റി. സത്യത്തില്‍ തന്റെ കപടവാദങ്ങള്‍ക്കെതിരായത് കൊണ്ട് അതീവതന്ത്രപരമായി യൂസുഫ് നബ്ഹാനി(റ)വിന്റെ വാക്കുകളെ ഇയാള്‍ മാറ്റിമറിക്കുകയാണ് ചെയ്‍തത്. ഈ കള്ളപ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കാനായി ആദ്യം നമുക്ക് അല്ലാമഃ യൂസുഫ് നബ്ഹാനി(റ)വിന്റെ ശരിയായ ഉദ്ധരണിയൊന്ന് പരിശോധിക്കാം. വായനക്കാര്‍ വളരെ ശ്രദ്ധയോടെ വായിക്കുക...

“ഈ മഹാത്മാവ് ആത്മജ്ഞാനികളുടെ നേതാവും അത്യപൂര്‍വ്വരും ഉത്കൃഷ്‍ടരും അത്യുന്നത സാമീപ്യം സിദ്ധിച്ചവരായ ഔലിയാക്കളിലൊരാളുമാണ്. മഹാനവര്‍കളുടെ ഖലീഫയായ സയ്യിദീ അലി ഹറാസിം ബ്‍നു അ‍ല്‍ അറബി അ‍ല്‍ ബ‍ര്‍റാദഃ അല്‍ ഫാസി(റ) മേലുദ്ധരിച്ച അവരുടെ ശൈഖിന്റെ മാഹാത്മ്യങ്ങളെയും ജീവചരിത്രത്തെയും സംബന്ധിച്ച് രചിച്ചിട്ടുള്ള തന്റെ കിതാബായ ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു : "സയ്യിദുനാ(റ) കഠിനാധ്വാനികളായ പണ്ഡിതരിലും സന്മാര്‍ഗ്ഗാവലംബങ്ങളായ നേതാക്കാളിലും പെട്ടവരാണ്. പരിശുദ്ധ ദീനിന്റെയും അതിന്റെ അകക്കാമ്പുകളുടെയും വിജ്ഞാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും മഹത്വങ്ങളെ മേളിച്ചവരിലും ഉള്‍പ്പെട്ടവരാണ്. കൂടാതെ അതിമഹത്തായ ദൈവികാവസ്ഥകളുടെയും ഉത്കൃഷ്‍ഠമായ അത്യുന്നത പദവികളുടെയും ആത്മീയമായ ഉയ‍ര്‍ന്ന മനക്കരുത്തിന്റെയും പരമകാരുണികമായ സംശുദ്ധ സ്വഭാവങ്ങളുടെയും സുപ്രസിദ്ധമായ പ്രവാചകചര്യാനുധാവന സരണിയുടെയും ലദുന്നിയായ ജ്ഞാനത്തിന്റയും ദു‍ര്‍ലഭവും കൈമോശപ്പെട്ടതുമായ ദൈവീകരഹസ്യങ്ങളുടെയും അസാധാരണ സംഭവങ്ങളുടെയും  അതിശയകരമായ കറാമത്തുകളുടെയുമൊക്കെ ശ്രഷ്‍ഠതകളെ ഒരുമിച്ച് കൂട്ടിയവരുമത്രെ. അതോടൊപ്പം സ‍ര്‍വ്വസമ്പന്നനായ ഖുതുബും സഹായം ചൊരിയുന്നവരായ ഗൗസും പരമകാരുണികനാല്‍ അനന്തരമെടുക്കുന്നവരും ദൈവികസാന്നിധ്യം സിദ്ധിച്ചവരായ നേതാവുമാണ്..." ഇങ്ങനെ സൗന്ദര്യത്താലും മഹത്വത്താലുമുള്ള  വിശേഷണങ്ങളില്‍ നിന്നും ശൈഖ് അലി ഹറാസിം(റ) സയ്യിദുനാ(റ)വിനെ വര്‍ണ്ണിക്കുന്നതിന്റെ അവസാനം വരെയും നീ വായിച്ചു കൊള്ളുക... ഈ വിശേഷണങ്ങള്‍ക്കും ഇതിനു മുകളിലുള്ളതിനും അര്‍ഹന്‍ തന്നെയാണ് ബഹുമാനര്‍. മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും ബഹുമാനപ്പെട്ടവരുടെ ത്വരീഖത്ത് വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും വ്യാപനമാണ് ഈ ഭാഗങ്ങളിലൊക്കെയും സംഭവിച്ചിരിക്കുന്നത്. അതിമഹത്തായ ഗുണഫലങ്ങളും സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനവും ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സയ്യിദുനാ(റ)വിന്റെ ജീവചരിത്രത്തിന്റെ മേലും അവിടുത്തെ ത്വരീഖത്തിന്റെ മേലും അതുമായ ബന്ധപ്പെട്ട അപൂര്‍വ്വമായ നേട്ടങ്ങളുടെ മേലും നിരീക്ഷണം നടത്താന്‍ ഒരുവന്‍ ഉദ്ദേശിച്ചാല്‍ മേല്‍ പ്രസ്‍താവിക്കപ്പെട്ട മഹാത്മാവിന്റെ ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥവും ഇതിന്റെ വശങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹാനവര്‍കളുടെ ഖലീഫയുടെ ഖലീഫയായ സയ്യിദീ ഉമറുല്‍ ഫൂതി(റ)വിന്റെ രിമാഹ് എന്ന കൃതിയും അവന് പാരായണം ചെയ്യാവുന്നതാണ്. ഈ മഹാത്മാക്കളുടെയെല്ലാം അനുഗ്രഹം കൊണ്ട് അല്ലാഹു നമുക്ക് ഉപകാരം ചെയ്യട്ടെ... ആമീന്‍”

ഇതാണ് അല്ലാമഃ യൂസുഫ് നബ്ഹാനി(റ) യാഥാര്‍ത്ഥ വാക്കുകളെങ്കില്‍ പൊന്മള ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുക്കുന്നത് ശ്രദ്ധിക്കുക...


ചിന്തിക്കുക, സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെപ്പറ്റിയും അവിടുത്തെ ത്വരീഖത്തിനെപ്പറ്റിയും എത്ര മാത്രം ഉന്നതമാക്കിയായിരുന്നു അല്ലാമഃ യൂസുഫ് നബ്ഹാനി(റ) പേന ഉപയോഗിച്ചതെന്നും എന്നാല്‍ പൊന്മള എത്രമാത്രം ചുരുക്കിയാണ് മേലുദ്ധരണി എടുത്തുകാട്ടിയതെന്നും. എന്നാല്‍ ദൈര്‍ഘ്യം ഭയന്നാണ് പൊന്മള ഇത് ചുരുക്കിയതെന്ന് കരുതിയതെങ്കില്‍ തെറ്റി, മറിച്ച് തന്റെ പിഴച്ചവാദഗതിക്ക് ഉതകും വിധം വിവര്‍ത്തനത്തില്‍ കൈകടത്തല്‍ നടത്തി ആവശ്യമുള്ളത് വെട്ടിയെടുത്ത് അതില്‍ തന്നെ കൃത്രിമം കാട്ടിയാണ് അയാള്‍ ഉദ്ധരിച്ചത്. അതും വ്യക്തമായി ലക്ഷ്യത്തോടെത്തന്നെ. നമുക്കത് പരിശോധിക്കാം...

ആദ്യം പൊന്മള വികൃതമാക്കിയ യൂസുഫ് നബ്ഹാനി(റ)വിന്റെ വാക്കുകളുടെ യഥാര്‍ത്ഥമായ വിവര്‍ത്തനം ശ്രദ്ധിക്കുക :

“മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും ബഹുമാനപ്പെട്ടവരുടെ (സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ) ത്വരീഖത്ത് വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും വ്യാപനമാണ് ഈ ഭാഗങ്ങളിലൊക്കെയും സംഭവിച്ചിരിക്കുന്നത്. അതിമഹത്തായ ഗുണഫലങ്ങളും സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനവും ഇതിലൂടെ കരസ്ഥമാകുന്നുണ്ട്.”
(ജാമിഉല്‍ കറാമാതില്‍ ഔലിയ - 1 : 516)

ഈ ഉദ്ധരണിയില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും അല്ലാമഃ യൂസുഫ് നബ്ഹാനി(റ) പ്രഖ്യാപിക്കുന്നത്.
  1. മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും തിജാനിയ്യത്ത് വ്യാപിച്ച് കിടക്കുന്നതിന് പുറമെ മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും പ്രചാരണമാണ് അതിന് സംഭവിച്ചിരിക്കുന്നത്.
  2. സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനം അഥവാ തര്‍ബിയത്ത് ഇതിലൂടെ കരസ്ഥമാകുന്നുണ്ട്.
ശ്രദ്ധിച്ച് വായിക്കുക... ഈ രണ്ട് വാദങ്ങളും പൊന്മളയുടെ വാദങ്ങള്‍ക്ക് എതിരാണ്. 

'സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ത്വരീഖത്ത് സ്വന്തം ശിഷ്യനായ അലി ഹറാസിം(റ)വിലൂടെ തന്നെ വക്രീകരിക്കപ്പെട്ടു. അത് കൊണ്ട് തന്നെ തിജാനി(റ)വിന്റെ തൊട്ടടുത്ത കാലം മുതല്‍ തന്നെ യഥാര്‍ത്ഥ തിജാനി ത്വരീഖത്ത് ഉണ്ടായിരുന്നില്ല' - ഈ വാദം സമര്‍ത്ഥിക്കാനാണ് പൊന്മള തന്റെ ലേഖനത്തിന്റെ ആദ്യഭാഗത്ത് കാര്യമായി ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇമാം യൂസുഫ് നബ്ഹാനി(റ)വിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതോ നേരെ മറിച്ചും. തന്റെ കാലത്ത് തന്നെ തിജാനിയ്യഃ ആഫ്രിക്കയുടെ എല്ലാഭാഗത്തും വളരെ വ്യാപകമായി പ്രചരിക്കപ്പെട്ടുവെന്നാണ് മഹാന്‍ പ്രഖ്യാപിച്ചത്. മാത്രമല്ല സയ്യിദീ അലി ഹറാസിം(റ)വിന്റെ ഗ്രന്ഥം തന്നെ ത്വരീഖത്തിന്റെ വിഷയത്തില്‍ ആസ്‍പദമാക്കാനും ശൈഖവര്‍കള്‍ ഉപദേശിക്കുന്നു. ഫലമോ പൊന്മളയുടെ വാദത്തിന് ഇമാം യൂസുഫ് നബ്ഹാനി(റ) തന്നെ എതിരാണെന്ന് വ്യക്തമാകും.

മറ്റൊന്ന്, പൊന്മള പ്രചരിപ്പിക്കുന്ന സമ്പൂര്‍ണ്ണമായോ മൊത്തമായോ തര്‍ബിയത്ത് മുറിഞ്ഞ് പോയി എന്ന വാദത്തിനും തിജാനിയ്യത്തിലൂടെ സമ്പൂര്‍ണ്ണമാര്‍ഗ്ഗദര്‍ശനം ലഭ്യമാകുന്നുണ്ടെന്ന നബ്ഹാനി(റ)വിന്റെ വാക്ക് വിഘാതമാകുന്നു. 

ആയതിനാല്‍ ഈ രണ്ട് വസ്‍തുതയും നബ്ഹാനി(റ)വിന്റേതെന്ന വ്യാജേന പൊന്മള ഉദ്ധരിച്ച വാചകത്തില്‍ കാണുകയില്ല. ഇതാ കാണൂ:

“...അവരുടെ ത്വരീഖത്ത് മൊറോക്കോ, സുഡാന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രസിദ്ധമാണ്. വലിയ ഉപകാരവും ആത്മീയചൈതന്യവും അത് മുഖേന പലര്‍ക്കും ഉണ്ടായിട്ടുണ്ട് ”
(ത്വരീഖത്ത് ഒരു സമഗ്രപഠനം - പേജ് : 386)

എന്നാല്‍ അല്ലാമഃ നബ്ഹാനി(റ)വിന്റെ യഥാര്‍ത്ഥ വാക്കുകള്‍ :

“മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും ബഹുമാനപ്പെട്ടവരുടെ (സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ) ത്വരീഖത്ത് വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും വ്യാപനമാണ് ഈ ഭാഗങ്ങളിലൊക്കെയും സംഭവിച്ചിരിക്കുന്നത്. അതിമഹത്തായ ഗുണഫലങ്ങളും സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനവും ഇതിലൂടെ കരസ്ഥമാകുന്നുണ്ട്.”

വ്യത്യാസം കണ്ടില്ലേ... തിജാനിയ്യത്തിന്റെ വ്യാപനവുമില്ല, മാര്‍ഗ്ഗദര്‍ശനവുമില്ല. രണ്ടിലും അതീവതന്ത്രപരമായി കൈകടത്തല്‍ നടത്തിയിരിക്കുന്നു. വ്യാപനം മാറ്റി പ്രസിദ്ധം എന്നാക്കി. പ്രസിദ്ധം എന്ന് പറഞ്ഞാല്‍ വ്യാപിച്ചു എന്ന് വരികയില്ലല്ലോ. അതുപോലെ സമ്പൂര്‍ണ്ണ മാര്‍ഗ്ഗദര്‍ശനം എന്ന സ്ഥാനത്ത് ആത്മീയചൈതന്യവുമാക്കി. അങ്ങനെ തന്റെ വാദത്തിന് വിഘാതമായവ ഒഴിച്ച് നിര്‍ത്തി ലക്ഷ്യം നേടാനുള്ള ശ്രമം നടത്തി. എങ്ങനെയുണ്ട്... ഇതാണ് പൊന്മള മൗലവി... ആര്‍ക്കും ലഭിക്കുന്ന കിതാബുകളില്‍ പോലും എത്ര തന്ത്രപരമായാണ് കൈകടത്തിയതെന്ന് കണ്ടല്ലോ... എങ്കില്‍പ്പിന്നെ അപൂര്‍വ്വഗ്രന്ഥങ്ങളുടെ കാര്യം എന്തായിരിക്കും... ഇയാളുടെ ഫിത്നയെത്തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ...

പൊന്മളയുടെ വഞ്ചന നിറഞ്ഞ ലേഖനം : ഒരു സമഗ്രപഠനം


പരിശുദ്ധ തിജാനിയ്യത്തിനെതില്‍ ലോകത്ത് എല്ലായിടത്തും അപശബ്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെ എല്ലാ പിഴച്ചവാദങ്ങളെയും നെഞ്ചിലേറ്റാന്‍ തയ്യാറുള്ള ജനവിഭാഗത്തെക്കൊണ്ട് സജീവമായ നമ്മുടെ കൊച്ചു കേരളത്തിലും അതിന് അപവാദമുണ്ടായില്ല. അല്ലാഹുവിന്റെ ഔലിയാക്കള്‍ക്കെതിരിലും തസ്വവ്വുഫിന്റെ വക്താക്കള്‍ക്കെതിരിലും സദാ വിഷം ചീറ്റുന്ന പൊന്മളക്കാരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പരിശുദ്ധ തിജാനിയ്യത്തിനുമെതിരില്‍ ഉറഞ്ഞു തുള്ളാന്‍ തയ്യാറായി. അതിന് അവര്‍ കൂട്ടുപിടിച്ചതാകട്ടെ, കള്ളവും കപടവും നിറഞ്ഞ തിജാനിയ്യഃ വിമര്‍ശനങ്ങളെയാണ്. ഈ മുഫ്‍തിയുടെ കാപട്യവും തെമ്മാടിത്തവും പല പണ്ഡിതന്മാരും തുറന്ന് പ്രഖ്യാപിച്ചിട്ട് പോലും പലരും പൊന്മളയിലെ വഞ്ചകനെ തിരിച്ചറിയാതെ അയാളുടെ തിജാനിയ്യഃ വിമര്‍ശനത്തില്‍ ആകൃഷ്‍ടരായിരിക്കുന്നു. തത്ഫലമായി പരിശുദ്ധ തിജാനിയ്യത്തിനെ സംശയത്തോടും വെറുപ്പോടും കൂടി അവര്‍ നോക്കി. സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്വത്തെയും അവിടുത്തെ ത്വരീഖത്തിന്റെ സത്യാവസ്ഥയെയും ആഗോളതലത്തില്‍ അതുണ്ടാക്കിയ ചലനങ്ങളെയും സംബന്ധിച്ചുള്ള കേരളീയജനതയുടെ അജ്ഞത തെറ്റിദ്ധാരണക്ക് ശക്തി കൂട്ടി. ആയതിനാല്‍ തിജാനികളുടെ ശത്രുക്കളായ ഒഹാബികളുടെ കള്ളവാദങ്ങളെ കൂട്ടുപിടിച്ച പൊന്മളക്കാരന്റെ വഞ്ചനയെയും കിതാബുകളിലെ ഇബാറത്തുകളെ വക്രീകരിച്ചും ആവശ്യമുള്ളിടത്ത് ഇല്ലാത്ത കിതാബുകളുടെ ഇല്ലാത്ത ഉദ്ധരണികള്‍ തന്നെ എടുത്ത് കാണിക്കുകയും ചെയ്‍ത അയാളുടെ ശപിക്കപ്പെട്ട ലേഖനത്തിന്റെ സത്യാവസ്ഥയെയും സമൂഹമധ്യത്തില്‍ ബോദ്ധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരിക്കുന്നു.

ചക്രവാളങ്ങളിലാകെയും ഫിത്‍നയുമായി നടക്കുന്ന സാക്ഷാത് ഇബ്‍ലീസുമായി ഒരു സാധാരണ മുസ്‍ലിം എതിരിടുക എന്നത് എത്രമാത്രം ശ്രമകരമാണോ അപ്രകാരമാണ് ഐഹികലോകത്തെ കാംക്ഷിക്കുന്ന മലയാളീപണ്ഡിതവേഷധാരികളുടെ കൂട്ടായ്‍മയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഉദവികെട്ട പൊന്മളയെ ഈ ബ്ലോഗിന്റെ ഉടമ എതിരിടാനായി തയ്യാറാകുന്നതും. കാരണം ലക്ഷ്യപ്രാപ്‍തിക്കായി കളവിന്റെയും വഞ്ചനയുടെയും ഏതറ്റം വരെയും പോകാന്‍ ഈ വിഭാഗത്തിന് യാതൊരു മടിയുമില്ലെന്നത് പ്രസിദ്ധമാണല്ലോ. ഇത്തരക്കാരുടെ കള്ളത്തരങ്ങളെ പരിപൂര്‍ണ്ണമായി പുറത്ത് കൊണ്ടുവരാനാകുക മഹാന്മാരായ പണ്ഡിതന്മാര്‍ക്ക് മാത്രമാണെന്ന് അറിയാമെങ്കിലും ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരു വിദ്യാര്‍ത്ഥിയായ രചയിതാവ് ഇടപെടുന്നത് ആ കുപ്രസിദ്ധ ലേഖനത്തിന്റെ കാപട്യം അത്രമാത്രം വ്യക്തമായതിനാല്‍ മാത്രമാണ്. അല്ലാഹു ഇത്തരം ദുഷ്‍ടപണ്ഡിതരെത്തൊട്ട് നമ്മുടെ സമുദായത്തെ കാക്കുമാറാകട്ടെ.

'തസ്വവ്വുഫ് ഒരു സമഗ്രപഠനം' എന്ന തന്റെ ശുദ്രകൃതിയിലാണ് നിരവധി സത്യപാന്ഥാവുകളെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പരിശുദ്ധ തിജാനിയ്യത്തിനെയും വിമര്‍ശിക്കാന്‍ ഇയാള്‍ പൊന്മള പേജുകള്‍ മാറ്റിവെച്ചത്. 'തീജാനി ത്വരീഖത്ത്' എന്ന ശീര്‍ഷകത്തില്‍ തന്റെ തിജാനിയ്യഃ വിമര്‍ശനം അയാള്‍ തയ്യാറാക്കിയപ്പോള്‍ പ്രധാനമായും രണ്ട് ഘടകം അതില്‍ നമുക്ക് കണ്ടെത്താനായി. ആദ്യമായി സ്വന്തമായ തന്റെ ഗവേഷണവും പിന്നീട് യാസീന്‍ കാട്ടാമ്പിള്ളി എന്ന വ്യക്തിയുടെ തിജാനിയ്യഃ വിമര്‍ശനലേഖനത്തിന്റെ ഉദ്ധാരണവും. സത്യത്തില്‍ തങ്ങളുടെ ലിഖിതങ്ങളിലെ ഓരോ വാചകത്തിലും ഇയാളും ഇയാളുടെ അവലംബവ്യക്തിയും നിരവധി വഞ്ചനകള്‍ കുത്തിത്തിരുകിയിട്ടുണ്ട്. അവയൊക്കെയും തലനാഴിര കീറി മനനം ചെയ്‍തെങ്കില്‍ മാത്രമേ ഒരു സത്യാന്വേഷിക്ക് സത്യം വെളിവാകൂ. ആയതിനാല്‍ നമുക്ക് പൊന്മളയുടെ ലേഖനത്തിലെ ഓരോ കളവും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാം ഇന്‍ഷാ അല്ലാഹ്.