പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെക്കുറിച്ച്
അന്വേഷണം നടത്തുന്നവര്‍ക്ക് ബാധിക്കുന്ന ഒരു സംശയമുണ്ട്. സയ്യിദീ അഹ്മദ്
തിജാനി(റ)വിന്റെ ത്വരീഖത്തിന് തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലേക്ക്
ചെന്നെത്തുന്ന ഗുരുപരമ്പരയില്ലായെന്നും മറിച്ച് സ്വപ്‍നത്തിലൂടെയുള്ള ശിഷ്യബന്ധം
കാട്ടി ത്വരീഖത്തിന്റെ സില്‍സില ശൈഖില്‍ നിന്നും നേരിട്ട് തിരുദൂതര്‍ സ്വല്ലല്ലാഹു
അലൈഹി വസല്ലമയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്നും ഇപ്രകാരം സ്വപ്‍നത്തിലൂടെയുള്ള
ബന്ധം മതിയാകുന്നതാണോ എന്നൊക്കെയാണ് അവരുടെ സംശയങ്ങള്‍. ഈ സംശയങ്ങളുടെ നിചസ്ഥിതി
പരിശോധിക്കേണ്ടതും അവയിലെ സത്യാവസ്ഥയെ അനാവരണം ചെയ്യേണ്ടതും
അനിവാര്യമായിരിക്കുന്നു. ഇന്‍ഷാ അല്ലാഹ്...
സയ്യിദീ അഹ്മദ് തിജാനി(റ)
വൈജ്ഞാനികാത്മീയദാഹം ശമിപ്പിക്കുവാനായി തന്റെ ഇരുപതാം വയസ്സില്‍ നിരവധി
രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും ഓരോ നാട്ടിലുമുള്ള ഔലിയാക്കളില്‍ നിന്നും
ഉലമാക്കളില്‍ നിന്നും ബാഹ്യാന്തരീകവിജ്ഞാനങ്ങളുടെ അഭിവൃദ്ധിക്കായി പരമാവധി ഉപകാരം
നേടിയെടുക്കുകയും തന്റെ ലക്ഷ്യപ്രാപ്‍തിക്കായി വിവിധ ആത്മീയസരണകളെ പുല്‍കുകയും
ചെയ്‍തു. അവയില്‍ ഖല്‍വതിയ്യഃ, ശാദുലിയ്യഃ, ഖല്‍വതിയ്യഃ തുടങ്ങിയ ത്വരീഖത്തുകള്‍
ശ്രദ്ധേയമാണ്. എന്നാല്‍ ഇത് കൊണ്ടെന്നും തന്റെ പരമലക്ഷ്യത്തിലേക്ക് എത്തിപ്പെടാന്‍
മഹാനവര്‍കള്‍ക്കായില്ല. അതിനാല്‍ തിരുദൂതരുടെ മേലുള്ള സ്വലാത്തിനെ അധികരിപ്പിച്ച്
കൊണ്ട് ആത്മീയമുന്നേറ്റം നടത്താന്‍ മഹാനവര്‍കള്‍ തീരുമാനിച്ചു. താമസിയാതെ അതിലൂടെ
തന്റെ ലക്ഷ്യപ്രാപ്‍തി അവിടുന്ന് നേടിയെടുത്തു. അള്‍ജീരിയയിലെ പ്രസിദ്ധ ഖുതുബ്
അബൂസംഗൂന്‍(റ)വിന്റെ നാട്ടില്‍ വെച്ചുണ്ടായ ഒരു അനുഗ്രഹീതവേളയില്‍ തിരുദൂതരുമായി അവിടുന്ന് ഉണര്‍ച്ചയില്‍ ഒരുമിച്ച് കൂടുകയും അന്നേരം അഹ്‍മദിയ്യഃ
ഔറാദുകള്‍ ചൊല്ലിക്കൊടുത്ത് അതുമായി ജനങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അവിടുന്ന്
കല്‍പിക്കുകയും ചെയ്‍തു. അതിനു മുമ്പ് വരെ പേരിനെയും പ്രശസ്‍തിയെയും അങ്ങേയറ്റം
വെറുത്തിരുന്ന ശൈഖവര്‍കള്‍ പല ത്വരീഖത്തുകളുടെയും ഖിലാഫത്ത് സ്ഥാനം വെച്ച്
നീട്ടപ്പെടുകയും പല രാജാക്കന്മാരുടെയും ബഹുമാനാദരവുകളോട് കൂടിയുള്ള ഉന്നത്
സ്ഥാനമാനങ്ങള്‍ തന്നെത്തേടിയെത്തിയിട്ടും അതൊന്നും സ്വീകരിക്കാതെ ഓടിയൊളിക്കുകയായിരുന്നു.
എന്നാല്‍ പുണ്യദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കല്‍പന വന്നതോടെ
പൊതുജനങ്ങളിലേക്ക് അവിടുന്ന് ഈ മഹത്തായ ത്വരീഖത്തുമായി ഇറങ്ങിവന്നു. അങ്ങനെ
ആയിരക്കണക്കിന് ജനങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൂട്ടംകൂട്ടമായി മഹാനവര്‍കളുടെ
സന്നിധിയേലക്ക് ഒഴുകാന്‍ തുടങ്ങി. ഈ സംഭവങ്ങളൊക്കെയും സയ്യിദീ അഹ്മദ്
തിജാനി(റ)വിന്റെ മുരീദുമാരും അല്ലാത്തവരുമായ മിക്ക ചരിത്രകാരന്മാരും തങ്ങളുടെ
ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വസ്‍തുത ഇതായിരിക്കെ, പുണ്യദൂതരിലേക്ക് ചെന്ന്
ചേരുന്ന ഗുരുപരമ്പര ഇല്ലാത്ത ത്വരീഖത്താണ് തിജാനിയ്യഃ എന്ന വിവാദത്തിന്റെ
അടിസ്ഥാനരാഹിത്യം മനസ്സിലാക്കാനായി നമുക്ക് നിശ്പക്ഷമായ ഒരു അന്വേഷണത്തിലേക്ക്
ശ്രദ്ധ തിരിക്കാം.
ഈജിപ്‍തിലെ മുഹദ്ദിസും വിഖ്യാതപണ്ഡിതനുമായ
അല്ലാമഃ മുഹമ്മദ് ഹാഫില്വ് തിജാനി(റ) രേഖപ്പെടുത്തുന്നു :
"സയ്യിദീ അഹ്മദ് തിജാനി(റ), തന്റെ
പ്രാരംഭകാലത്ത് നിരവധി ശൈഖുമാരുമായി സഹവാസം പുലര്‍ത്തിയിരുന്നു. അവരുമായുള്ള
സഹവാസത്തിലൂടെ പ്രാപ്യമാക്കേണ്ടവയൊക്കെ കരസ്ഥമാക്കിയെങ്കിലും അവയൊന്നും മഹാനവര്‍കളെ
തൃപ്‍തിപ്പെടുത്തിയില്ല. അങ്ങനെ അല്ലാഹുവിന് ആരാധന ചെയ്യുന്നതിലും തിരുനബി
സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുന്നതിലുമായി
തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മേലുള്ള സ്വലാത്ത്, ഒരു ശൈഖിനെക്കൂടാതെ
തന്നെ ലക്ഷ്യപ്രാപ്‍തി നേടത്തരുമെന്നത് അറിയപ്പെട്ട വസ്‍തുതയാണല്ലോ...
സ്വലാത്തിന്റെ പാതയിലൂടെ ലക്ഷ്യപ്രാപ്‍തി കൈവരിച്ച ധാരാളം
മഹാത്മാക്കള്‍ ഔലിയാക്കളുടെ കൂട്ടത്തിലുണ്ട്. ശൈഖ് നൂറുദ്ദീന്‍ ശൗനി(റ), അല്‍
ആരിഫുല്‍ മത്ബൂലി(റ), സയ്യിദീ അബ്‍ദുര്‍ റഹീം ഖനാഈ(റ) തുടങ്ങി മറ്റ് പലരും ഈ
ഗണത്തില്‍ പെട്ടവരത്രെ.
സയ്യിദീ അഹ്മദ് തിജാനി(റ)വിന്റെ കാര്യവും ഇത്തരത്തില്‍
തന്നെ പോയിക്കൊണ്ടിരിക്കവെ മഹാനരുടെ മുന്നില്‍ തിരുദൂതര്‍J പ്രത്യക്ഷപ്പെടുകയും ശൈഖവര്‍കളെ തെരഞ്ഞെടുത്ത് സവിശേഷമായ ആത്മീയശിക്ഷണത്തിലൂടെ
നിയന്ത്രണം ഏറ്റെടുക്കുകയും അഭ്യസിക്കേണ്ടവ ചൊല്ലിക്കൊടുക്കുകയും ചെയ്‍തു. ഇതിന്
മുമ്പ് സ്വലാതുല്‍ ഫാതിഹ് കൊണ്ടായിരുന്നു സയ്യിദുനാ(റ) സ്വലാത്ത് ചൊല്ലിയിരുന്നത്.
പിന്നീടത് ഉപേക്ഷിക്കുകയും മറ്റൊരു വചനത്തില്‍ ഏര്‍പ്പെടുകയും ചെയ്‍തു... അപ്പോള്‍
ശൈഖവര്‍കളോട് സ്വലാത്തുല്‍ ഫാതിഹില്‍ തന്നെ വ്യാപൃതനാവാന്‍ അവിടുന്ന് കല്‍പിച്ചു.
അനന്തരം ഇസ്‍തിഗ്ഫാര്‍, തിരുദൂതരുടെ മേലുള്ള സ്വലാത്ത്, തുടങ്ങിയവ കൊണ്ട് തല്‍ഖീന്‍
ചൊല്ലിക്കൊടുത്തു... പിന്നീട് തിരുനബി J ഹയ്‍ലല കൊണ്ട് മഹാനവര്‍കള്‍ക്ക് വിര്‍ദ് പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്‍തു.
അവിടുത്തെ പവിത്രമായ ആത്മാവ് സയ്യിദുനാ(റ)വിലേക്ക് ആത്മീയസഹായം
ഒഴിക്കുക്കൊടുക്കുകയും മഹാനവര്‍കളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‍തു
കൊണ്ടേയിരുന്നു. അങ്ങനെ തനിക്കായി മാറ്റിവെക്കപ്പെട്ട ഒരു പദവിയിലേക്ക്
സയ്യിദുനാ(റ)വിന് എത്തിച്ചേരാനായി. പരമസത്യവാന്‍ തന്റെ തൃപ്‍തിക്കായും
ഔദാര്യത്താലും ശൈവര്‍കള്‍ക്ക് അവകാശമാക്കിക്കൊടുത്ത ഒരു മഹത് സ്ഥാനമായിരുന്നു അത്.
സൂക്ഷമജ്ഞരായ പണ്ഡിതമഹത്തുക്കളുടെ അടുക്കല്‍ ഇത്തരം
ആത്മീയശിക്ഷണത്തിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് തര്‍ബിയത്തുര്‍റൂഹാനിയ്യഃ
എന്നോ തര്‍ബിയത്തു ഉവൈസിയ്യഃ എന്നോ ആണ്. കാരണം ഉവൈസ്(റ)വിനെ തര്‍ബിയത്ത്
ചെയ്യപ്പെട്ട നിലയില്‍ തിരുനബിJയുടെ പവിത്രമായ
ആത്മാവാണ് ആത്മീയശിക്ഷണം ചെയ്യുന്നത്. ശാരീരികമായ സംഗമത്തിലൂടെ മുത്തുനബി J ബന്ധപ്പെട്ടിട്ടുമില്ല.
റൂഹാനിയ്യായ ആത്മീയശിക്ഷണത്തില്‍ രണ്ട് റൂഹുകളും ഒരുമിച്ച്
കൂടണമെന്നല്ലാതെ മറ്റൊരു നിബന്ധനയുമില്ല. രണ്ട് പേരും ഒരുമിച്ചോ അല്ലെങ്കില്‍
അവരിലാരെങ്കിലുമോ ഐഹികലോകത്തോ മറ്റെവിടെയെങ്കിലുമോ ആയാലും ഇക്കാര്യത്തില്‍ സമമാണ്.
ഇഹലോകത്തുള്ളവരുമായി പരലോകത്തുള്ളവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് ജല്‍പിക്കുന്ന
വിവരദോഷികളുടെ വാദങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ല. നിരര്‍ത്ഥകമായ ഒരു വാദം
മാത്രമാണത്. അല്ലാഹുവിന്റെ ഉടമസ്ഥാവകാശം നിസ്‍തുലമാണ്. മരിച്ചവരുടെ ആത്മാവ്
അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോവുകയില്ല. പൂര്‍ണ്ണമായ നാശം
അടയുകയുമില്ല. ഒരു ഗേഹത്തില്‍ നിന്ന് മറ്റൊരു ഗേഹത്തിലേക്ക് നീക്കം ചെയ്യപ്പെടുക
മാത്രമാണുണ്ടാകുന്നത്. അത്യുന്നതവാനും പ്രതാപവാനുമായ അല്ലാഹു അറിയുന്ന നിലയില്‍
പ്രപഞ്ചത്തില്‍ അത് നിലനിന്ന് കൊണ്ടേയിരിക്കും. ജീവനുള്ള ആത്മാവ് സ്വപ്‍നത്തില്‍
മരണപ്പെട്ട ആത്മാക്കളോടൊപ്പം സംഗമിക്കുന്നത് സ്ഥിരപ്പെട്ട സത്യമാണ്. ഏതൊരുവന്‍
ഉറക്കത്തില്‍ അവരെ സമ്മേളിപ്പിക്കുന്നുവോ, അവന്‍ ഉണര്‍ച്ചയിലും അവരെ ഒരുമിച്ച്
കൂടും. അവന്റെ അധികാരത്തിന് ചുവട്ടിലാണ് അണ്ഡകടാഹത്തിലെ മുഴുവന്‍ വസ്‍തുക്കളും.
ഒരു മുസ്‍ലിമിന്റെ സലാം മരണപ്പെട്ടവന്‍ കേള്‍ക്കുമെന്നും അതിന് പ്രത്യുത്തരം
ചെയ്യുമെന്നതും യാഥാര്‍ത്ഥ്യം തന്നെ. മാത്രമല്ല ജീവിച്ചിരിക്കുന്നവനെ
അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ മരണപ്പെട്ടവനും ശല്യമാണെന്നതും
സ്ഥിരീകരിക്കപ്പെട്ടതത്രെ.
ഈ മഹാത്മാവിന്റെ ലക്ഷ്യപ്രാപ്‍തിയുടെ മാര്‍ഗ്ഗം
നിനക്കിപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. അവിടുത്തെ ആസ്‍പദം തിരുനബി J തന്നെയാണ്. സയ്യിദുനാ(റ) തന്നെ പ്രഖ്യാപിക്കട്ടെ.
നിശ്ചയം, നാം എണ്ണമറ്റ ആത്മീയഗുരുന്ഥാന്മാര്‍ക്ക്
ശിഷ്യപ്പെട്ടു. പക്ഷെ അവരില്‍ നിന്നും ലക്ഷ്യസമ്പാദനത്തിന് അല്ലാഹു വിധി നല്‍കിയില്ല.
ഈ ആത്മീയസരണിയിലെ നമ്മുടെ ആസ്‍പദവും അവലംബവുമെല്ലാം തിരുനബി J മാത്രമാണ്. നമ്മുടെ പ്രാപ്‍തിയും ആത്മീയവിജയവും അവിടുത്തെ കരങ്ങളിലൂടെയാണ്
അല്ലാഹു നടപ്പിലാക്കിയത്. അവിടുന്നല്ലാത്ത മറ്റ് മഷാഇഖുമാര്‍ക്ക് നമ്മില്‍ യാതൊരു
നിയന്ത്രണവുമില്ല. അവിടുന്ന് നമുക്ക് മതിയായവരത്രെ".
{ഖസ്ദുസ്സബീല്‍))}
സ്വലാത്തുകളിലൂടെ തിരുദൂതര്‍ J തന്നെ നേരിട്ട് തര്‍ബിയത്ത് ഏറ്റെടുക്കുമെന്നും അതിലൂടെ അത്യുന്നതമായ
സ്ഥാനമാനങ്ങളിലേക്കെത്തിച്ചേരുമെന്നും സയ്യിദീ മുഹമ്മദ് ഹാഫില്വ് തിജാനി(റ)
പറഞ്ഞതില്‍ ഒട്ടും സന്ദേഹമില്ല. സ്വലാത്തിന്റെ മഹത്വം പറയപ്പെടുന്ന ഗ്രന്ഥങ്ങളിലും
മറ്റും ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇതിനെ അടിവരയിടുന്ന നിലക്ക് തന്നെ, നിരവധി
മഹത്തുക്കള്‍ തങ്ങളുടെ ശൈഖ് തിരുനബി J പലപ്പോഴും
വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു :
"സയ്യിദീ ഇബ്റാഹീം അല്‍ മത്ബൂലി(റ)
ഇങ്ങനെ പറയാറുണ്ടായിരുന്നു ഈ ദുന്‍യാവില്‍ ഞങ്ങള്‍ അഞ്ച് പേര്‍ക്ക് തിരുദൂതര്‍Jയല്ലാതെ മറ്റൊരു ശൈഖും ഇല്ല. അല്‍ ജഈദി(റ) (സ്വന്തത്തെയാണ് ഇത് കൊണ്ട്
ബഹുമാനപ്പെട്ടവര്‍ ഉദ്ദേശിക്കുന്നത്), ശൈഖ് അബൂ മദ്‍യന്‍(റ), ശൈഖ് അബ്‍ദുല്‍ റഹീം
കന്നാവി(റ), ശൈഖ് അബുസ്സുഊദ് ബ്‍നു അബില്‍ അഷാഇര്‍(റ), ശൈഖ് അബുല്‍ ഹസന്‍
ശാദുലി(റ)".
{അല്‍ മിനനുല്‍ കുബ്റാ}
ഇതിനുമപ്പുറം തങ്ങളുടെ ത്വരീഖത്തിന്റെ സില്‍സില
നേരിട്ട് പുണ്യനബിJ തങ്ങളിലേക്ക് ചേര്‍ക്കുകയും
അതനുസരിച്ച് ത്വരീഖത്ത് നല്‍കപ്പെടുകയും ചെയ്യുന്ന സമ്പ്രദായവും നമുക്ക്
കണ്ടെത്താനാകും.
ഇമാം ശഅ്റാനി(റ) രേഖപ്പെടുത്തി :
"സയ്യിദീ അലിയ്യില്‍ ഖവാസ്സ്വ് ഇങ്ങനെ
പറഞ്ഞിരുന്നു ഈ ത്വരീഖത്ത് ഞാന്‍ സ്വീകരിച്ചത് സയ്യിദീ ഇബ്റാഹീം അല്‍
മത്ബൂലി(റ)വില്‍ നിന്നും മഹാനവര്‍കളുടെ തിരുദൂതര്‍Jയില്‍ നിന്ന് നേരിട്ടുമാണ് ".
തുടര്‍ന്ന് മഹാനവര്‍കള്‍ ഇങ്ങനെ അഭിമാനിക്കുന്നത് കൂടി
കാണാം :
"ഇന്ന് മിസ്‍റില്‍ വെളിവായിരിക്കുന്ന
ത്വരീഖത്തിന്റെ വക്താക്കളില്‍ എന്നെക്കാള്‍ തിരുനബിJയിലേക്ക് സനദിനാല്‍ അടുത്ത ഒരാളെയും എനിക്കറിയില്ല. കാരണം, എന്റെയും
അവിടുത്തേയും ഇടയില്‍ രണ്ടേ രണ്ട് വ്യക്തിത്വങ്ങള്‍ മാത്രമാണുള്ളത്. സയ്യിദീ
അലിയ്യുല്‍ ഖവാസ്സ്വും സയ്യിദീ ഇബ്റാഹീം അല്‍ മത്ബൂലിയും മാത്രം".
{അല്‍ മിനനുല്‍ കുബ്റാ}
സത്യത്തില്‍, അന്വേഷകര്‍ ഇത്തരമൊരു സംശയം
ഏറ്റെടുക്കുന്നതിന് മുമ്പ് തങ്ങളുടെ മുന്‍ഗാമികളുടെ സമ്പ്രദായത്തിലേക്കൊന്ന്
നോക്കിയിരുന്നെങ്കില്‍ ഈ സംശയം അസ്ഥാനത്താണെന്ന് ബോധ്യപ്പെടുമായിരുന്നു. കാരണം അഹ്‍ലുസ്സുന്നത്തിന്റെ
വക്താക്കള്‍ ചൊല്ലിവരുന്ന പല അദ്കാറുകളും സ്വലാത്തുകളും ഇപ്രകാരം അഹ്‍ലുസ്സുന്നത്തിന്റെ
വക്താക്കള്‍ ചൊല്ലിവരുന്ന പല അദ്കാറുകളും സ്വലാത്തുകളും ഇപ്രകാരം തിരുനബിJയില്‍ നിന്നും നേരിട്ട് മഹാത്മാക്കള്‍ സ്വീകരിച്ചിരുന്നതും അവരില്‍ നിന്നും ഈ
നിലക്ക് ഇജാസത്ത് നല്‍കുന്നതുമാണ്. പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിലെ അദ്കാറുകളുടെ
ഇജാസത്തും ഇപ്രകാരം തിരുനബിJയിലേക്ക് നേരിട്ട്
ചെന്നെത്തുന്നു. എന്നല്ലാതെ സയ്യിദീ അഹ്മദ് തിജാനി(റ)വിന് മുന്‍ഗാമികളില്‍
നിന്നും താബിഈങ്ങളിലൂടെ സ്വഹാബത്ത് വഴി പുണ്യനബിJയിലേക്ക് ചെന്ന് ചേരുന്ന ഗുരുപരമ്പര ഇല്ലെന്ന കണ്ടെത്തല്‍ അടിസ്ഥാനവിരുദ്ധം
മാത്രമാണ്. ഇതിനായി, പുണ്യദൂതര്‍Jയുടെ കല്‍പനപ്രകാരം
തിജാനിയ്യഃ ത്വരീഖത്തിന്റെ സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് സയ്യിദുനാ(റ)
സ്വീകരിച്ചിരുന്ന ഖല്‍വതിയ്യഃ ത്വരീഖത്തിന്റെ സില്‍സില ഇവിടെ പരാമര്‍ശിക്കുന്നത്
ഉചിതമായിരിക്കും.
അല്ലാഹു സുബ്ഹാനഹു വ തആലാ - സയ്യിദുനാ ജിബ്രീല്‍ (അ) - സയ്യിദുനാ
മുഹമ്മദ് റസൂലുല്ലാഹി J - സയ്യിദുനാ അലിയ്യ് ബ്നു
അബീ ത്വാലിബ്(ക:വ) - സയ്യിദുനാ ഹസന്‍(റ) - സയ്യിദീ ഹസന്‍ അല്‍ ബസ്വരി(റ) - സയ്യിദീ
ഹബീബ് അല്‍ അജമി(റ) - സയ്യിദീ ദാവൂദ് ആത്ത്വാഇയ്യ്(റ) - സയ്യിദീ മഅ്റൂഫ് അല്‍ കര്‍ഖിയ്യ്(റ)
- സയ്യിദീ അസ്സിര്‍രിയ്യ് അസ്സഖത്വി(റ) - സയ്യിദീ ജുനൈദ് അല്‍ ബഗ്ദാദി(റ) - സയ്യിദീ
മുഹമ്മദ് അല്‍ ബകരിയ്യ്(റ) - സയ്യിദീ വജീഹദ്ദീന്‍ അല്‍ ഖാദ്വി(റ) - സയ്യിദീ ഉമര്‍ അല്‍
ബകരിയ്യ്(റ) - സയ്യിദീ അബുന്നജീബ് അസ്സഹ്റവര്‍ദി(റ) - സയ്യിദീ ഖുത്വബുദ്ദീന്‍ അല്‍
അബ്ഹരിയ്യ്(റ) - സയ്യിദീ റുക്നുദ്ദീന്‍ മുഹമ്മദ് അസ്സന്‍ജാനി(റ) - സയ്യിദീ ഷിഹാബുദ്ദീന്‍
മുഹമ്മദ് അത്തബ്രീസി(റ) - സയ്യിദീ ജമാലുദ്ദീന്‍ അത്തബ്രീസി(റ) - സയ്യിദീ
ഇബ്റാഹീം അസ്സാഹിദ് അല്‍ കീലാനി(റ) - സയ്യിദീ മുഹമ്മദ് അല്‍ ഖല്‍വതിയ്യ്(റ) - സയ്യിദീ
ഉമര്‍ അല്‍ ഖല്‍വതിയ്യ്(റ) - സയ്യിദീ മുഹമ്മദ് ബീറാം അല്‍ ഖല്‍വതിയ്യ്(റ) - സയ്യിദീ
അല്‍ ഹാജ് ഇസ്സുദ്ദീന്‍(റ) - സയ്യിദീ സ്വദ്റുദ്ദീന്‍ അല്‍ ഖയാവി(റ) - സയ്യിദീ യഹ്യാ അല്‍ ബാകൂബി(റ)
- സയ്യിദീ മുഹമ്മദ് ബ്നു ബഹാഇദ്ദീന്‍ അല്‍ അര്‍സന്‍ജാനി(റ) - സയ്യിദീ ജമാല്‍ അല്‍ ഖല്‍വതിയ്യ്(റ)
- സയ്യിദീ ഖയ്റുദ്ദീന്‍ അത്തൂഖാദീ(റ) - സയ്യിദീ ശൈഖ് ഷഅ്ബാന്‍ അല്‍ ഖസ്ത്വമൂനി(റ) - സയ്യിദീ
സയ്യിദീ ഉമര്‍ അല്‍ ഫുആദീ(റ) - സയ്യിദീ ഇസ്‍മാഈല്‍ അല്‍ ജവ്റൂമീ(റ) - സയ്യിദീ അലി അഫന്‍ദി
ഖറാ ബാഷാ(റ) - സയ്യിദീ മുസ്‍ത്വഫാ അഫാന്‍ദി അല്‍ ഇദ്രിന്‍വി(റ) - സയ്യിദീ
അബ്ദുല്‍ ലത്വീഫ് അല്‍ ഖല്‍വതി അല്‍ ഹലബി(റ) - സയ്യിദീ മുസ്‍ത്വഫാ
ബ്നു കമാലിദ്ദീന്‍ അല്‍ ബകരി അസ്സ്വിദ്ദീഖി(റ) - സയ്യിദീ മുഹമ്മദ് അല്‍ ഹിഫ്നിയ്യ്(റ)
- സയ്യിദീ അശ്ശൈഖ് മഹ്മൂദ് അല്‍ കുര്‍ദിയ്യ്(റ) - സയ്യിദീ അഹ്മദ് തിജാനി അശ്ശരീഫ്
അല്‍ ഹസനി(റ).
{ജവാഹിറുല്‍ മആനി}
തിജാനി ത്വരീഖത്തിന്റെ വക്താവല്ലാത്ത പ്രസിദ്ധ മുഹദ്ദിസും ഫഖീഹും സുന്നീ
ഉലമാക്കളുടെ ഗുരുവര്യരും വിഖ്യാതചരിത്രകാരനുമായ മൊറോക്കോ പണ്ഡിതന്‍ സയ്യിദീ
മുഹമ്മദ് ബ്‍നു ജഅ്ഫര്‍ ബ്‍നു ഇദ്‍രീസ് അല്‍ കത്താനി(റ) രേഖപ്പെടുത്തുന്നത് നോക്കൂ
:
"സയ്യിദീ അഹ്മദ് തിജാനി(റ) ഇങ്ങനെ
പറഞ്ഞിരുന്നു : "പ്രസിദ്ധമായ വിര്‍ദില്‍ (അല്‍ വിര്‍ദുല്‍
മഅ്‍ലൂം) നമ്മുടെ ആസ്‍പദം തിരുദൂതര്‍ J ആകുന്നു. എന്നാല്‍ 'മുസബ്ബആതുല്‍
അഷറി'നെ നാം സ്വീകരിച്ചതാകട്ടെ നമ്മുടെ ഗുരുവര്യരായ ശൈഖ് മഹ്‍മൂദുല്‍ കുര്‍ദി(റ)വില്‍
നിന്നും നേരിട്ടാണ്. ബഹുമാനപ്പെട്ടവര്‍ അത് സ്വീകരിച്ചത് ഖള്ര്‍(അ)മില്‍
നിന്നുമായിരുന്നു. ഇനി ശാദുലി അഹ്സാബുകളും 'വല്വീഫഃ സറൂഖും' 'ദലാഇലുല്‍ ഖൈറാതും' 'അദ്ദവ്റുല്‍
അഅ്‍ലായു'മൊക്കെ ഏറ്റെടുത്തത് മദീനഃ മുനവ്വറിയിലെ നിവാസിയായ
നമ്മുടെ ഗുരുവര്യര്‍ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്‍ കരീം അസ്സമ്മാന്‍(റ)വില്‍
നിന്നാണ് ".
{സില്‍വതുല്‍ അന്‍ഫാസ്}
ഏതാനും ഉദാഹരണം മാത്രമാണിതൊക്കെ.
വൈജ്ഞാനികമായും ആത്മീയമായും മഹാനവര്‍കള്‍ നേടിയെടുത്ത പല ഉപകാരങ്ങളുടെയും തിരുനബിJയിലേക്ക് എത്തിപ്പെടുന്ന ഗുരുപരമ്പരകള്‍ നിരവധിയുണ്ട്. ഇതില്‍ പരിശുദ്ധ
തിജാനിയ്യഃ ത്വരീഖത്ത് അഥവാ അഹ്‍്മദിയ്യഃ ഔറാദുകളുടെ സനദ് മാത്രമാണ് നേരിട്ട്
തിരുദൂതരിJലേക്ക്
എത്തിപ്പെടുന്നത്. അതും ഔലിയാക്കള്‍ക്ക് അല്ലാഹു(സു) നല്‍കിയ കറാമത്തുകളുടെ
കൂട്ടത്തില്‍പ്പെട്ട പുണ്യനബിJയുമായി ആത്മീയമായി
സംഗമിക്കുക എന്ന സമ്പ്രദായത്തിലൂടെയും. അല്ലാതെ ഉറക്കത്തിലോ സ്വപ്‍നത്തിലോ അല്ല.
മഹാനായ ഇമാം ശഅ്റാനി(റ)
തന്നെ ഇടപെടട്ടെ :
"ഔലിയാക്കള്‍ തിരുദൂതര്‍Jയില്‍ നിന്നും ത്വരീഖത്ത് ഏറ്റെടുക്കുന്ന രൂപം എങ്ങനെയെന്നാല്‍ അവരുടെ
ആത്മാക്കള്‍ അവിടുത്തോടൊപ്പം സംഗമിക്കുന്നതിലൂടെയാണ്. അതും ഉണര്‍ച്ചയിലൂടെ
നേരിട്ട് സ്വീകരിക്കുന്ന അവസ്ഥയാണുണ്ടാവുക. മറിച്ച്, അവരുടെ ശരീരങ്ങളല്ല അത്
സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ, അവരുടെ ബന്ധപ്പെടല്‍ തിരുനബിJയുമായി സ്വഹാബത്ത് സംഗമിച്ച് പോലെയല്ല ".
{അല്‍ മിനനുല്‍
കുബ്റാ}
ഇക്കാര്യത്തെ പിന്താങ്ങിക്കൊണ്ട് സയ്യിദീ
മുഹമ്മദ് അല്‍ ഹാഫില്വ് തിജാനി(റ) ഇപ്രകാരം പേന ചലിപ്പിച്ചത് കാണാം :
"സഹവാസത്തിന് പല പദവികളുമുണ്ട്.
അവയിലേറ്റവും ഉത്കൃഷ്‍ടമായത് ആത്മാവ് ആത്മാവിനോടൊപ്പമുള്ള സഹവാസമാണ്.
പരിശുദ്ധതയുടെയും തെളിമയുടെയും ലോകത്ത് അവ രണ്ടും സംഗമിക്കുന്നു. അല്ലാഹുവിന്റെ
മേലാണ് അവരിരുവരും സംഗമിക്കുന്നത്. അല്ലാഹുവിന്റെ സംതൃപ്‍തിയില്‍ അവന്റെ മാര്‍ഗ്ഗത്തിലും
അവന്റെ അനുസരണയിലുമാണ് അവ പരസ്‍പരം സ്‍നേഹിക്കുന്നു. ഇത് തന്നെയാണ് മുഹമ്മദിയ്യഃ
ചര്യകളുടെ ആത്മാവ്. അല്ലാഹു(സു)വിന്റെ സാമീപ്യക്കാരായ ആത്മജ്ഞാനികള്‍ ഏകോപിച്ച
അവനിലേക്കുള്ള പാന്ഥാവാണിത്. ഔലിയാക്കളുടെ പാതയും ഇത് തന്നെയാണ്. ഇതാണവരെയെല്ലാം
കൂട്ടിച്ചേര്‍ക്കുന്നതും..."
{ഖസ്‍ദുസ്സബീല്‍}
അല്ലാഹുവിനെ പേടിക്കുന്ന അവന്റെ ഔലിയാക്കളെ
സ്‍നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിശ്പക്ഷമതികള്‍ക്ക് ഈ തെളിവുകളൊക്കെ
തന്നെ ധാരാളമാണ്. എന്നാല്‍ താന്‍ പിടിച്ച കൊമ്പിന് മൂന്ന് ചെവിയുണ്ടെന്ന്
വാദിക്കുന്നവരെ നമുക്ക് പരിഗണിക്കേണ്ടതേയില്ല. കാരണം അവരുടെ ലക്ഷ്യം അല്ലാഹു
പ്രകാശിപ്പിച്ച പ്രകാശത്തെ ഊതിക്കെടുത്തുക എന്നത് മാത്രമാണ്. അല്ലാഹു സത്യം
സത്യമായി അംഗീകരിക്കാനും അസത്യത്തെ വലിച്ചെറിയാനും തൗഫീഖ് നല്‍കുമാറാകട്ടെ...
അല്ലാഹുമ്മ ആമീന്‍