Friday, March 1, 2013

ഈജിപ്‍ത്യന്‍ ഗ്രാന്‍റ് മുഫ്‍തിയുടെ ഫത്‍വഃ

ഡോ. അലി ജുമുഅഃയും ശൈഖ് ഷരീഫ് ഇബ്റാഹീം സ്വാലിഹ് ഹുസൈനിയും

ഈജിപ്‍തിന്റെ പരമോന്നത മുഫ്‍തി ഡോ. അലി ജുമുഅഃയുടെ
തിജാനിയ്യഃ ത്വരീഖത്തിനെ അംഗീകരിച്ച് കൊണ്ടുള്ള ഫത്‍വഃ


പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍....

സര്‍വ്വലോകസംരക്ഷകനായ അല്ലാഹുവിനാകുന്നു സര്‍വ്വസ്‍തുതിയും. അല്ലാഹുവിന്റെ ആദരാനുഗ്രഹരക്ഷകള്‍ നമ്മുടെ നേതാവായ മുഹമ്മദ് എന്നവരുടെ മേലുണ്ടാകട്ടെ. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവും പ്രവാചകന്മാരിലും ദിവ്യദൂതന്‍മാരിലും അവസാനത്തവരുമാണവര്‍. അവിടുത്തെ കുടുംബത്തിന്റെ മേലും അവിടുത്തെ സഹചാരികളുടെ മേലും അന്ത്യദിനത്തോളും അവിടുത്തെ നന്മ കൊണ്ട് പിന്‍പറ്റുന്നവരുടെ മേലും മേല്‍പ്പറയപ്പെട്ടതൊക്കയെുമുണ്ടാകട്ടെ.

പ്രാരംഭമുറകള്‍ക്ക് ശേഷം...

തിജാനിയ്യഃ ത്വരീഖത്തിന്റെ സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുണ്ടാവുകയും ഈ കോലാഹലത്തിനിടയില്‍ മലേഷ്യയിലെ കലന്‍താന്‍ സംസ്‍ഥാനത്തിലെ അല്‍ ഉസ്‍താദ് ഇല്‍യാസ് ബ്‍നു ഇബ്റാഹീം എന്നവര്‍ നൈജീരിയയുടെ ഫത്‍വാബോര്‍ഡിന്റെയും ഇസ്‍ലാമികാലോചനസമിതയുടെയും തലവനായ ബഹുമാന്യ ശൈഖ് ഷരീഫ് ഇബ്റാഹീം സ്വാലിഹ് അല്‍ ഹുസൈനി എന്നവരിലേക്ക് തിജാനിയ്യഃ ത്വരീഖത്തിനെപ്പറ്റിയുള്ള വിശദീകരണമാവശ്യപ്പെട്ട് കൊണ്ട് സഹായം തേടുകയും അങ്ങനെ ബഹുമാനപ്പെട്ടവര്‍ 'കഷ്‍ഫുല്‍ ഗുമൂദ്വ് വ ഇസാലതുല്‍ ഇല്‍ബാസ്...' എന്ന സന്ദേശഗ്രന്ഥം രചിച്ച് അതിന് മുറപടി പറയുകയും ചെയ്‍ത സംഭവവികാസങ്ങളൊക്കെക്കുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞു കഴിഞ്ഞപ്പോള്‍ നമുക്ക് പ്രസ്‍താവിക്കാനുള്ളത് :

ഷരീഫ് ഇബ്റാഹീം സ്വാലിഹിന്റെ 'കഷ്‍ഫുല്‍ ഗമൂദ്വ് എന്ന സന്ദേശഗ്രന്ഥത്തില്‍ വന്നിട്ടുള്ള പ്രസ്‍താവനകളൊക്കെയും സത്യമാകുന്നു. അഹ്‍മദിയ്യഃ തിജാനിയ്യഃ ത്വരീഖത്ത് എന്നത് പരിഗണാര്‍ഹനീയമായ ഒരു ത്വരീഖത്ത് തന്നെയാണ്. മാത്രമല്ല, അല്ലാഹുവിന്റെ സമക്ഷത്തിലേക്കുള്ള പ്രയാണത്തിനായി ഈ ത്വരീഖത്തിലേക്ക് പ്രവേശിച്ചവര്‍ക്കൊന്നും തന്നെ യാതൊരു കുഴപ്പവുമില്ല.

ഈ ത്വരീഖത്തിനെച്ചുറ്റിപ്പറ്റി പൊട്ടിപ്പുറപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും ശരിയായ നിലക്കുള്ളതല്ല. മാത്രമല്ല, ത്വരീഖത്തിലേക്ക് ചേര്‍ക്കപ്പെട്ട ചില കാര്യങ്ങളാലുണ്ടായിത്തീര്‍ന്ന രോഗാതുരവും വക്രതയേറിയതുമായ ധാരണകളൊന്നും തന്നെ ത്വരീഖത്തിനെ മൊത്തമായി ദ്രോഹം വരുത്താനോ പ്രതിഫലനം സൃഷ്‍ടിക്കാനോ പര്യാപ്‍തവുമല്ല. ഈ ധാരണകളുടെ വക്താക്കള്‍ക്ക് മാന്യമായ വിദ്യാഭ്യാസം നല്‍കപ്പെടേണ്ടതുണ്ട്. ഉന്നതരായ മഷാഇഖുമാരുടെ ചില വാക്യങ്ങളായി ഉദ്ധരിക്കപ്പെട്ടവയോട് നിര്‍ബന്ധമായും നാം കാട്ടേണ്ട സമീപനമെന്തെന്നാല്‍ അവരില്‍ നിന്ന് തന്നെയാണോ അതുണ്ടായതെന്ന് അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യലാണ്. അങ്ങനെ അത്തരം വാക്യങ്ങള്‍ കളവായിരുന്നുവെന്ന് സ്ഥിരപ്പെട്ടാല്‍ അവ തള്ളപ്പെട്ടവ തന്നെയാണ്. അല്ലായെങ്കില്‍ ഏറ്റവും നല്ല വ്യാഖ്യാനത്തിന്റെ മേല്‍ അതിനെ ചുമത്തല്‍ അനിവാര്യമാകുന്നു.

നിശ്ചയം, തിജാനിയ്യഃ ത്വരീഖത്തിന്റെ അത്യുന്നതമഷാഇഖുമാരുടെ ഗണത്തില്‍പ്പെട്ട, ഹദീസ് വിശാരദനും സദ്‍വൃത്തനും സൂക്ഷ്‍മശാലിയുമൊക്കെയായ അല്ലാമഃ ശൈഖ് മുഹമ്മദ് അല്‍ ഹാഫില്വ് ബ്‍നു അബ്‍ദില്ലത്വീഫ് ബ്‍നു സാലിം അത്തിജാനി എന്നവര്‍ നമ്മുടെ മഹാഗുരുവര്യന്മാരില്‍പ്പെട്ടവരാണ്. മിസ്റിലെ കര്‍മ്മോത്സുകരായ ആത്മജ്ഞാനികളും ഹദീസ്‍വൈജ്ഞാനികശാഖകളായ ജര്‍ഹ്, തഅ്ദീല്‍, ഇലല്‍ തുടങ്ങിയ വിഷയങ്ങളില്‍ അതീവധിഷണാശാലികളുമായ ഹദീസ്‍വിശാരദന്മാരില്‍ എണ്ണപ്പെടുന്നവരും കൂടിയാണ് മഹാനവര്‍കള്‍.

ഈ വിഷയങ്ങളില്‍ കുറ്റമറ്റ സനദുകളുടെയും സുന്ദരമായ രചനകളുടെയും ഉടമ കൂടിയാണ് ശൈഖ് മുഹമ്മദ് ഹാഫില്വ് തിജാനി. അവയില്‍ ചിലത്...
  • ·         തഖ്‍രീജു അഹാദീസില്ലംഇ ലി അബീ നസ്‍റിത്ത്വൂസി
  • ·         തഖ്‍രീജു അഹാദിസി ജവാഹിറുല്‍ മആനി
  • ·         തഅഖ്ഖുബാത് അലാ ഇസ്‍തിദ്റാകാതുദ്ദഹബി അലല്‍ ഹാകിമുന്നയ്‍സാബൂരി
  • ·         തര്‍തീബു തഖ്‍രീജില്‍ ഹാഫില്വ് മുര്‍തദ്വസ്സുബയ്‍ദി അലാ അഹാദീസില്‍ ഇഹ്‍യാഅ്
  • ·         തര്‍തീബു അഹാദീസി മുസ്‍നദ് അഹ്‍മദ്
  • ·         അല്‍ അഹാദീസുദ്ദ്വഈഫഃ ഫീ സുനനിത്തുര്‍മുദി


ഇതിനെക്കൂടാതെ അല്‍ ഹാഫിദ്വ് ഷിഹാബുല്‍ ബൂസൂരിയുടെ മിസ്ബാഹുസ്സജാജഃ എന്ന ഗ്രന്ഥത്തിന്റെ മേല്‍ സംശുദ്ധീകരണങ്ങളും വിശദീകരണകളും മഹാനവര്‍കള്‍ നടത്തിയിട്ടുണ്ട്.

അത്യുന്നത ഇമാമും ശൈഖുല്‍ അസ്ഹറുമായ ശൈഖ് അബ്‍ദുല്‍ ഹലീം മഹ്‍മൂദ് എന്നവരോട് സനദുകളുടെ പ്രബലതയും ബലഹീനതയും നിരൂപിക്കുന്ന ചര്‍ച്ചകളില്‍ പരിഗണക്കപ്പെടേണ്ട വ്യക്തിത്വങ്ങളെക്കുറിച്ച് അന്വേഷണമുണ്ടായാല്‍ മഹാനവര്‍കള്‍ ചൂണ്ടിക്കാട്ടാറുള്ള വ്യക്തിത്വങ്ങള്‍ അല്ലാമഃ സയ്യിദ് അബ്‍ദുല്ലാഹ് ബ്‍ന്‍ അസ്സ്വിദ്ദീഖ് അല്‍ ഗുമാരിയും അല്ലാമഃ ശൈഖ് മുഹമ്മദ് അല്‍ ഹാഫില്വ് തിജാനിയുമായിരുന്നു.

അതെ, ശൈഖ് മുഹമ്മദ് ഹാഫില്വ് തിജാനി(റ) മിസ്റിലെ മഹാപണ്ഡിതരില്‍ ഒരു മാതൃകായോഗ്യനായ പുണ്യാത്മാവാണ്. മഹാനവര്‍കളുടെ സരണി പോലുള്ളതില്‍ ആരൊക്കെ നിലകൊണ്ടാലും അവരൊക്കെയും സമ്പൂര്‍ണ്ണസ്വീകാര്യവും അംഗീകൃതവുമായ പാതയില്‍ത്തന്നെ.

കലന്‍താന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും നമുക്ക് ഉപദേശിക്കാനുള്ളത് : വിശാലമനസ്‍കതയോടു കൂടി അവര്‍ പെരുമാറട്ടെ, പരസ്‍പരം മനസ്സിലാക്കട്ടെ, മുസ്‍ലിമീങ്ങളെയാകമാനം അവര്‍ ഏകീകരിക്കട്ടെ, സ്വീകാര്യമായ പാന്ഥാവുകളിലും സരണികളിലും ഉള്‍പ്പെട്ട ശരിയായ അടിസ്ഥാനമുള്ള കാര്യങ്ങളെ അവര്‍ എതിര്‍ക്കാതിരിക്കട്ടെ, മാന്യതയിലും സൗമ്യതയിലും പിശക് കാട്ടിയവരെ നേര്‍വഴിയിലാക്കുന്നതില്‍ അവര്‍ പരസ്‍പരം സഹായസഹകരണങ്ങളോട് കൂടി വര്‍ത്തിക്കുകയും ചെയ്യട്ടെ. എല്ലാ ഉദ്ദേശലക്ഷ്യങ്ങള്‍ക്കും പിന്നില്‍ അല്ലാഹുവാണ്. നമ്മുടെ നേതാവായ മുഹമ്മദ് നബിയുടെ മേലും അവിടുത്തെ സഹകളത്രാദികളുടെ മേലും അവന്‍ ആദരാനുഗ്രഹരക്ഷകള്‍ ഉണ്ടാകട്ടെ.

_______________________________________________________

ഈ ഫത്‍വയുടെ അറബിമൂലത്തിനായി ഇവിടെ അമര്‍ത്തുക