Friday, August 24, 2012

പണ്ഡിതാഭിപ്രായങ്ങള്‍

ഇനി നമുക്ക് അറിയേണ്ടത് ഈ മഹാത്മാവിനെ സംബന്ധിച്ച് സമകാലീനരും പില്‍ക്കാലക്കാരുമായ പണ്ഡിതമഹാത്മാക്കളുടെ അഭിപ്രായങ്ങളാണ്. നിശ്പക്ഷമതികളും സൂക്ഷ്‍മശാലികളും അതീവ ധിഷണാശാലികളുമായ മഹാത്മാക്കളെല്ലാം തന്നെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച് തൂലിക ചലിപ്പിച്ചത് ബഹുമാനാദരവുകളോടും മഹത്വവത്കരണത്തോടും കൂടിയായിരുന്നു. അവയൊക്കെയും ഇവിടെ പരാമര്‍ശിക്കുന്ന പക്ഷം വിരക്തിയുളവാക്കുന്ന ദീര്‍ഘതയിലേക്ക് എത്തിക്കുമെന്ന ഭയമുള്ളതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് ഉദ്ധരിക്കുന്നത്.

അല്ലാമഃ സയ്യിദീ യൂസുഫ് നബ്ഹാനി(റ)

കേരളത്തിലെ ആലിമീങ്ങള്‍ക്ക് ചിരപരിചിതനായ ഇമാം യൂസുഫ് നബ്ഹാനി(റ) തന്റെ ജാമിഉല്‍ കറാമാതില്‍ ഔലിയ എന്ന ഗ്രന്ഥത്തില്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ സംബന്ധിച്ച് പ്രസ്‍താവിക്കുന്നത് നോക്കൂ...
ഈ മഹാത്മാവ് ആത്മജ്ഞാനികളുടെ നേതാവും അത്യപൂര്‍വ്വരും ഉത്കൃഷ്‍ടരും അത്യുന്നത സാമീപ്യം സിദ്ധിച്ചവരായ ഔലിയാക്കളിലൊരാളുമാണ്. മഹാനവര്‍കളുടെ ഖലീഫയായ സയ്യിദീ അലി ഹറാസിം ബ്‍നുല്‍ അറബി അല്‍ ബര്‍റാദഃ അല്‍ ഫാസി മേലുദ്ധരിച്ച അവരുടെ ശൈഖിന്റെ മാഹാത്മ്യങ്ങളെയും ജീവചരിത്രത്തെയും സംബന്ധിച്ച് രചിച്ചിട്ടുള്ള തന്റെ കിതാബായ ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു :
"സയ്യിദുനാ(റ) കഠിനാധ്വാനികളായ പണ്ഡിതരിലും സന്മാര്‍ഗ്ഗാവലംബങ്ങളായ നേതാക്കാളിലും പെട്ടവരാണ്. പരിശുദ്ധ ദീനിന്റെയും അതിന്റെ അകക്കാമ്പുകളുടെയും വിജ്ഞാനങ്ങളുടെയും പ്രവര്‍ത്തന ങ്ങളുടെയും മഹത്വങ്ങളെ മേളിച്ചവരിലും ഉള്‍പ്പെട്ടവരാണ്. കൂടാതെ അതിമഹത്തായ ദൈവികാവസ്ഥകളുടെയും ഉത്കൃഷ്‍ഠമായ അത്യുന്നത പദവികളുടെയും ആത്മീയമായ ഉയര്‍ന്ന മനക്കരുത്തിന്റെയും പരമ കാരുണികമായ സംശുദ്ധ സ്വഭാവങ്ങളുടെയും സുപ്രസിദ്ധമായ പ്രവാചകചര്യാനുധാവന സരണിയുടെയും ലദുന്നിയായ ജ്ഞാനത്തിന്റയും ദുര്‍ലഭവും കൈമോശപ്പെട്ടതുമായ ദൈവീക രഹസ്യങ്ങളുടെയും അസാധാരണ സംഭവങ്ങളുടെയും അതിശയകരമായ കറാമത്തുകളുടെയുമൊക്കെ ശ്രഷ്‍ഠതകളെ ഒരുമിച്ച് കൂട്ടിയവരുമത്രെ. അതോടൊപ്പം സര്‍വ്വസമ്പന്നനായ ഖുതുബും സഹായം ചൊരിയുന്നവരായ ഗൗസും പരമകാരുണികനാല്‍ അനന്തരമെടുക്കുന്നവരും ദൈവികസാന്നിധ്യം സിദ്ധിച്ചവരായ നേതാവുമാണ്..."
ഇങ്ങനെ സൗന്ദര്യത്താലും മഹത്വത്താലുമുള്ള വിശേഷണങ്ങളില്‍ നിന്നും സയ്യിദുനാ(റ)വിനെ ശൈഖ് അലി ഹറാസിം വര്‍ണ്ണിക്കുന്നതിന്റെ അവസാനം വരെയും നീ വായിച്ചു കൊള്ളുക... ഈ വിശേഷണങ്ങള്‍ക്കും ഇതിനു മുകളിലുള്ളതിനും അര്‍ഹന്‍ തന്നെയാണ് ബഹുമാനര്‍. മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും ബഹുമാനപ്പെട്ടവരുടെ ത്വരീഖത്ത് വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും വ്യാപനമാണ് ഈ ഭാഗങ്ങളിലൊക്കെയും സംഭവിച്ചിരിക്കുന്നത്. അതിമഹത്തായ ഗുണഫലങ്ങളും സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനവും ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സയ്യിദുനാ(റ)വിന്റെ ജീവചരിത്രത്തിന്റെ മേലും അവിടുത്തെ ത്വരീഖത്തിന്റെ മേലും അതുമായ ബന്ധപ്പെട്ട അപൂര്‍വ്വമായ നേട്ടങ്ങളുടെ മേലും നിരീക്ഷണം നടത്താന്‍ ഒരുവന്‍ ഉദ്ദേശിച്ചാല്‍ മേല്‍ പ്രസ്‍താവിക്കപ്പെട്ട ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥവും ഇതിന്റെ വശങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹാനവര്‍കളുടെ ഖലീഫയുടെ ഖലീഫയായ സയ്യിദീ ഉമറുല്‍ ഫൂതിയുടെ രിമാഹ് എന്ന കൃതിയും അവന് പാരായണം ചെയ്യാവുന്നതാണ്. ഈ മഹാത്മാക്കളെത്തൊട്ടെല്ലാം അല്ലാഹു തൃപ്‍തിപ്പെടുകയും ഇവരുടെ അനുഗ്രഹം കൊണ്ട് അവന്‍ നമുക്ക് ഉപകാരം നല്‍കുകയും ചെയ്യട്ടെ... ആമീന്‍
{ജാമിഉല്‍ കറാമാതില്‍ ഔലിയ - 1 : 579}

സയ്യിദീ അഹ്­മദ് തിജാനി(റ)വിന്റെ സമകാലികരും അവിടുത്ത കണ്ടുമുട്ടിയവരും ആ മഹാത്മാവുമൊത്ത് ഒരുമിച്ച് കൂടിയവരുമെല്ലാം മഹാനവ­ര്‍കളെ അങ്ങേയറ്റം പ്രശംസിക്കുകയും വാഴ്­ത്തുകയും ചെയ്­തിട്ടുണ്ട്. മതപരമായി തെറ്റിദ്ധാരണക്ക് വിധേയരവാത്തവരും അങ്ങേയറ്റത്ത് ദൃഢജ്ഞാനികളുമായിരുന്നു അവരൊക്കെ. ഇതാ ശൈഖ് അല്ലാമഃ മുഹമ്മദ് ബ്­നു സുലൈമാന്‍ അല്‍ മനാഈ അത്തൂനിസി(റ)വിന്റെ അഭിപ്രായം. സയ്യിദുനാ(റ)വുമായി കൂടിക്കാഴ്­ച നടത്തിയ ശേഷം ബഹുമാനപ്പെട്ടവ­ര്‍ നടത്തിയ പ്രസ്‍താവനയാണിത് :
പ്രകടമായ ശരീഅത്തിന്റെ വിജ്ഞാനീയങ്ങളി­ല്‍ സമുദ്രസമാന പണ്ഡിത­ന്‍. ഞാ­ന്‍ കണ്ടവരില്‍ മഹാനവര്‍ക­ള്‍ക്ക് തുല്യനായി മറ്റാരുമില്ല. കര്‍മ്മശാസ്­ത്രഗ്രന്ഥങ്ങളി­ല്‍ നിന്ന് ഇബ്­നു ഹാജിബിന്റെ മുഖ്തസ്വ­ര്‍,ശൈഖ് ഖലീലിന്റെ മുഖ്തസ്വ­ര്‍,ഇമാം ബറാദഈയുടെ തഹ്ദീബ് എന്നിവ ആ പുണ്യാത്മാവിന് ഹൃദിസ്ഥമാണ്. കേട്ട കാര്യങ്ങളെല്ലാം ഒരൊറ്റ കേള്‍വിയി­ല്‍ തന്നെ അവിടുന്ന് ഹൃദിസ്ഥമാക്കാറുണ്ടെന്ന് എന്നോട് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരി,സ്വഹീഹ് മുസ്­ലിം,മുവത്വ എന്നീ ഗ്രന്ഥങ്ങള്‍ അവ­ര്‍ മനഃപാഠമാക്കിയിട്ടുമുണ്ട്. തൗഹീദ് സംബന്ധമായ ഗ്രന്ഥങ്ങളുടെ കാര്യത്തി­ല്‍ ബഹുമാനര്‍ ഇമാം ഗസാലി(റ)വിന് തുല്യനാണ്.
{കഷ്‍ഫുല്‍ ഹിജാബ് - 398}

ടുണീഷ്യയിലെ അത്യുന്നത പണ്ഡിതനും വിശ്വവിഖ്യാത ഇസ്‍ലാമിസര്‍വ്വകലാശാലയായ സൈതൂനയിലെ പരമോന്നത പദവി അലങ്കരിച്ചിരുന്നവരുമായ ശൈഖുല്‍ ഇസ്‍ലാം ഇബ്­റാഹീം ബ്­നു അബ്‍ദുല്‍ ഖാദിര്‍ റിയാഹി(റ)വും സയ്യിദീ അഹ്‍മദ് തിജാനി(റ)വുമായി ബന്ധം സ്ഥാപിച്ച കൂട്ടത്തില്‍പ്പെടുന്നു. മഹാവര്‍കള്‍ രേഖപ്പെടുത്തുന്നു :
അറിയുക, സൂചിപ്പിക്കപ്പെടുന്ന ശൈഖ് ലോകപ്രസിദ്ധരാണ്. അവിടുത്തെ മഹത്വത്തെക്കുറിച്ചുള്ള വിവരണങ്ങളും ബാഹ്യഗുപ്‍ത ജ്ഞാനങ്ങളിലുള്ള മികവും മുഴുവന്‍ ജനവിഭാഗങ്ങളിലുമെത്തിയിരിക്കുന്നു. ആത്മജ്ഞാന വിഷയത്തിലും മറ്റുമുള്ള ശൈഖവര്‍കളുടെ മൊഴിമുത്തുക­ള്‍ അവ്വിഷയകമായ ഏറ്റവും സത്യസന്ധതയേറിയ സാക്ഷ്യപ്പെടുത്തലുകളാണ്. വീട്ടി­ല്‍ വെച്ചും ഫാസ് നഗരത്തി­ല്‍ വെച്ചും സയ്യിദുനാ(റ) നടത്താറുള്ള ജ്ഞാനസദസ്സുകളി­ല്‍ പലതവണ ഞാന്‍ സംഗമിച്ചിട്ടുണ്ട്. ശൈഖവര്‍കളുടെ പിന്നിലായി ഞാ­ന്‍ അസ്വ­ര്‍ നിസ്­കരിച്ചു. അന്നത്തേതിലും സമ്പൂ­ര്‍ണ്ണവും സുജൂദും ഖിയാമും ദീര്‍ഘിച്ചതുമായൊരു നിസ്­കാരം ഞാ­ന്‍ വേറെ ദര്‍ശിച്ചിട്ടില്ല. പൂര്‍വസൂരികളുടെ അതേ നിസ്‍കാരം കാണാനിടയായതി­ല്‍ ഞാന്‍ അത്യധികം സന്തോഷിച്ചു.
{മുബര്‍റിദുസ്സ്വവാരിമി വല്‍ അസിന്നഃ - 2}

സയ്യിദീ അഹ്‍്മദ് തിജാനി(റ)വിന്റെ വൈജ്ഞാനികമായ മികവും അതുല്യതയും വളരെ വ്യക്തമായി രേഖപ്പെടുത്തിയ മഹാത്മാവാണ് അല്ലാമഃ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ അലവി(റ). ബഹുമാനപ്പെട്ടവര്‍ പറയുന്നു :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ വിശാലമായ ജ്ഞാനത്തിനും ഹൃദിസ്ഥതക്കും ഗ്രാഹ്യതക്കും ഉദാഹരണമാണ് ഫാസിലേക്ക് ശൈഖവര്‍കള്‍ കടന്നുവന്ന അവസരം. നമ്മുടെ ഗുരുവര്യര്‍ ഉദ്ധരിച്ചതനുസരിച്ച് അന്നവിടെ ബാഹ്യജ്ഞാനികളായ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. അവരൊക്കെയും മഹാനവര്‍കളോട് അങ്ങേയറ്റത്തെ വിദ്വേഷവും അസൂയയും വെച്ച് പുലര്‍ത്തിയതോടൊപ്പം എതിര്‍പ്പ് കാട്ടുകയും ചെയ്‍തു. ഇങ്ങനെയൊക്കെയായിട്ടും അവരിലൊരാള്‍ക്ക് പോലും തങ്ങളെതിര്‍ത്തിരുന്ന കാര്യങ്ങളില്‍ സയ്യിദുനാ(റ)വിനോട് നേരിട്ട് ശബ്‍ദമുയര്‍ത്താനോ കത്തിടപാട് നടത്താനോ സാധിച്ചിരുന്നുമില്ല. എന്നാല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വാകട്ടെ അവര്‍ക്ക് മറുപടി കൊടുക്കുകയും വിയോജിപ്പ് പ്രകടമാക്കുകയും ചെയ്‍തിരുന്നു.
സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് കൂട്ടിച്ചേര്‍ക്കുന്നു :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിനോട് അസൂയ പുലര്‍ത്തിയിരുന്നവര്‍ തന്നെ മഹാനവര്‍കളുടെ പല അറിവുകളും എടുത്തുദ്ധരിക്കുയും എന്നാല്‍ മഹാനവര്‍കളുടെ ശ്രേഷ്‍ഠത സ്‍പഷ്‍ടമാക്കാതെ ചില പണ്ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ് എന്നും പറയുകയും ചെയ്യുമായിരുന്നു.
{നുസ്ഹത്തുല്‍ മുസ്‍തമിഇ വല്ലാഫില്വ്}

വിശ്രതപണ്ഡിത­ന്‍ അല്ലാമഃ ശൈഖ് മുഹമ്മദ് ബ്­നു അഹ്­മദ് അക­ന്‍സൂസ്(റ)വും സയ്യിദീ അഹ്­മദ് തിജാനി(റ)വുമായി ബന്ധപ്പെട്ട ഉന്നതവ്യക്തിത്വമാണ്. മഹാനവ­ര്‍കളുടെ വാക്കുകള്‍:
പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനപണ്ഡിതന്മാരുടെയോ ഹദീസ്­വിശാരദന്മാരുടെയോ മൊഴികള്‍ പരസ്­പര വിരുദ്ധമായി പ്രശ്‍നസങ്കീര്‍ണ്ണമാവുന്നിടത്ത് "ശൈഖ് അഹ്­മദ് തിജാനി ഇങ്ങനെ പറഞ്ഞിരിക്കുന്നു" എന്ന് സച്ചരിതരായ എന്റെ ചില ഗുരുവര്യന്മാര്‍ പലവട്ടം പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. മഹാത്മാവിനെ അവ­ര്‍ പരമാവധി വാഴ്‍ത്തിപ്പറയുകയും ചെയ്യും. ബഹുമാനപ്പെട്ടവരെക്കുറിച്ച് പരമാര്‍ശിക്കുമ്പോഴെല്ലാം ഗുരുനാഥന്‍ ഇത്രയധികം മഹത്വവത്കരിക്കുന്ന ഈ ബഹുമാന്യവ്യക്തി ആരാണെന്ന് ഞാ­ന്‍ ജനങ്ങളോട് അന്വേഷിക്കാറുണ്ട്. എന്നോട് പറയപ്പെട്ടു : ഉന്നതസ്ഥാനീയനായ വലിയ്യും വിവിധ വിജ്ഞാനങ്ങളി­ല്‍ സമുദ്രസമാന പണ്ഡിതനുമാണ് ആ മഹാത്മാവ്. വ്യത്യസ്ഥ വൈജ്ഞാനിക മേഖലകളി­ല്‍ നിന്നായി തന്നോട് ആരായപ്പെടുന്ന ചോദ്യങ്ങ­ള്‍ക്കെല്ലാം ഉദ്ധരണികളും ഗ്രന്ഥപാരായണവുമില്ലാതെ വസ്­തുനിഷ്­ഠവും ആധികാരികവുമായ മറുപടി നല്‍കും. അവിടുന്ന് പറഞ്ഞു കൊടുക്കുന്ന മറുപടി ചോദ്യക­ര്‍ത്താവ് അപ്പടി പകര്‍ത്തിവെക്കുകയും ഒരു ആധികാരിക സ്രോതസ്സി­ല്‍ നിന്ന് നി­ര്‍ഗളിക്കുന്ന പോലെ ഹൃദിസ്ഥമാക്കി വെക്കുകയും ചെയ്യും.
{അല്‍ ജാവാബുല്‍ മുസ്‍കിത് - 250}

സയ്യിദീ അഹ്­മദ് തിജാനി(റ)വുമായി കൂടിക്കാഴ്­ച നടത്തിയ ക­ര്‍മ്മശാസ്­ത്രപണ്ഡിതനായ അല്ലാമഃ മുഹമ്മദ് ബ്­നു അബ്­ദില്ലാഹ് അ­ല്‍ ജീലാനി(റ) പറയുന്നു :
ശൈഖ് അഹ്‍മദ് ദൈവാന്വേഷണപാതയിലെ എന്റെ സഹോദരനാണ്. അവരുടെ അവസ്ഥാന്തരങ്ങളില്‍ ഞാനും എന്റെ അവസ്ഥാന്തരങ്ങളില്‍ ആ മഹാത്മാവും പരസ്‍പരനിരീക്ഷണം നടത്തിയിട്ടുണ്ട്. മതഭൗതിക പണ്ഡിതനും ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനങ്ങളെയും ഒരുപോലെ ഒരുമിച്ച് കൂട്ടിയവരുമായിരുന്നു. ബൗദ്ധികവും പ്രാമാണികവുമായ ജ്ഞാനങ്ങളില്‍ വലിയ മികവായിരുന്നു അവിടുന്ന് പുലര്‍ത്തിയിരുന്നത്. തികഞ്ഞ ദൈവഭക്ത­രും ജ്ഞാനിയമാണവ­ര്‍. അല്ലാഹുവിന്റെ വിഷയത്തി­ല്‍ മറ്റാരുടെയും ആക്ഷേപങ്ങ­ള്‍ ആ പുണ്യാത്മാവ് വകവെച്ചിരുന്നില്ല. സംരക്ഷിത പ്രദേശങ്ങ­ള്‍ക്കടുത്ത് അലഞ്ഞതുമില്ല. തുടക്കം മുതലേ നന്മയുടെ കാര്യത്തി­ല്‍ അദ്ദേഹത്തിലേക്കായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ധ്യാനി, പരിശ്രമി, ദൃഢചിത്ത­ന്‍, സ്ഥിരോത്സാഹി ഇവയെല്ലാമായിരുന്നു ആ പുണ്യാത്മാവ്. ഉന്നതസ്ഥാനീയരായ അനവധി ശൈഖുമാരോടൊപ്പം അവിടുന്ന് കഴിച്ചുകൂട്ടി. ശിക്ഷണകാര്യത്തില്‍ സമ്മതം ന­ല്‍കപ്പെട്ടു. മാതൃകായോഗ്യമായ വ്യക്തിത്വമായിരുന്നു. എന്റെ ധാരണ ശരിയാകുന്ന പക്ഷം അവിടുന്ന് കഷ്­ഫിന്റെ ആളുകളി­ല്‍ ഉ­ള്‍പ്പെട്ടവരാണ്.
ചിന്തിക്കൂ... സയ്യിദീ അഹ്­മദ് തിജാനി(റ)വിനെ എത്രമാത്രം മഹത്വവത്കരിച്ച് കൊണ്ടാണ് ഈ മഹാത്മാക്കളെല്ലാം പ്രസ്­താവന പുറപ്പെടുവിച്ചതെന്ന്. ഇപ്രകാരം തന്നെയാണ് ലോകപ്രശസ്­തരായ ഉലമാഅ് മൊത്തവും ഈ മഹാത്മാവിനെപ്പറ്റി വ്യക്തമാക്കിയിട്ടുള്ളതും. കൂടുതലറിയാനായി താഴെപ്പറയുന്ന ഗ്രന്ഥങ്ങ­ള്‍ കൂടി പരിശോധിക്കുക.
  • അശ്ശു­ര്‍ബു­ല്‍ മുഖ്തസ്വ­ര്‍ മി­ന്‍ മുഅയ്യിനി അഹ്­ലി­ല്‍ ഖ­ര്‍നിസ്സാലിസി അഷ­ര്‍
  • അല്ലാമഃ ശൈഖ് ജഅ്­ഫര്‍ ബ്­നു ഇദ്­രീസ് അ­ല്‍ കത്താനി(റ)
  • അ­ല്‍ യവാഖീതുസ്സമീനഃ ഫീ അഅ്­യാനി മദ്ഹബി ആലിമി­ല്‍ മദീനഃ
  • ശൈഖ് മുഹമ്മദ് ബഷീ­ര്‍ ല്വാഫി­ര്‍ അ­ല്‍ മദനി(റ)
  • ഷജറതുന്നൂറുസ്സകിയ്യഃ ഫീ ത്വബഖാതി­ല്‍ മാലികിയ്യഃ
  • ശൈഖ് മുഹമ്മദ് ബ്­നു മഖ്­ലൂഫ്(റ)
  • അ­ല്‍ ഇസ്­തിഖ്സ്വാ ഫീ അഖ്ബാരി­ല്‍ മഗ്­രിബി­ല്‍ അഖ്വ്­സ്വാ
  • ശൈഖ് അല്ലാമഃ ഇബ്­നു നാസ്വിറുസ്സലാവി(റ)
  • ഹി­ല്‍യതു­ല്‍ ബഷ­ര്‍ ഫീ അഅ്­യാനി­ല്‍ ഖ­ര്‍നിസ്സാലിസി അഷ­ര്‍
  • ശൈഖ് അബ്­ദു­ര്‍റസാഖ് അ­ല്‍ ബൈത്വാര്‍ (റ)
ഈ പറയപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാക്കളെല്ലാം തന്നെ ഇതര ത്വരീഖത്തുകളുടെ വക്താക്കളാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിശ്പക്ഷമതികളും വൈജ്ഞാനികമായി അത്യുന്നതി പ്രാപിച്ചവരുമായ ഈ മഹത്തുക്കളുടെ അഭിപ്രായം തന്നെ നമുക്ക് ധാരാളമാണ്. ഇതോടൊപ്പം തിജാനി പണ്ഡിതരുടെ ഗ്രന്ഥങ്ങളെക്കൂടി ഈ പട്ടികയി­ല്‍ പെടുത്തുന്ന പക്ഷം പേജുക­ള്‍ തന്നെ മാറ്റിവെക്കേണ്ടി വരും.

Wednesday, August 22, 2012

സയ്യിദീ അഹ്‍മദ് തിജാനി(റ)




പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഈ മഹത്തായ ത്വരീഖത്തിന്റെ സ്ഥാപകരായ അല്‍ ഖുതുബുല്‍ മക്‍തും സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയാണ്. ഈ പുണ്യാത്മാവിനോട് മുസ്‍ലിം ലോകത്തിന്റെ സമീപനം നാം കൃത്യമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ തിജാനിയ്യഃ ത്വരീഖത്തിനെ സംബന്ധിച്ചും വ്യക്തമായ ധാരണ നമുക്ക് ലഭ്യമാകൂ. സമകാലീനരും പില്‍ക്കാലക്കാരുമായ നിശ്‍പക്ഷമതികളും സൂക്ഷമശാലികളുമായ മുഴുവന്‍ പണ്ഡിതന്മാരും മഹാനവര്‍കളെ സംബന്ധിച്ച് അങ്ങേയറ്റം മഹത്വപ്പെടുത്തിയല്ലാതെ സംസാരിച്ചിട്ടില്ല. വളരെ ചെറിയ കാലത്തിനുള്ളില്‍ തന്നെ അനവധി ഗ്രന്ഥങ്ങളില്‍ അവിടുത്തെ ജീവചരിത്രം സ്ഥാനം പിടിച്ചു കഴിഞ്ഞു. ബഹുമാനപ്പെട്ടവരുടെ സ്ഥാനമാനങ്ങളും പണ്ഡിതന്മാരുടെ ഇടയിലെ അംഗീകാരവും നാം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവിടുത്തെ മോശപ്പെടുത്തി സംസാരിക്കുന്നവരുടെ ചതിക്കുഴികള്‍ നാം ഗൗരവത്തില്‍ എടുക്കാതെയാകും. തന്നിമിത്തം സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്‍വചനങ്ങളെയും അവിടുത്തെ ത്വരീഖത്തിനെയും അവജ്ഞയോടെ നോക്കാന്‍ നാം മടിയും കാണിക്കില്ല. അതിനാല്‍ ആദ്യമായി നമുക്ക് ഈ മഹത്തായ ത്വരീഖത്തിന്റെ സ്ഥാപകരെ പരിചയപ്പെടാം.

പില്‍ക്കാലക്കാരായ പണ്ഡിതമഹത്തുക്കളെ പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നും വിഖ്യാത ചരിത്രഗ്രന്ഥമായ സില്‍വതുല്‍ അന്‍ഫാസ് എന്ന കൃതിയെയാണ് സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച്  മനസ്സിലാക്കാനായി ഇവിടെ ഉപയോഗപ്പെടുത്തുന്നത്. പ്രത്യേകം അടിവരയിടേണ്ട കാര്യം ഈ ഗ്രന്ഥത്തിന്റെ രചയിതാവ് തിജാനിയ്യഃ ത്വരീഖത്തിന്റെ വക്താവല്ല എന്നതാണ്. പ്രസിദ്ധ മഗ്‍രിബീ പണ്ഡിതനും മഹാത്മാവുമായ സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്ഫര്‍ ബ്‍നു ഇദ്‍രീസ് അല്‍ കത്താനി(റ)(1)യാണ് സില്‍വതുല്‍ അന്‍ഫാസിന്റെ കര്‍ത്താവ്. സില്‍വതുല്‍ അന്‍ഫാസിലെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രത്തിന്റെ വിവര്‍ത്തനം :
ഇലാഹീസാമീപ്യം സിദ്ധിച്ച ഗുരുവര്യര്‍, പരിപൂര്‍ണ്ണനായ മാതൃകാപുരുഷന്‍, അഗാധജ്ഞാനമുള്ള ആത്മജ്ഞാനി, പരിശുദ്ധ ദീനിന്റെയും തിരുസുന്നത്തിന്റെയും ഉറച്ച പര്‍വ്വതം, സൂക്ഷ്‍മശാലികളുടെയും സന്മാര്‍ഗ്ഗികളുടെയും ശിലോച്ചയം, ഉന്നതങ്ങള്‍ കീഴടക്കിയ ബഹുമുഖപ്രതിഭ, അതീവ ധിഷണാശാലിയായ ഭാഗധേയന്‍, ശരീഅത്തിലും ഹഖീഖത്തിലും ഒരുപോലെ സമ്പൂര്‍ണ്ണത കൈവരിച്ചവര്‍, സര്‍വ്വസൃഷ്‍ടികളുടെ മേലും അനുഗ്രങ്ങളെയും പ്രഭകളെയും കോരിച്ചൊഴിഞ്ഞവര്‍, ദൃഷ്‍ടാന്തങ്ങളെയും നിഗൂഢതകളെയും വ്യക്തമാക്കിയവര്‍, ഔദാര്യത്തിന്റെയും അഭിമാനത്തിന്റെയും കേന്ദ്രം, തിരമാലകളുയര്‍ന്ന ഉഗ്രസമുദ്രം, തന്റെ വിശിഷ്‍ടതയാല്‍ പൊതുജനങ്ങളിലും വിശിഷ്‍ടരിലും സ്വീകാര്യത നേടിയവര്‍, അപൂര്‍വ്വപ്രതിഭാസം, മാനവജനതയുടെ പ്രകാശഗോപുരം, സമ്പൂര്‍ണ്ണനായ ഖുതുബ്, ഉപകാരിയായ ഗൗസ് ഇങ്ങനെ നിരവധി മഹത്വങ്ങളുടെ ഉടമയാണ് അബുല്‍ അബ്ബാസ് മൗലാഹ് അഹ്‍മദ് എന്നവര്‍. മാത്രമല്ല പുണ്യപണ്ഡിതനും ഉന്നതവലിയ്യുമായ അബൂ അബ്‍ദില്ലാഹ് മഹമ്മദ് ബ്‍നു മുഖ്‍താര്‍ ബ്‍നു അഹ്‍മദ് ബ്‍നു മഹമ്മദ് ബ്‍നു സാലിം അല്‍ ഷരീഫ് അല്‍ ഹസനി അല്‍ കാമിലി അത്തിജാനി എന്നവരുടെ പുത്രനും കൂടിയാണ്. ബഹുമാനരുടെ കുടംബപരമ്പര കടന്നുപോകുന്നതാകട്ടെ ഇമാം മുഹമ്മദ് അന്നഫ്‍സുസ്സകിയ്യഃ ബ്‍നു അബ്‍ദില്ലാഹ് അല്‍ കാമില്‍(റ)വിലേക്കാണ്.
ഹിജ്റഃ 1150ല്‍ ഐനുമാദ്വി എന്ന ചെറുപട്ടണത്തിലാണ് സയ്യിദീ അഹ്‍മദ് തിജാനി(റ) ജനിക്കുന്നത്. അവിടെത്തന്നെ സദാചാരനിഷ്‍ഠയിലും വിശ്വസ്‍തതയിലും സംരക്ഷണത്തിലും സൂക്ഷമതയിലുമായി മഹാന്‍ വളര്‍ന്നു. കഠിനാധ്വാനത്തിലും പരിശ്രമത്തിലും മുന്നിട്ടവരായും ഏകാന്തതയിലും ഏകാഗ്രതയിലും തത്പരരായും വായനയില്‍ വ്യാപൃതരായും ഖുര്‍ആന്‍ പാരായണം പതിവാക്കിയവരായും അവിടുത്തെ ബാല്യം മുന്നോട്ടു പോയി. അങ്ങനെ ഏഴാമത്തെ വയസ്സില്‍ അവിടുന്ന് പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് ദീനീവിജ്ഞാനം നേടുന്നതില്‍ ശ്രദ്ധചെലുത്തി. താമസിയാതെ വൈജ്ഞാനികമായി നേതൃസ്ഥാനം കൈവരിക്കുകയും അവയുടെ സാംരാംശങ്ങളൊക്കെ സ്വായത്തമാക്കുകയും ചെയ്‍തു.
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ദീനീവിജ്ഞാനങ്ങളിലെ ഗുരുവര്യന്മാരുടെ കൂട്ടത്തില്‍ അല്ലാമഃ സയ്യിദീ മബ്‍റൂക് ബ്‍നു ബൂ ആഫിയഃ അല്‍ മദ്വാവി അത്തിജാനി എന്നവരെയും കാണാവുന്നതാണ്. പിന്നീട്, നമ്മുടെ കഥാപുരുഷന്‍ മഗ്‍രിബ് (മൊറോക്കോ) ഭാഗത്തേക്ക് യാത്രയായി. ഫാസ് നഗരത്തിലേക്ക് ഹിജ്റഃ 1171ല്‍ അവിടുന്ന് എത്തിച്ചേര്‍ന്നു. അന്ന് ബഹുമാനര്‍ക്ക് 21 വയസ്സായിരുന്നു പ്രായം. ഹദീസ് ശ്രവണത്തിനും ശേഷിച്ച സമയങ്ങളില്‍ സിയാറത്തിനും സദ്‍വൃത്തരെ കണ്ടെത്തുന്നതിലുമായി അവിടുന്ന് ചുറ്റിനടന്നു. ഇക്കാലയളവില്‍, പരിപൂര്‍ണ്ണരായ മഷാഇഖുമാരില്‍ നിന്നും ആദ്യമായി സയ്യിദീ അഹ്‍മദ് തിജാനി(റ) കണ്ടുമുട്ടിയത് വാസാന്‍ ദേശത്തുള്ള മൗലായ് അത്ത്വയ്യിബ് വാസാനി(റ) വിനെയായിരുന്നു. ഈ പുണ്യാത്മാവില്‍ നിന്നും അനുഗ്രഹമെടുക്കുകയും ഔറാദുകള്‍ ഏറ്റെടുക്കുകയും ചെയ്‍തു. നമ്മുടെ കഥാപുരുഷന് ശൈഖ് വാസാനി(റ) ഔറാദുകള്‍ ചൊല്ലിക്കൊടുക്കാനുള്ള സമ്മതം നല്‍കിയെങ്കിലും തന്റെ സ്വന്തം കാര്യത്തില്‍ ശ്രദ്ധചെലുത്തിയിരുന്നതിനാല്‍ അത് മാത്രം അവിടുന്ന് ഏറ്റെടുക്കാന്‍ തയ്യാറായില്ല.
ഇത് കൂടാതെ മഹാനായ ഖുതുബ് മൗലായ് അഹ്‍മദ് അസ്സ്വഖലി(റ)വുമായും സയ്യിദീ അഹ്‍മദ് തിജാനി(റ) ബന്ധപ്പെട്ടു. എങ്കിലും ഈ പുണ്യാത്മാവില്‍ നിന്നും യാതൊന്നും അവിടുന്ന് ഏറ്റെടുത്തില്ല. എന്നല്ല, യാതൊരു കാര്യവും അവിടുന്നുമായി സംസാരിക്കുക പോലും ചെയ്‍തില്ല. പിന്നെ മഹാനവര്‍കള്‍ കണ്ടുമുട്ടിയത്, സബീബ് മലയിലെ ബനീവാന്‍ജലിലുള്ള മഹാനായ വലിയ്യ് സയ്യിദീ മുഹമ്മദ് ബ്‍നു ഹസന്‍ അല്‍ വാന്‍ജലി(റ)വിനെയാണ്. ഈ മഹാത്മാവില്‍ നിന്നും പുണ്യം കരസ്ഥമാക്കിയെങ്കിലും യാതൊരു ഔറാദും സ്വീകരിച്ചിരുന്നില്ല. അല്‍ ആരിഫ് ബില്ലാഹ് സയ്യിദീ അല്‍ അറബിയ്യ് ബ്‍നു അബ്‍ദില്ലാഹ് മഅ്‍ന്‍ അല്‍ അന്‍ദലുസി(റ)വുമായും ഫാസില്‍ വെച്ച് കൂടിച്ചേരാന്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനായി. ഈ പുണ്യാത്മാവ് കഥാപുരുഷന് വേണ്ടി ഒരുപാട് ദുആ ഇരന്നു.
ഖാദിരിയ്യഃ ത്വരീഖത്തിനെയും അത് നല്‍കുവാന്‍ അര്‍ഹതയുള്ള വ്യക്തിത്വത്തില്‍ നിന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) ഏറ്റെടുക്കുകയും കുറച്ച് കാലത്തിന് ശേഷം അത് ഉപേക്ഷിക്കുകയും ചെയ്‍തു. തുടര്‍ന്ന്, രീഫ് എന്ന ദേശത്തെ പ്രസിദ്ധനായ വലിയ്യ് സയ്യിദീ മഹമ്മദ് ബ്‍നു അബ്‍ദില്ല അത്തുസാനി(റ)വില്‍ നിന്നും നാസ്വിരിയ്യഃ ത്വരീഖത്ത് സ്വീകരിച്ചു. കുറെ കാലത്തിന് ശേഷം അതും ഒഴിവാക്കി. ഇതിന് ശേഷം ഔറാദുകള്‍ ഏറ്റെടുത്തത് താസയിലേക്ക് വാസമുറപ്പിക്കുകയും അവിടെത്തന്നെ മറമാടപ്പെടുകയും ചെയ്‍ത അബുല്‍ അബ്ബാസ് സയ്യിദീ അഹ്‍മദ് ത്വവ്വാഷ്(റ)വില്‍ നിന്നുമായിരുന്നു.
തുടര്‍ന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) മൊറോക്കോയില്‍ നിന്നും യാത്രയായി. സ്വഹാറയിലെ സയ്യിദീ ശൈഖ് എന്ന മഹാത്മാവിന്റെ ഖബറിടം നിലകൊള്ളുന്ന ബലദുല്‍ അബ്‍യദ്വിനെ ലക്ഷ്യം വെച്ചായിരുന്നു യാത്ര. ഇവിടെ അഞ്ച് വര്‍ഷത്തോളം പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും ആരാധാനകളിലും അധ്യാപനത്തിലും ഗ്രന്ഥപാരായണങ്ങളിലുമായി മഹാനവര്‍കള്‍ നിലകൊണ്ടു. ഇതിനിടയില്‍ തന്റെ മാതാപിതാക്കളുടെ ഗേഹം നിലകൊണ്ടിരുന്ന തന്റെ ജന്മനാടിനെ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി.
പിന്നീട്, തിലംസാന്‍ ദേശത്തിലേക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) യാത്ര പുറപ്പെട്ടു. അവിടെ പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും മറ്റ് വിജ്ഞാനങ്ങളിലും അധ്യാപനം നടത്തി കുറെ കാലം താമസമാക്കി. അല്ലാഹു(സു)വിന് ഇബാദത്ത് ചെയ്യുന്നതില്‍ അവിടുന്ന് കൂടുതല്‍ നിമഗ്‍നനായി. അങ്ങനെ വിജയത്തിന്റെ ലക്ഷണങ്ങളും കിരണങ്ങളും അവിടുത്തേക്ക് പ്രത്യക്ഷമാകാനും അത്ഭുതസംഭവങ്ങള്‍ വെളിവാകാനു തുടങ്ങി. ഹിജ്റഃ 1181ന്റെ ആരംഭത്തിലായിരുന്നു ഇത്.
തുടര്‍ന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) പരിശുദ്ധ ഹജ്ജ് കര്‍മ്മത്തെ ലക്ഷ്യമാക്കി തിലംസാനില്‍ നിന്നും യാത്ര പുറപ്പെട്ടു. അങ്ങനെ തൂനുസിലെത്തിയപ്പോള്‍ പൂര്‍ണ്ണമായും ഒരു വര്‍ഷത്തോളം അവിടെത്തങ്ങാനായിരുന്നു വിധിയുണ്ടായത്. അതിന് ശേഷം ഹിജ്റഃ 1187ല്‍ മഹാനവര്‍കള്‍ ഹജ്ജും സിയാറത്തും നിര്‍വ്വഹിച്ചു. യാത്രയിലുടനീളം പുണ്യാത്മാക്കളെയും പണ്ഡിതന്മാരെയും അന്വേഷിക്കുന്നത് അവിടുന്ന് ഉപേക്ഷിച്ചിരുന്നില്ല. സകല പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള മഹാത്മാക്കളെക്കൊണ്ടെല്ലാം അനുഗ്രഹം സിദ്ധിക്കുകയും അങ്ങനെ അനവധി പുണ്യവ്യക്തിത്വങ്ങളില്‍ നിന്നും പുണ്യപ്രാപ്‍തിക്ക് മഹാനവര്‍കള്‍ക്ക് അവസരമൊരുങ്ങുകയും ചെയ്‍തു.
സവാവഃ ദേശത്തുള്ള അബൂ അബ്‍ദില്ലാഹ് സയ്യിദീ മഹമ്മദ് ബ്‍നു അബ്‍ദിര്‍റഹ്‍മാന്‍ അല്‍ അസ്ഹരി(റ)വുമായി അവിടുന്ന് സംഗമിച്ചതും ഖല്‍വതിയ്യഃ ത്വരീഖത്ത് ഏറ്റെടുത്തതും പ്രത്യേകം സ്‍മരണീയമാണ്. ഈ മഹാന്‍ ത്വരീഖത്ത് സ്വീകരിച്ചത് ശൈഖ് ഹിഫ്‍നാവി(റ)യില്‍ നിന്നായിരുന്നു. ഇത് കൂടാതെ തൂനുസില്‍ വെച്ച് അബ്‍ദുസ്സ്വമദ് അര്‍രിഹവി(റ)യില്‍ നിന്നും ഈജിപ്‍തില്‍ വെച്ച് ശൈഖ് മഹ്‍മൂദുല്‍ കുര്‍ദി അല്‍ മിസ്‍രി അല്‍ ഇറാഖി(റ) ഇതേ ത്വരീഖത്തിന്റെ ഇജാസത്ത് സയ്യിദീ അഹ്‍മദ് തിജാനി(റ) നേടുകയുണ്ടായി. വീണ്ടും മക്കയില്‍ വെച്ച് ശൈഖ് അബുല്‍ അബ്ബാസ് അഹ്‍മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ ഹിന്ദി അല്‍ മക്കി(റ) എന്നവരുമായും സയ്യിദുനാ(റ) ബന്ധം സ്ഥാപിച്ചു. പക്ഷെ ഈ പുണ്യാത്മാവുമായി നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. പകരം തന്റെ സേവകന്‍ മുഖേന സന്ദേശങ്ങള്‍ അയക്കുക മാത്രമായിരുന്നു.
ജവാഹിറുല്‍ മആനിയില്‍ അതിന്റെ ഗ്രന്ഥകര്‍ത്താവ് പറയുന്നു :
"വിജ്ഞാനങ്ങളിലും രഹസ്യങ്ങളിലും വിശിഷ്‍ടകാര്യങ്ങളിലും ആത്മീയപ്രഭകളിലുമെല്ലാം സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ആസ്‍പദം ഈ പുണ്യാത്മാവാണ് "
പിന്നീട് സയ്യിദീ അഹ്‍മദ് തിജാനി(റ) മദീനയിലുണ്ടായിരുന്ന കാലയളവില്‍ പ്രസിദ്ധ ഖുത്വുബും ഉജ്ജ്വലപണ്ഡിതരും സമ്മാന്‍ എന്ന നാമം കൊണ്ട് വിശ്രുതരുമായ അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്‍ കരീം(റ)വുമായി സംഗമിക്കാനിടയായി. സയ്യിദീ മുസ്‍ത്വഫല്‍ ബകരി(റ)വിന്റെ ശിഷ്യഗണങ്ങളിലൊരാളായിരുന്നു ഈ പുണ്യാത്മാവ്. ഇവരില്‍ നിന്നും സയ്യിദീ അഹ്‍മദ് തിജാനി(റ) ഔറാദുകള്‍ സ്വീകരിക്കുകയും പുണ്യങ്ങള്‍ കരഗതമാക്കുകയും ചെയ്‍തു.
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സയ്യിദീ അഹ്‍മദ് തിജാനി(റ) അങ്ങനെ 1188ല്‍ തിലംസാനിലെത്തിച്ചേര്‍ന്നു. അവിടെ ആരാധനാകര്‍മ്മങ്ങളിലും അല്ലാഹുവിലേക്ക് മാര്‍ഗ്ഗദര്‍ശനം നടത്തുന്നതിലും അങ്ങേയറ്റം പരിശ്രമം നടത്തി കുറെ കാലം താമസമാക്കി. ശേഷം, തന്റെ കാലത്ത് മൊറോക്കോയുടെയും ഫാസിന്റെയും ഖുതുബായിരുന്ന മൗലായ് ഇദ്‍രീസ്(റ)വിനെ സിയാറത്ത് ചെയ്യുക എന്ന ലക്ഷ്യം വെച്ച് ഫാസിലേക്ക് യാത്ര തിരിച്ചു. ഹിജ്റഃ 1191ലായിരുന്നു ഇത്. താമസിയാതെ അവിടെ എത്തിച്ചേരുകയും സിയാറത്തിനായി കുറച്ച് കാലം അവിടെ തങ്ങുകയും ചെയ്‍തു. പിന്നീട് വീണ്ടും തിലംസാനിലേക്ക് മടങ്ങുകയും അവിടെ കുറച്ച് കാലം കൂടി കഴിച്ചുകൂട്ടി. തുടര്‍ന്ന് 1196ല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ) സ്വഹാറ ദേശങ്ങളിലേക്ക് യാത്ര നടത്തി. അങ്ങനെ അല്‍ ഖുത്വുബുല്‍ കബീര്‍ സയ്യിദീ അബൂ സംഗൂന്‍(റ)വിന്റെ നാട്ടില്‍ ഇറങ്ങുകയും പിന്നീട് അത്‍വാത് പോലുള്ള മറ്റ് നാടകളിലേക്ക് യാത്ര തുടരുകയും ചെയ്‍തു. ഈ ദേശത്ത് വെച്ച് സയ്യിദീ മുഹമ്മദ് ഫുദൈല്‍(റ)വിനെപ്പോലുള്ള ഏതാനും ഔലിയാക്കളുമായി സയ്യിദീ അഹ്‍മദ് തിജാനി(റ) സംഗമിക്കുകയും ചില പ്രത്യേകവിഷയങ്ങളെ അവരില്‍ നിന്ന് സ്വീകരിക്കുകയും ഒപ്പം ആ മഹാത്മാക്കള്‍ക്ക് ത്വരീഖത്ത് സംബന്ധമായ ഒരുപാട് വിജ്ഞാനങ്ങളും രഹസ്യങ്ങളും പകര്‍ന്ന് കൊടുക്കുയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം അബൂസംഗൂനിലേക്ക് തന്നെ സയ്യിദീ അഹ്‍മദ് തിജാനി(റ) മടങ്ങിയെത്തി. അവിടെത്തന്നെ താമസമാക്കുകയും ചെയ്‍തു.
അബൂസംഗൂനില്‍ വാസമുറപ്പിച്ച സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് ഇവിടെവെച്ച് തന്നെയായിരുന്നു അതിമഹത്തായ ആത്മീയവിജയം സംഭവിക്കുന്നത്. ഈ വേളയില്‍ സൃഷ്‍ടികള്‍ക്ക് മുഴുവനും ഔറാദ് ചൊല്ലിക്കൊടുക്കാനുള്ള സമ്മതം തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ മഹാനവര്‍കള്‍ക്ക് നല്‍കി. സയ്യിദീ അഹ്‍മദ് തിജാനി(റ)വാകട്ടെ, ഇതിന് മുമ്പ് സൃഷ്‍ടികളുമായുള്ള സഹവാസത്തെത്തൊട്ട് ഓടിയൊളിക്കുന്നവരായിരുന്നു. ഈ സംഭവമൊക്കെ നടക്കുന്നതും മുമ്പ് സൂചിപ്പിച്ച അതേ വര്‍ഷം തന്നെ അഥവാ ഹിജ്റഃ 1196ലാണ്.
ഈ സംഭവത്തിന് ശേഷം ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ അബൂസംഗൂനില്‍ വെച്ച് തന്നെ ഏറ്റവും ഉന്നതമായ ആത്മീയവിജയും അതിശക്‍തമായി കുത്തിയൊഴുകുന്ന ആത്മീയസഹായവും തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കരങ്ങളിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് കരസ്ഥമായി. ഇതോടെ അതീവരഹസ്യങ്ങളുടെയും ജ്ഞാനശോഭകളുടെയും പര്യായമായി മഹാനവര്‍കള്‍ മാറി. സകല ദേശത്ത് നിന്നും വലിയസംഘങ്ങള്‍ ബഹുമാനരെ അവിടുത്തെ സമക്ഷത്തിലേക്ക് കടന്ന് വരാന്‍ തുടങ്ങി.
ഹിജ്റഃ 1213 റബീഉല്‍ അവ്വല്‍ 17ന് പ്രസിദ്ധമായ ഫാസ് നഗരത്തില്‍ സ്ഥിരവാസമാക്കാനുള്ള ലക്ഷ്യത്തോടെ അബൂസംഗൂന്‍ എന്ന സ്വഹാറ മരുപ്രദേശത്ത് നിന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) യാത്ര പുറപ്പെട്ടു. ഇതേവര്‍ഷം തന്നെ റബീഉല്‍ ആഖര്‍ 6ന് ആ മഹാനഗരത്ത് മഹാനവര്‍കള്‍ പ്രവേശിച്ചു. തൊട്ടടുത്ത വര്‍ഷം 1214 മുഹര്‍റം മാസത്തില്‍ അല്‍ ഖുത്വുബാനിയ്യഃ അല്‍ ഗൗസിയ്യഃ എന്ന മഹത്‍പദവിയിലേക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) കാലെടുത്ത് വെച്ചു. അങ്ങനെ അവിടുന്ന് തേടിക്കൊണ്ടിരുന്ന മുഴുവന്‍ ആഗ്രഹങ്ങളെയും ഈ ഉന്നതപദവി കൊണ്ട് അവിടുന്ന് സാക്ഷാത്‍കരിച്ചു.
സയ്യിദീ അഹ്‍മദ് തിജാനി(റ) ഇപ്രകാരം പ്രസ്‍താവിക്കുമായിരുന്നു :
"അനവധി മഷാഇഖുമാരെത്തൊട്ട് നാം ഏറ്റെടുത്തു. പക്ഷെ അവരില്‍ നിന്നൊന്നും ലക്ഷ്യപ്രാപ്‍തി നേടിയെടുക്കാന്‍ അല്ലാഹു(സു) വിധി നല്‍കിയില്ല. അതിനാല്‍ ഈ മഹത്തായ ത്വരീഖത്തില്‍ നമ്മുടെ ഗുരുവും ആസ്‍പദവുമാകുന്നത് തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളാകുന്നു".
അവിടുന്ന് ഇങ്ങനെയും പറയുകയുണ്ട് :
"പ്രസിദ്ധമായ വിര്‍ദില്‍ (അല്‍ വിര്‍ദുല്‍ മഅ്‍ലൂം) നമ്മുടെ ആസ്‍പദം പുണ്യനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയാകുന്നു. എന്നാല്‍ മുസബ്ബആതുല്‍ അഷ്‍റിനെ നാം സ്വീകരിച്ചതാകട്ടെ നമ്മുടെ ഗുരുവര്യരായ ശൈഖ് മഹ്‍മൂദുല്‍ കുര്‍ദി അല്‍ മിസ്‍രി(റ)വില്‍ നിന്നും നേരിട്ടാണ്. ബഹുമാനപ്പെട്ടവര്‍ അത് സ്വീകരിച്ചത് ഖള്ര്‍(അ)മില്‍ നിന്നും നേരിട്ടായിരുന്നു. ഇനി ശാദുലി അഹ്സാബുകളും വദ്വീഫഃ സറൂഖും ദലാഇലുല്‍ ഖൈറാതും അദ്ദവ്‍റുല്‍ അഅ്‍ലായുമൊക്കെ ഏറ്റെടുത്തത് മദീനഃ മുനവ്വറയിലെ നിവാസിയായ നമ്മുടെ ഗുരുവര്യര്‍ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്‍ കരീം അസ്സമ്മാന്‍(റ)വില്‍ നിന്നാണ്".
ഏതൊരുവന്‍ തന്നെ കാണുന്നുവോ അവന്‍ യാതൊരു ശിക്ഷയോ വിചാരണയോ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നമെന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും താന്‍ ജനിച്ചത് മുതല്‍ മരിക്കുന്നത് വരെയുളള തന്റെ കാലക്കാര്‍ക്ക് വേണ്ടിയുള്ള ശുപാര്‍ശയും മരണശേഷം ഇരുപത് വര്‍ഷത്തുള്ളവരുടെയും കൂടി അധിക ശുപാര്‍ശയും അല്ലാഹു(സു) തനിക്ക് നല്‍കിയതായും സയ്യിദീ അഹ്‍മദ് തിജാനി(റ) സ്‍മരിക്കാറുണ്ടായിരുന്നു.
അല്‍ ഇഷ്‍റാഫ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇങ്ങനെ രേഖപ്പെടുത്തുന്നു : തന്റെ പിതാവും പ്രസിദ്ധ മുഹദ്ദിസും സ്വൂഫിയുമായ അല്ലാമഃ അബുല്‍ ഫൈദ്വ് സയ്യിദീ ഹമ്‍ദൂന്‍(റ) എന്നവര്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അറിവിലും മഅ്‍രിഫത്തിലുമുള്ള മികവിനെ പുകഴ്‍ത്തുന്നവരായിരുന്നു. മാത്രമല്ല അവിടുന്ന് പറയും"നിശ്ചയം സയ്യിദീ അഹ്‍മദ് തിജാനി(റ) പരിപൂര്‍ണ്ണരായ ഔലിയാക്കളുടെ കൂട്ടത്തില്‍ പെട്ടവരാണ് ". കൂടാതെ 1205ല്‍ ഹജ്ജിനായ യാത്ര തിരിച്ച അവസരത്തില്‍ ഈ പുണ്യാത്മാവ് ഒരു ഖസ്വീദയിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ പുകഴ്‍ത്തിപ്പാടുകയും ചെയ്‍തു. പ്രസ്‍തുത വരികളിതാ :
إن شئت تصبح فى رياض آمــان * و أردت تغدو فى منى و آمـان 
 فعليك بــــالبدر المنير ســــنا أبى * العـباس أعنى احمد التجـــانى
شمس السيادة قطب دائرة الهدى * بدر الســعادة كوكب الاحسان 
بدر الـندى مبد لـنا حــكما سـمت * كــفرائد فــى الــعقد والــتيجان
حــبـر إمــام قد ســمـا بـمـعـارج * فـى الصـالحات ولم يكن مـتوان 
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ മഹത്വങ്ങളും ഉന്നതാവസ്ഥകളും നിരവധിയാണ്. അവയെ വിശാലമായി ഗ്രഹിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം മഹാനവര്‍കളുടെ അനുചരന്മാരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കട്ടെ. 
ഹിജ്റഃ 1230 ശവ്വാല്‍ മാസം 17 സുബ്ഹിക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) ഈ ലോകത്ത് നിന്ന് യാത്രയായി. മഹാനവര്‍കളുടെ ജനാസ നിസ്‍കാരത്തിന് ഭാഗഭാക്കാകാനായി ഫാസിലെ ഉലമാക്കളും സദ്‍വൃത്തരും പ്രധാനികളും ബഹുമാനികളും നേതാക്കളും അടങ്ങുന്ന എണ്ണിക്കണക്കാക്കാനാകത്ത വിധം വലിയൊരു ജനക്കൂട്ടം തന്നെ സന്നിഹിതരായിരുന്നു. അവര്‍ക്കൊക്കെ ഇമാമായി നിസ്‍കരിച്ചതാകട്ടെ, പ്രസിദ്ധ കര്‍മ്മശാസ്‍ത്രപണ്ഡിതനായ അല്ലാമഃ അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു ഇബ്റാഹിം അദ്ദുകാലി(റ)വാണ്. ജനങ്ങളെല്ലാം ആ പുണ്യശരീരത്തെ ചുമക്കാനായി മത്സരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ പ്രസിദ്ധമായ സാവിയയില്‍ തന്നെ ആ പവിത്രമേനിയെ അടക്കം ചെയ്‍തു. അവിടെയുള്ള സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അന്ത്യവിശ്രമകേന്ദ്രം അനുഗ്രഹനേട്ടമുള്ളതും സന്ദര്‍ശനബാഹുല്യായതും പവിത്രവും പാവനവും അതിപ്രസിദ്ധവുമാണ്.
  {സില്‍വതുല്‍ അന്‍ഫാസ് - സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ അല്‍ കത്താനി(റ)}

സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രത്തിലേക്ക് മഹാനായ ശൈഖ് മുഹമ്മദ് കത്താനി(റ) നടത്തിയ ഹ്രസ്വമായ എത്തിനോട്ടമാണിത്. തിജാനിയ്യഃ ത്വരീഖത്തിന്റെ വക്താവ് അല്ലാഞ്ഞിട്ട് കൂടി എത്ര മഹനീയമാക്കിയാണ് മഹാനവര്‍കള്‍ പേന ചലിപ്പിച്ചതെന്ന് നോക്കൂ. ഇതിലും കൂടുതല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന പക്ഷം ഈ ലേഖകന്‍ തന്നെ രചിച്ച, തിജാനിയ്യഃ ത്വരീഖത്ത് - സത്യാന്വേഷികള്‍ക്കൊരു സത്യസരണി എന്ന ഗ്രന്ഥം ഉപയോഗപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീന്‍

--------------------------------------------------------------------------------------------------------------

(1) സുപ്രസിദ്ധ സൂഫീ സരണിയായ കത്താനിയ്യഃ ത്വരീഖത്തിലെ മഹാവലിയ്യും മാലികീ കര്‍മ്മശാസ്‍ത്രപണ്ഡിതനും ചരിത്രകാരനും ഹദീസ്‍വിശാരദനുമാണ് അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ ബ്‍നു ഇദ്‍രീസ് അല്‍ കത്താനി അല്‍ ഹസനി(റ). ഹിജ്റഃ 1274ല്‍ വിഖ്യാതമായ ഫാസ് നഗരത്തിലാണ് മഹാനവര്‍കള്‍ ഭൂജാതനാകുന്നത്. അവിടെയുള്ള നിരവധി കര്‍മ്മശാസ്‍ത്രപണ്ഡിതന്മാരില്‍ നിന്നും മഹാനവര്‍കള്‍ വിവിധ വിജ്ഞാനങ്ങള്‍ കരഗതമാക്കി. സ്വന്തം പിതാവായ അല്ലാമഃ ജഅ്‍ഫര്‍ അല്‍ കത്താനി(റ), അല്ലാമഃ അഹ്‍മദ് ബന്നാനി കലാ(റ), അല്ലാമഃ ത്വയ്യിബ്‍ ബ്‍നു കീറാന്‍, അല്ലാമഃ ഖാദ്വി അബുല്‍ അബ്ബാസ് അഹ്‍മദ് അസ്സിജില്‍മാസി അല്‍ ഫാസി(റ) തുടങ്ങിവര്‍ അക്കൂട്ടത്തില്‍ പ്രധാനികളാണ്. ഏഴിലധികം വട്ടം മഹാനവര്‍കള്‍ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്. (ഇന്നത്തെ ഗതാഗതസൗകര്യമില്ലാത്ത കാലമാണെന്ന കാര്യം മറക്കരുത് ). ഹിജ്റഃ 1332ല്‍ മദീനഃ മുനവ്വറയിലേക്ക് മഹാനവര്‍കള്‍ യാത്രയായി. ഏതാണ്ട് ആറ് വര്‍ഷം അവിടെ താമസിച്ചതിന് ശേഷം അവിടെ നിന്ന് നീങ്ങുകയും ഹിജ്റഃ 1345ല്‍ സിറിയന്‍ തലസ്ഥാനം ഡമസ്‍കസിലേക്ക് താമസം മാറ്റുകയും ചെയ്‍തു. പിന്നീട് വീണ്ടും ഫാസിലേക്ക് തന്നെ മടങ്ങിയെത്തുകയും താമസിയാതെ അവിടെത്തന്നെ വഫാത്താകുകയും ചെയ്‍തു. ഹിജ്റഃ 1345 റമദ്വാന്‍ 16 ഞായറാഴ്‍ച രാത്രി 11 മണിക്കായിരുന്നു മഹാനവര്‍കള്‍ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നീങ്ങിയത്. ഫാസിലെ പ്രസിദ്ധ അന്ത്യവിശ്രമകേന്ദ്രമായ ബാബുല്‍ ഫുതുഹില്‍ മഹാവലിയ്യ് മൗലായ് ത്വയ്യിബ് അല്‍ കത്താനി(റ)വിന്റെ സമക്ഷം മഹാനവര്‍കളെ അടക്കം ചെയ്യപ്പെട്ടു. എന്നാല്‍ ഇരുപത് മാസങ്ങള്‍ക്ക് ശേഷം പ്രസ്‍തുത സ്ഥലത്ത് നിന്നും ഫാസ് നഗരത്തിലെ താന്‍ പണികഴിപ്പിച്ച സാവിയയിലേക്ക് അവിടുത്തെ ഭൗതികശരീരത്തെ നീക്കം ചെയ്യേണ്ടി വന്നു. യാതൊരു വിധ പകര്‍ച്ചയും മഹാനവര്‍കളുടെ ശരീരത്തിന് സംഭവിച്ചിരുന്നില്ലത്രെ. തബാറകല്ലാഹ്. പ്രസിദ്ധ തിജാനി പണ്ഡിതരും മൊറോക്കോ ഖാദ്വിയുമായ അല്ലാമഃ അഹ്‍മദ് സുകൈറിജ്(റ) മഹാനവര്‍കളെ സംബന്ധിച്ച് കവിത രചിച്ചിട്ടുണ്ട്.

80ലധികം രചനകള്‍ സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ കത്താനി(റ) നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് 'സില്‍വതുല്‍ അന്‍ഫാസ് വ തുഹ്ഫതുല്‍ അഖ്‍യാസ് ഫീ മന്‍ അഖ്ബറ മിനല്‍ ഉലമാഇ വസ്സ്വലഹാഇ ബി ഫാസ്'. ഫാസിലെ അഗ്രേസരന്മാരും അതിപ്രശസ്‍തരും മഹാവലിയ്യുമാരുമായ നിരവധി മഹത്തുക്കളുടെ ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ നമ്മുടെ ശൈഖവര്‍കളായ ഖുതുബുല്‍ മക്തും സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ സംബന്ധിച്ചും മഹാനവര്‍കള്‍ പേന ചലിപ്പിച്ചു. അതും അങ്ങേയറ്റം ബഹുമാനാദരവുകളോടെ തന്നെ. സില്‍വതുല്‍ അന്‍ഫാസിന്റെ പേജുകളില്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രം സ്ഥാനം പിടിച്ചത് കൊണ്ട് തന്നെ തിജാനിവിരോധികളുടെ കുപ്രചാരണങ്ങളും എതിര്‍പ്പുകളും അസ്ഥാനത്തായി. കാരണം ഈ മഹാന്‍ തിജാനി ത്വരീഖത്തിന്റെ പ്രാണേതാവോ അമരക്കാരനോ അല്ല. മറിച്ച് കത്താനിയ്യഃ എന്ന വിഖ്യാതസൂഫീസരണിയുടെ വക്താവാണ്.



സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ അല്‍ കത്താനി(റ)വിന്റെ ചരിത്രം കൂടുതലറിയാനായി താഴെ പറയുന്ന ഗ്രന്ഥങ്ങള്‍ പരിശോധിക്കാവുന്നതാണ്.

(1)ഷജറതു നൂറുസ്സകിയ്യഃ - ശൈഖ് മുഹമ്മദ് മഖ്‍ലൂഫ്  (1 : 619, 1719)
(2) ഫഹ്റുസുല്‍ ഫഹാരിസ് - ശൈഖ് അബ്‍ദുല്‍ ഹയ്യില്‍ കത്താനി (1 : 515 - 518)
(3)മുഅ്ജം - ശൈഖ് അബ്‍ദുല്‍ ഹഫീസ് അല്‍ ഫാസി  (1 : 64, 23)
(4)ഇത്ഹാഫുല്‍ മ്വതാലഅ്  (2 : 444)
(5)മുഅ്ജമുല്‍ മത്ബൂആതുല്‍ മഗ്‍രിബിയ്യഃ - ശൈഖ് അല്‍ ഖയ്‍തൂനി  (1 : 300-301, 678)
(6)മുഅ്ജമുല്‍ മത്ബൂആത് - ശൈഖ് യൂസുഫ് സര്‍കീസ് (1545)
(7)അല്‍ അഅ്‍ലാം - ശൈഖ് സര്‍കലി  (72-73)
(8) അല്‍ അഅ്‍ലാമുശ്ശര്‍കിയ്യഃ (1 : 367,472)
(9) അഅ്‍ലാമുല്‍ മഗ്‍രിബ് ഫില്‍ ഖര്‍നിര്‍റാബിഅ് അഷര്‍  (64)
(10)മവ്സൂഅതു അഅ്‍ലാമുല്‍ മഗ്‍രിബ്  (8 : 2961-2964)
(11)മുഅല്ലിമതുല്‍ മഗ്‍രിബ് (20:6762)
(12)നയ്‍ലുല്‍ മുറാദി ഫീ മഅ്‍രിഫതി രിജാലില്‍ ഇസ്‍നാദ് - അല്ലാമഃ ഹജൂബി (1: 28-40)
(13)ഖദമുര്‍റുസൂഖ് - അല്ലാമഃ അഹ്‍ദ് സുകൈറിജ് (പത്താം നമ്പര്‍ ചരിത്രം)
(14)ഉംദത്തുര്‍റാവീന്‍ ഫീ താരീഖ് തീത്വാവീന്‍ - ശൈഖ് അര്‍റഹൂനി (9 : 3-83)
(15)മുഅ്ജമുല്‍ മുഅല്ലിഫീന്‍ ( 9 : 150)
(16)ജാമിഉല്‍ കറവിയ്യീന്‍ - ശൈഖ് അബ്‍ദുല്‍ ഹാദി അത്താസി (3 : 819, 225)
(17)മുഅ്ജമുല്‍ വജീസ് - ശൈഖ് അഹ്‍മദ് ബ്‍നു അസ്സ്വിദ്ദീഖ് (26-27)
(18)മുഖ്തസ്വറുല്‍ ഉര്‍വതുല്‍ വുസ്‍ഖാ - ശൈഖ് അല്‍ ഹജൂബി (14,59)

(കടപ്പാട് - ഉസ്‍താദ് മുഹമ്മദ് റാദ്വി കന്നൂന്‍ അല്‍ ഇദ്‍രീസ് അല്‍ ഹസനി)

Tuesday, August 21, 2012

ആമുഖം


ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫീപരിഷ്‍കര്‍ത്താവും അതിമഹോന്നതമായ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമായ മഹാത്മാവാണ് അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദ് ബ്‍നു മുഹമ്മദ് തിജാനി അല്‍ ഷരീഫ് അല്‍ ഹസനി അല്‍ ഫാസി(റ). സൂഫീലോകത്തെ ഈ അത്യുജ്ജ്വല തേജസ്സിനെ സംബന്ധിച്ച് പുതുതായി കേള്‍ക്കുന്നവരാണ് മലയാളികളായ നമ്മി­ല്‍ ബഹുഭൂരിപക്ഷവും. ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിലെ ആത്മീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ഈ മഹാത്മാവ് തസ്വവ്വുഫിന്റെ മഹത്തായ ചിട്ടകളും നിയമങ്ങളും പുനരുജ്ജീവിപ്പിച്ചവരായിരുന്നു. സത്യത്തി­ല്‍ ഈ മഹാത്മാവിനെ സംബന്ധിച്ച നമ്മുടെ അജ്ഞത കേരളീയരായ നമുക്ക് നാണക്കേട് വരുത്തിവെക്കാ­ന്‍ മാത്രം പര്യാപ്­തമാണ്. കാരണം ലോകത്തിന്ന്, ഏറ്റവും കൂടുത­ല്‍ സത്യവിശ്വാസികളെ ആത്മസംസ്‍കരണം ചെയ്യുന്ന മഹത്തായ തിജാനിയ്യഃ ത്വരീഖത്തിന്റെ സ്ഥാപകനാണ് ഈ പുണ്യാത്മാവ്. അവസാനത്തെ കണക്കെടുപ്പ് അനുസരിച്ച് കോടിക്കണക്കിന് മുസ്­ലിമീങ്ങ­ളാണ് ഈ ത്വരീഖത്തി­ല്‍ അംഗത്വം സ്വീകരിച്ചിട്ടുള്ളത്. വൈജ്ഞാനികപ്രചരണത്തിലും മതപ്രബോധനത്തിലും ബിദഈ വിരുദ്ധ പോരാട്ടങ്ങളിലും അസൂയാവഹമായ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇത്രയധികം അംഗങ്ങളെക്കൊണ്ട് ഈ മഹത്തായ ത്വരീഖത്ത് ചുരുങ്ങിയ വ­ര്‍ഷങ്ങ­ള്‍ക്കുള്ളി­ല്‍ അഭിവൃദ്ധിപ്പെട്ടത്. ആഫ്രിക്ക­ന്‍ ഭൂഖണ്ഡത്തിലെ ഇസ്­ലാമിക പ്രബോധനത്തിന്റെയും സംസ്­കരണത്തിന്റെയും പ്രധാന പങ്ക് വഹിക്കുന്നതും പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്താണ്. സയ്യിദീ ഉമ­ര്‍ ഫൂത്വി(റ), സയ്യിദീ ഇബ്റാഹീം നയാസ് അ­ല്‍ കൗലഖി(റ) അടക്കമുളള നിരവധി തിജാനി മഹാത്മാക്കളിലൂടെയാണ് ആഫ്രിക്കയിലെ ഇസ്‍ലാമിന്റെ വള­ര്‍ച്ച അഭിവൃദ്ധിപ്പെട്ടത് തന്നെ. എല്ലാത്തിനുമുപരി ലോകത്ത് ഏറ്റവും കൂടുത­ല്‍ ഉലമാക്ക­ള്‍ നേതൃത്വം കൊടുക്കുന്ന ത്വരീഖത്തും പരിശുദ്ധ തിജാനിയ്യയാണ്. ഈ മഹത്തായ ത്വരീഖത്തിന്റെ വള‍ര്‍ച്ചയുടെ സുപ്രധാനമായ ഒരു കാരണം തന്നെ തുടക്കം മുതലേയുള്ള അത്യുജ്ജ്വലപണ്ഡിതന്മാരുടെ കുത്തൊഴുക്കാണ്. ആയിരത്തിലധികം അറബി ഗ്രന്ഥങ്ങ­ള്‍ മാത്രം മതി ഇരുന്നൂറ് വ­ര്‍ഷം പോലും പ്രായമില്ലാത്ത ഈ ത്വരീഖത്തിന്റെ പണ്ഡിത ബന്ധവും വള­ര്‍ച്ചയും മനസ്സിലാക്കാ­ന്‍...

ലോകത്തിന്ന് പരിശുദ്ധ തിജാനിയ്യഃ ഉന്നതങ്ങ­ള്‍ കീഴടക്കുകയാണ്. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിലുള്ള വ്യക്തിത്വങ്ങളൊക്കെ തിജാനിയ്യഃ സ്വീകരിച്ച് കൊണ്ടിരിക്കുന്നു. ഇത്രമാത്രം ഈ മഹത്തായ ത്വരീഖത് പ്രസിദ്ധമാകാന്‍ കാരണം മറ്റൊന്നുമായിരുന്നില്ല. സയ്യിദുനാ ഖുതുബുല്‍ മക്തൂം(റ)വിന്റെ ജീവിതവിശുദ്ധിയും ശരീഅത്തിലുള്ള കണിശതയും പ്രവാചകാനുധാവനത്തിലെ പരിപൂര്‍ണ്ണ ശ്രദ്ധയും സമുദ്രസമാനമായ ജ്ഞാനവും പാണ്ഡിത്യവും ത്വരീഖത്തിന്റെ ക്രമീകരണവും തിരുകുടുംബത്തോടുള്ള സ്­നേഹവും അവിടുത്തെ ഉന്നതസ്ഥാനവുമൊക്കെ കണ്ട് അവിടുത്തോടുള്ള മഹബ്ബത്തുണ്ടായിട്ടായിരുന്നു പ്രധാനമായും നിരവധി മഹത്തുക്കള്‍ ഈ പരിപാവനമായ ത്വരീഖത്തിലേക്ക് കടന്നു വന്നത്. ഇത്ര മാത്രം അത്യുന്നതി പ്രാപിച്ച ഒരു മഹത്തായ ത്വരീഖത്തിന്റെ ഉപജ്ഞാതാവിനെ തിരിച്ചറിയാതിരിക്കുന്നത് നമ്മുടെ ഒരു ന്യൂനതയാണെന്നത് നിസ്സംശയം പറയാം. എങ്കിലും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതമഹത്തുക്ക­ള്‍ക്ക് ഈ മഹാത്മാവിനെ പരിചയമില്ലായിരുന്നു എന്നു നാം ധരിച്ച് പോകരുത്. മഹാനായ ഇമാം അഹ്­മദ് കോയ ശാലിയാതി(റ), കക്കിടിപ്പുറം അബൂബക­ര്‍ മുസ്­ലിയാ­ര്‍ (റ) തുടങ്ങിയ മഹത്തുക്കളുടെ ഗ്രന്ഥം പരിശോധിച്ചാല്‍ തന്നെ അവര്‍ക്കൊക്കെ ഈ സൂര്യതേജസ്സിനെയും അവരുടെ ധിഷണാശാലികളായ ശിഷ്യഗണങ്ങളെയും അവരുടെ ഗ്രന്ഥങ്ങളെയും പരിചയമുണ്ടായിരുന്നതായി ഗ്രഹിക്കാവുന്നതാണ്. ഈ മഹാത്മാക്കളൊക്കെയും തന്നെ ആഗോളതലത്തിലെ ഇസ്­ലാമിക ചലനങ്ങളെ ഗ്രന്ഥങ്ങളിലൂടെയും വൈജ്ഞാനിക യാത്രകളിലൂടെയും മനസ്സിലാക്കിയിരുന്നു. എന്നാ­ല്‍ വിവരസാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ജീവിക്കുന്ന നാം ഉദാസീനതയുടെ കരങ്ങളി­ല്‍ അകപ്പെട്ടു എന്ന കാരണത്താ­ല്‍ മാത്രമാണ് സ്വൂഫീലോകത്തെ ഈ ഉജ്ജ്വലജ്യോതിസ്സിനെയും അവരുടെ ത്വരീഖത്തിനെയും തിരിച്ചറിയാതെ പോയത്.

പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്ത് കേരളത്തിലേക്ക് പ്രചാരപ്പെട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തുടക്കത്തില്‍ തന്നെ ഈ മഹത്തായ ത്വരീഖത്തിനെതിരെ ഉറഞ്ഞ് തുള്ളാന്‍ ഐഹികലോകത്തെ മാത്രം കാംക്ഷിക്കുന്ന കുപ്രസിദ്ധരായ ചില പണ്ഡിതവേഷധാരികള്‍ ധൈര്യം കാണിച്ചു.  മറ്റനേകം സത്യപാന്ഥാവുകളെ എതിര്‍ക്കുന്നതില്‍ തങ്ങളുടെ സ്ഥിരം പല്ലവി തന്നെ ഈ മഹത്തായ സൂഫീസരണിയോടും അവര്‍ കാട്ടുന്നുണ്ട്. എതിര്‍പ്പിന് നിദാനമാകുന്ന കൃത്യമായ ഒരു ന്യായവും അവരുടെ പക്കലില്ല. പകരം തങ്ങളുടെ തോന്നിവാസത്തിന് കൂട്ടുപിടിക്കാനും ആസ്‍പദമാക്കാനും തെരഞ്ഞെടുത്തതാകട്ടെ, ശപിക്കപ്പെട്ട തന്റെ നാവിന്റെയും തൂലികയുടെയും സഹായത്തോടെ നിരവധി ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ആക്ഷേപിച്ചും പരിഹസിച്ചും എതിര്‍ത്തും കുപ്രസിദ്ധി നേടിയ പൊന്മളക്കാരന്റെ കള്ളവും കപടവും നിറഞ്ഞ തിജാനിയ്യഃ വിമര്‍ശനങ്ങളെയാണ്. ഈ മുഫ്‍തിയുടെ കാപട്യവും തെമ്മാടിത്തവും കേരളത്തിലെ പ്രസിദ്ധ പണ്ഡിതസഭയായ സമസ്‍തയുടെ നിരവധി ഉലമാക്കള്‍ക്ക് വെളിവായിരുന്നിട്ട് കൂടി - ചിലരത് തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്‍തിട്ടുണ്ട് - സുന്നികളിലെ ചില സാത്വികരായ പ്രവര്‍ത്തകര്‍ പൊന്മളയിലെ വഞ്ചനാത്മകതയെ തിരിച്ചറിയാതെ അയാളുടെ തിജാനിയ്യഃ വിമര്‍ശനത്തില്‍ ആകൃഷ്‍ടരായിരിക്കുന്നു. തത്ഫലമായി പരിശുദ്ധ തിജാനിയ്യത്തിനെ സംശയത്തോടും വെറുപ്പോടും കൂടി അവര്‍ നോക്കി. ആയതിനാല്‍, സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്വത്തെയും അവിടുത്തെ ത്വരീഖത്തിന്റെ സത്യാവസ്ഥയെയും ആഗോളതലത്തില്‍ അതുണ്ടാക്കിയ ചലനങ്ങളെയും സംബന്ധിച്ച് കേരളീയജനതയെ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഒപ്പം തിജാനികളുടെ ശത്രുക്കളായ ഒഹാബികളുടെ കള്ളവാദങ്ങളെ കൂട്ടുപിടിച്ച പൊന്മളക്കാരന്റെ വഞ്ചനയെയും കിതാബുകളിലെ ഇബാറത്തുകളെ വക്രീകരിച്ചും ആവശ്യമുള്ളിടത്ത് ഇല്ലാത്ത കിതാബുകളുടെ ഇല്ലാത്ത ഉദ്ധരണികള്‍ തന്നെ എടുത്ത് കാണിക്കുകയും ചെയ്‍ത അയാളുടെ ശപിക്കപ്പെട്ട ലേഖനത്തിന്റെ സത്യാവസ്ഥയെയും സമൂഹമധ്യത്തില്‍ ബോദ്ധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരിക്കുന്നു.

ചക്രവാളങ്ങളിലാകെയും ഫിത്‍നയുമായി നടക്കുന്ന സാക്ഷാല്‍ ഇബ്‍ലീസുമായി ഒരു സാധാരണ മുസ്‍ലിം എതിരിടുക എന്നത് എത്രമാത്രം ശ്രമകരമാണോ അപ്രകാരമാണ് ഐഹികലോകത്തെ കാംക്ഷിക്കുന്ന മലയാളീപണ്ഡിതവേഷധാരികളുടെ കൂട്ടായ്‍മയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഉദവികെട്ട പൊന്മളയെ ഈ കൃതിയുടെ രചയിതാവ് എതിരിടാനായി തയ്യാറാകുന്നതും. കാരണം ലക്ഷ്യപ്രാപ്‍തിക്കായി കളവിന്റെയും വഞ്ചനയുടെയും ഏതറ്റം വരെയും പോകാന്‍ ഈ വിഭാഗത്തിന് യാതൊരു മടിയുമില്ലെന്നത് പ്രസിദ്ധമായ വസ്‍തുതയാണ്. ഇത്തരക്കാരുടെ കള്ളത്തരങ്ങളെ പരിപൂര്‍ണ്ണമായി പുറത്ത് കൊണ്ടുവരാനാകുക മഹാന്മാരായ പണ്ഡിതന്മാര്‍ക്ക് മാത്രമാണെന്ന് അറിയാമെങ്കിലും ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരു വിദ്യാര്‍ത്ഥിയായ രചയിതാവ് ഇടപെടുന്നത് ആ കുപ്രസിദ്ധ ലേഖനത്തിന്റെ കാപട്യം അത്രമാത്രം വ്യക്തമായതിനാല്‍ മാത്രമാണ്. അല്ലാഹു ഇത്തരം ദുഷ്‍ടപണ്ഡിതരെത്തൊട്ട് നമ്മുടെ സമുദായത്തെ കാക്കുമാറാകട്ടെ.

ഈ ശ്രമത്തില്‍ ഏതെങ്കിലും വിധേനയുള്ള അബദ്ധം കണ്ടെത്തുന്ന പക്ഷം ഒരു വിദ്യാര്‍ത്ഥിയുടെ സ്വാഭാവികപാളിച്ചയായി കരുതുകയും സ്‍നേഹബുദ്ധ്യാ ഉണര്‍ത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പഠനവും അന്വേഷണവും നടത്തി പരമാവധി ശ്രമം നടത്തിക്കൊണ്ടാണ് ഇതിന്റെ രചന തയ്യാറാക്കുന്നത് തന്നെ. ഇതിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ ത്വരീഖത്തിനെയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാനും മറ്റും സാധിക്കുമെങ്കില്‍ നാളെ പരലോകത്ത് അതിമഹത്തായ ഒരു പ്രവര്‍ത്തനമായി ഉപകരിക്കുമല്ലോ എന്ന് ആഗ്രഹിച്ച് മാത്രമാണ് ഇതിന് ഒരുങ്ങുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹു(സു) ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ... ആമീന്‍

മുഹമ്മദ് അബ്‍ദുല്‍ അലീം