Sunday, February 15, 2015

തട്ടിപ്പ് 2 : അലി ഹറാസിം(റ)വും ജവാഹിറുല്‍ മആനിയും

സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ മുരീദുമാരാണ് പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെ വക്രീകരിച്ചതെന്ന വാദമാണ് പൊന്മള അടുത്തത്തായി സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതിനായി അയാള്‍ രേഖപ്പെടുത്തുന്ന ഭാഗങ്ങള്‍ ആദ്യമായി ശ്രദ്ധിക്കുക :

ഇതാണ് യഥാര്‍ത്ഥ തീജാനി ത്വരീഖത്തിന്റെയും അതിന്റെ ശൈഖായ അഹ്‍മദ് തീജാനി(റ)യുടെയും അവസ്ഥയെങ്കില്‍ ഈ ത്വരീഖത്തിനെയും അതിന്റെ ശൈഖിനെയും തെറ്റദ്ധരിക്കാന്‍ കാരണമാവും വിധം ചില കൈകടത്തലുകള്‍ ബഹു തീജാനി(റ)വിന് ശേഷം ഈ ത്വരീഖത്തില്‍ വന്നിട്ടുണ്ട്. അഹ്‍മദ് തിജാനി(റ) തന്റെ ത്വരീഖത്ത് സംബന്ധമായി സ്വന്തം ഗ്രന്ഥങ്ങളൊന്നും രചിക്കാത്തതും മുരീദുമാരാണെന്ന് പറയപ്പെടുന്ന ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ക്രോഡീകരിച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ട് എഴുതിയ ചില ഗ്രന്ഥങ്ങളുമാണ് ഈ ത്വരീഖത്ത് തെറ്റിദ്ധാരണക്ക് വിധേയമാകാന്‍ കാരണമായത്. അവയില്‍ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് തീജാനി(റ)യുടെ ശിഷ്യന്‍ കൂടിയായ അലി ഹറാസിം രചിച്ച ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥം.

(ത്വരീഖത്ത് ഒരു സമഗ്രപഠനം - പേജ് 386)

ഈ വരികളില്‍ അടങ്ങിയിരിക്കുന്ന വാദഗതികള്‍ നമുക്കൊന്ന് അക്കമിട്ട് വേര്‍തിരിക്കാം.

(1) സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് ശേഷം ഈ ത്വരീഖത്തില്‍ തെറ്റിദ്ധാരണക്ക് കാരണമാവും വിധത്തിലുള്ള ചില കൈകടത്തലുകള്‍ വന്നിട്ടുണ്ട്.

(2)സയ്യിദീ അഹ്‍മദ് തിജാനി(റ) ത്വരീഖത്ത് സംബന്ധമായി സ്വന്തമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ല.

(3)മുരീദുമാരാണെന്ന് പറയപ്പെടുന്ന ചിലര്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ വാക്കുകള്‍ ക്രോഢീകരിച്ചതായി അവകാശപ്പെട്ട് കൊണ്ട് എഴുതിയ ഗ്രന്ഥങ്ങളാണ് ഇത്തരം തെറ്റിദ്ധാരണകള്‍ വിധേയമാകാന്‍ കാരണമായത്. അവയില്‍ പ്രധാനപ്പെട്ടതാണ് സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ശിഷ്യന്‍ കൂടിയായ അലി ഹറാസിം രചിച്ച ജവാഹിറുല്‍ മആനി.

------------------------------------------------------

നിശ്പക്ഷമതികളേ... ഈ വാദഗതികളുടെ നിചസ്ഥിതി വേഗം മനസ്സിലാക്കാന്‍ നമുക്ക് അവയെ ഓരോന്നായി അപഗ്രഥിക്കാം.

ഒന്നാം വാദഗതി :-

(1) സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് ശേഷം ഈ ത്വരീഖത്തില്‍ തെറ്റിദ്ധാരണക്ക് കാരണമാവും വിധത്തിലുള്ള ചില കൈകടത്തലുകള്‍ വന്നിട്ടുണ്ട്.

പൊന്മളയുടെ ഈ വാദം സത്യത്തില്‍ തിജാനിയ്യത്തിന് യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കാന്‍ പര്യാപ്‍തമല്ല. കൈകടത്തലുകളും കാട്ടിക്കൂട്ടലുകളും ഏതൊരു മേഖലയിലും നമുക്കിത് ദര്‍ശിക്കാവുന്നതാണ്. അത് കൊണ്ട് മാത്രം ഒരു വിഭാഗം മോശമാകണമെന്നില്ല.  ഇസ്‍ലാമില്‍ തെറ്റിദ്ധാരണക്ക് കാരണമാവും വിധം എത്രമാത്രം കൈകടത്തലുകള്‍ നടന്നിട്ടുണ്ട്. അത് കൊണ്ട് ഇസ്‍ലാം മോശമാകുമോ? അല്ലെങ്കില്‍ ഈ പരിശുദ്ധ മതത്തെ സംശയത്തിന്റെ കണ്ണുകളോടെ വീക്ഷിക്കാന്‍ അത് പര്യാപ്‍തമാകുമോ? ആയതിനാല്‍ ഈ വാദഗതി കൊണ്ട് ഒരിക്കലും തിജാനിയ്യത്തിന്റെ സാധുതയെ ചോദ്യം ചെയ്യാനാകില്ല.

രണ്ടാം വാദഗതി :-

(2)സയ്യിദീ അഹ്‍മദ് തിജാനി(റ) ത്വരീഖത്ത് സംബന്ധമായി സ്വന്തമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ല.

സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ചോ അവിടുത്തെ ത്വരീഖത്തിനെ സംബന്ധിച്ചോ പ്രാഥമികമായ വിവരമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. പരിശുദ്ധ തിജാനിയ്യത്തുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങള്‍ സയ്യിദീ അഹ്‍മദ് തിജാനി(റ) രചിച്ചിട്ടുണ്ട്. അവയൊക്കെയും ഈ ത്വരീഖത്തിന്റെ ഉന്നതരായ മഹാത്മാക്കളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. പലതിന്റെയും കൈയെഴുത്തുകള്‍ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പരിശുദ്ധ തിജാനിയ്യത്തിന്റെ ഏറ്റവും അടിസ്ഥാനപ്രമാണങ്ങളായി കരുതപ്പെടുന്നവയാണവ.

എന്തിനധികം അല്ലാമഃ യൂസുഫ് നബ്ഹാനി(റ)വിനെപ്പോലുള്ളവര്‍ പോലും അംഗീകരിച്ച ജവാഹിറുല്‍ മആനിയിലും രിമാഹിലും പോലും സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ സന്ദേശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഈയടുത്ത് സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ പേരക്കുട്ടിയും മൊറോക്കോ തിജാനിയ്യഃ ഖലീഫയുമായ ശൈഖ് മുഹമ്മദ് അല്‍ കബീര്‍ എന്നവര്‍ ഇവയില്‍ തെരഞ്ഞെടുക്കപ്പെട്ട സന്ദേശങ്ങളെ ക്രോഢീകരിച്ച് ഒരു ഗ്രന്ഥമായി പുറത്തിറക്കിയിട്ടുണ്ട്.

അപ്പോള്‍ സയ്യിദീ അഹ്‍മദ് തിജാനി(റ) ത്വരീഖത്ത് സംബന്ധമായി ഒന്നും രചിച്ചിരുന്നില്ല എന്ന വാദം വസ്‍തുതക്ക് നിരക്കാത്തതാണ്.

മൂന്നാം വാദഗതി :-

(3)മുരീദുമാരാണെന്ന് പറയപ്പെടുന്ന ചിലര്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ വാക്കുകള്‍ ക്രോഢീകരിച്ചതായി അവകാശപ്പെട്ട് കൊണ്ട് എഴുതിയ ഗ്രന്ഥങ്ങളാണ് ഇത്തരം തെറ്റിദ്ധാരണകള്‍ വിധേയമാകാന്‍ കാരണമായത്. അവയില്‍ പ്രധാനപ്പെട്ടതാണ് സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ശിഷ്യന്‍ കൂടിയായ അലി ഹറാസിം രചിച്ച ജവാഹിറുല്‍ മആനി.

മുഅ്‍മിനീങ്ങളേ... പരിശുദ്ധ തിജാനിയ്യത്തിന്റെ പ്രമുഖപ്രമാണങ്ങളിലൊന്നായ മഹാനായ അലി ഹറാസിം(റ) രചിച്ച ജവാഹിറുല്‍ മആനിയെ തരം താഴ്‍ത്തുകയാണ് ഈ വാദഗതിയിലൂടെ പൊന്മള കാര്യമായി ലക്ഷ്യമാക്കിയത്. പക്ഷെ, അയാളുടെ അത്തും പിത്തുമൊന്ന് നോക്കിയേ... അടുത്തടുത്ത് വരുന്ന രണ്ട് വാചകങ്ങളില്‍ തന്നെ പരസ്‍പരവിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍. 'മുരീദുമാരെന്ന് പറയപ്പെടുന്ന ചിലര്‍' എന്നാണ് ആദ്യത്തെ വാചകത്തില്‍. രണ്ടാമത്തേതിലോ, 'തീജാനി(റ)വിന്റെ ശിഷ്യന്‍ കൂടിയായ' എന്ന് രണ്ടാം വാചകത്തിലും. അലി ഹറാസിം(റ) സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ശിഷ്യനാണോ എന്ന് തോന്നിപ്പിക്കുന്ന ആദ്യ വാചകത്തിന് രണ്ടാം വാചകം കൊണ്ട് തിജാനി(റ)വിന്റെ ശിഷ്യന്‍ തന്നെയാണ് മഹാനവര്‍കള്‍ എന്ന് അയാള്‍ തന്നെ മറുപടി പറഞ്ഞു. എഴുതുമ്പോള്‍ അല്‍പമെങ്കിലും ബോധം വേണം...

പരിശുദ്ധ തിജാനിയ്യത്തിനെ സംബന്ധിച്ച് ഇയാള്‍ യാതൊരു വിവരവുമല്ല എന്നതിന് വലിയൊരു തെളിവാണ് അയാളുടെ മറ്റൊരു ആനമണ്ടത്തരം. സയ്യിദീ അലി ഹറാസിം(റ) തന്റെ ഗ്രന്ഥമായ ജവാഹിറുല്‍ മആനി രചിച്ചത് സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ കാലശേഷമാണത്രെ. തൊട്ടടുത്ത പേജിലാണ് ഈ പൊട്ടത്തരം അയാള്‍ വിളമ്പിയത്. കാണുക:

...പ്രത്യുത തീജാനി(റ)വിന് ശേഷം രചിക്കപ്പെട്ട ജവാഹിറുല്‍ മആനിയെയും മറ്റും അവലംബിച്ചാണ്.
പരിശുദ്ധ തിജാനിയ്യയെ സംബന്ധിച്ച് പ്രാഥമികമായി മനസ്സിലാക്കിയ ഏതൊരാള്‍ക്കും അറിയാവുന്നതാണ് സയ്യിദീ അലി ഹറാസിം(റ) ജവാഹിറുല്‍ മആനിയുടെ രചന പൂര്‍ത്തീകരിക്കുന്നതും തുടര്‍ന്ന് മരണപ്പെടുന്നതും സയ്യിദീ അഹ്‍മദ് തിജാനി(റ) വഫാത്താകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത്. എന്തിനധികം, ജവാഹിറുല്‍ മആനിയുടെ അവസാനഭാഗം പരിശോധിച്ചാല്‍ തന്നെ, തന്റെ ഗ്രന്ഥത്തിന്റെ രചന ഹിജ്റഃ 1214 ദുല്‍ഖഅ്ദ് മാസത്തിലാണ് പൂര്‍ത്തീകരിച്ചതെന്നും സയ്യിദുനാ(റ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും സയ്യിദീ അലി ഹറാസിം(റ) വ്യക്തമാക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. സയ്യിദീ അഹ്‍മദ് തിജാനി(റ) വഫാതാകുന്നത് തന്നെ ഹിജ്റഃ 1230-ലാണ്. അതായത് ജവാഹിറുല്‍ മആനിയുടെ രചന പൂര്‍ത്തിയായ ശേഷം പിന്നെയും 16 വര്‍ഷത്തോളം സയ്യിദീ തിജാനി(റ) ഈ ലോകത്തുണ്ടെന്ന് സാരം. ഇത്രയും പ്രസിദ്ധമായ ഈ വസ്‍തുതയെ മറച്ച് വെച്ചതിന്റെ രഹസ്യം നിശ്‍പക്ഷമതികള്‍ക്ക് മനസ്സിലായിക്കാണും ; അലി ഹറാസിം(റ) സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് ശേഷമാണ് ഈ ഗ്രന്ഥം രചിച്ചതെന്ന് പറഞ്ഞാലേ തന്റെ പിഴച്ചവാദത്തിന് അടിത്തറയിടാനാകൂ.

എന്നാല്‍ ജവാഹിറുല്‍ മആനിയെ വക്രീകരിക്കാള്ള ശ്രമത്തെ തള്ളിക്കളഞ്ഞു കൊണ്ട് അതിന്റെ മഹത്വത്തെ ഊന്നിക്കാണിക്കുകയാണ് അല്ലാമഃ യൂസുഫ് നബ്ഹാനി(റ)വിന്റെ വാചകങ്ങള്‍. ഇയാള്‍ തന്നെ ഉദ്ധരിക്കുന്നതായി വാദിച്ച പ്രസ്‍താവനയുടെ തൊട്ടടുത്ത വരികളില്‍ തന്നെ അല്ലാമഃ യൂസുഫുന്നബ്ഹാനി(റ) സയ്യിദീ അലി ഹറാസിം(റ)വിനെയും ജവാഹിറുല്‍ മആനിയെയും പ്രതിപാദിക്കപ്പെടുന്നുണ്ട്. തന്റെ വാദമുഖത്തിന് അത് വിഘാദമായിത്തീരുമെന്ന് മനസ്സിലാക്കിയിട്ടാവണം അതിനെ ഒഴിവാക്കുകയാണ് പൊന്മള ചെയ്‍തത്. ആയതിനാല്‍ സയ്യിദീ അലി ഹറാസിം(റ)വിനെയും ജവാഹിറുല്‍ മആനിയെയും സംബന്ധിച്ച ശൈഖ് യൂസുഫ് നബ്ഹാനി(റ)വിന്റെ കാഴ്‍ചപ്പാട് എന്തായിരുന്നുവെന്ന് നമുക്ക് നോക്കാം. അതിനായി മുമ്പ് സൂചിപ്പിച്ച ജാമിഉ കറാമാതില്‍ ഔലിയായുടെ ഉദ്ധരണി ഒരിക്കല്‍ കൂടി ഇവിടെ ഉദ്ധരിക്കട്ടെ...

മഹാനവര്‍കളുടെ ഖലീഫയായ സയ്യിദീ അലി ഹറാസിം ബ്‍നുല്‍ അറബി അല്‍ ബര്‍റാദഃ അല്‍ ഫാസി മേലുദ്ധരിച്ച അവരുടെ ശൈഖിന്റെ മാഹാത്മ്യങ്ങളെയും ജീവചരിത്രത്തെയും സംബന്ധിച്ച് രചിച്ചിട്ടുള്ള തന്റെ കിതാബായ ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു... 
...സയ്യിദുനാ(റ)വിന്റെ ജീവചരിത്രത്തിന്റെ മേലും അവിടുത്തെ ത്വരീഖത്തിന്റെ മേലും അതുമായ ബന്ധപ്പെട്ട അപൂര്‍വ്വമായ നേട്ടങ്ങളുടെ മേലും നിരീക്ഷണം നടത്താന്‍ ഒരുവന്‍ ഉദ്ദേശിച്ചാല്‍ മേല്‍ പ്രസ്‍താവിക്കപ്പെട്ട ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥവും ഇതിന്റെ വശങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹാനവര്‍കളുടെ ഖലീഫയുടെ ഖലീഫയായ സയ്യിദീ ഉമറുല്‍ ഫൂതിയുടെ രിമാഹ് എന്ന കൃതിയും അവന് പാരായണം ചെയ്യാവുന്നതാണ്. ഈ മഹാത്മാക്കളെത്തൊട്ടെല്ലാം അല്ലാഹു തൃപ്‍തിപ്പെടുകയും ഇവരുടെ അനുഗ്രഹം കൊണ്ട് അവന്‍ നമുക്ക് ഉപകാരം നല്‍കുകയും ചെയ്യട്ടെ... ആമീന്‍
{ജാമിഉല്‍ കറാമാതില്‍ ഔലിയ - 1 : 579}

അടിവരയിട്ട ഭാഗമൊന്ന് ശ്രദ്ധിക്കൂ... ശൈഖ് യൂസുഫ് നബ്ഹാനി(റ) സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രത്തിന് മനസ്സിലാക്കാനായി ഉപദേശിച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ജവാഹിറുല്‍ മആനിയെ ഉള്‍പ്പെടുത്തിയത് കണ്ടില്ലേ... കൂടാതെ സയ്യിദീ അലി ഹറാസിം(റ) അടക്കമുള്ള മഹാത്മാക്കളെക്കൊണ്ട് ശൈഖ് യൂസുഫ് നബ്ഹാനി(റ) തവസ്സുല്‍ ചെയ്യുന്നതും പൊന്മളയുടെ വിരോധാഭാസത്തിന് ശക്തമായ തെളിവായി വര്‍ത്തിക്കുന്നു. പൊന്മള സയ്യിദീ അലി ഹറാസിം(റ)വിനും അവിടുത്തെ ഗ്രന്ഥത്തിനുമെതിരെ നീചമായ ആരോപണങ്ങളുമായി ഇനിയും കടന്ന് വരുന്നുണ്ട്. അതിന് മുമ്പ് ബഹുമാനരെക്കുറിച്ചും ജവാഹിറുല്‍ മആനിയെക്കുറിച്ചും സയ്യിദീ അഹ്‍മദ് തിജാനി(റ) തന്നെ ബഹുമാനിക്കുകയും ആദരിക്കുകയും മഹത്വവത്‍കരിക്കുകയും ചെയ്‍തതും നാം മനസ്സിലാക്കിയിരിക്കണമല്ലോ. അതിനാല്‍ നമുക്ക് അതിലേക്ക് ഒന്ന് കടക്കാം.

2 comments:

  1. Borgata Hotel Casino & Spa announces opening of Poker Room
    Borgata 속초 출장샵 Hotel Casino 화성 출장샵 & Spa has announced 천안 출장마사지 the opening 군산 출장마사지 of Poker Room 영천 출장샵 at Borgata Hotel Casino & Spa on April 19. The

    ReplyDelete