ഇനി നമുക്ക് അറിയേണ്ടത് ഈ മഹാത്മാവിനെ സംബന്ധിച്ച് സമകാലീനരും പില്‍ക്കാലക്കാരുമായ പണ്ഡിതമഹാത്മാക്കളുടെ അഭിപ്രായങ്ങളാണ്. നിശ്പക്ഷമതികളും സൂക്ഷ്‍മശാലികളും അതീവ ധിഷണാശാലികളുമായ മഹാത്മാക്കളെല്ലാം തന്നെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച് തൂലിക ചലിപ്പിച്ചത് ബഹുമാനാദരവുകളോടും മഹത്വവത്കരണത്തോടും കൂടിയായിരുന്നു. അവയൊക്കെയും ഇവിടെ പരാമര്‍ശിക്കുന്ന പക്ഷം വിരക്തിയുളവാക്കുന്ന ദീര്‍ഘതയിലേക്ക് എത്തിക്കുമെന്ന ഭയമുള്ളതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് ഉദ്ധരിക്കുന്നത്.
അല്ലാമഃ സയ്യിദീ യൂസുഫ് നബ്ഹാനി(റ)
കേരളത്തിലെ ആലിമീങ്ങള്‍ക്ക് ചിരപരിചിതനായ ഇമാം യൂസുഫ് നബ്ഹാനി(റ) തന്റെ ജാമിഉല്‍ കറാമാതില്‍ ഔലിയ എന്ന ഗ്രന്ഥത്തില്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ സംബന്ധിച്ച് പ്രസ്‍താവിക്കുന്നത് നോക്കൂ...
ഈ മഹാത്മാവ് ആത്മജ്ഞാനികളുടെ നേതാവും അത്യപൂര്‍വ്വരും ഉത്കൃഷ്‍ടരും അത്യുന്നത സാമീപ്യം സിദ്ധിച്ചവരായ ഔലിയാക്കളിലൊരാളുമാണ്. മഹാനവര്‍കളുടെ ഖലീഫയായ സയ്യിദീ അലി ഹറാസിം ബ്‍നുല്‍ അറബി അല്‍ ബര്‍റാദഃ അല്‍ ഫാസി മേലുദ്ധരിച്ച അവരുടെ ശൈഖിന്റെ മാഹാത്മ്യങ്ങളെയും ജീവചരിത്രത്തെയും സംബന്ധിച്ച് രചിച്ചിട്ടുള്ള തന്റെ കിതാബായ ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു :
"സയ്യിദുനാ(റ) കഠിനാധ്വാനികളായ പണ്ഡിതരിലും സന്മാര്‍ഗ്ഗാവലംബങ്ങളായ നേതാക്കാളിലും പെട്ടവരാണ്. പരിശുദ്ധ ദീനിന്റെയും അതിന്റെ അകക്കാമ്പുകളുടെയും വിജ്ഞാനങ്ങളുടെയും പ്രവര്‍ത്തന ങ്ങളുടെയും മഹത്വങ്ങളെ മേളിച്ചവരിലും ഉള്‍പ്പെട്ടവരാണ്. കൂടാതെ അതിമഹത്തായ ദൈവികാവസ്ഥകളുടെയും ഉത്കൃഷ്‍ഠമായ അത്യുന്നത പദവികളുടെയും ആത്മീയമായ ഉയര്‍ന്ന മനക്കരുത്തിന്റെയും പരമ കാരുണികമായ സംശുദ്ധ സ്വഭാവങ്ങളുടെയും സുപ്രസിദ്ധമായ പ്രവാചകചര്യാനുധാവന സരണിയുടെയും ലദുന്നിയായ ജ്ഞാനത്തിന്റയും ദുര്‍ലഭവും കൈമോശപ്പെട്ടതുമായ ദൈവീക രഹസ്യങ്ങളുടെയും അസാധാരണ സംഭവങ്ങളുടെയും അതിശയകരമായ കറാമത്തുകളുടെയുമൊക്കെ ശ്രഷ്‍ഠതകളെ ഒരുമിച്ച് കൂട്ടിയവരുമത്രെ. അതോടൊപ്പം സര്‍വ്വസമ്പന്നനായ ഖുതുബും സഹായം ചൊരിയുന്നവരായ ഗൗസും പരമകാരുണികനാല്‍ അനന്തരമെടുക്കുന്നവരും ദൈവികസാന്നിധ്യം സിദ്ധിച്ചവരായ നേതാവുമാണ്..."
ഇങ്ങനെ സൗന്ദര്യത്താലും മഹത്വത്താലുമുള്ള വിശേഷണങ്ങളില്‍ നിന്നും സയ്യിദുനാ(റ)വിനെ ശൈഖ് അലി ഹറാസിം വര്‍ണ്ണിക്കുന്നതിന്റെ അവസാനം വരെയും നീ വായിച്ചു കൊള്ളുക... ഈ വിശേഷണങ്ങള്‍ക്കും ഇതിനു മുകളിലുള്ളതിനും അര്‍ഹന്‍ തന്നെയാണ് ബഹുമാനര്‍. മഗ്‍രിബ് ദേശങ്ങളിലും സുഡാനിലും ആഫ്രിക്കയുടെ സര്‍വ്വഭാഗങ്ങളിലും ബഹുമാനപ്പെട്ടവരുടെ ത്വരീഖത്ത് വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ത്വരീഖത്തും പ്രചാരം നേടാത്തത്രയും വ്യാപനമാണ് ഈ ഭാഗങ്ങളിലൊക്കെയും സംഭവിച്ചിരിക്കുന്നത്. അതിമഹത്തായ ഗുണഫലങ്ങളും സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗദര്‍ശനവും ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സയ്യിദുനാ(റ)വിന്റെ ജീവചരിത്രത്തിന്റെ മേലും അവിടുത്തെ ത്വരീഖത്തിന്റെ മേലും അതുമായ ബന്ധപ്പെട്ട അപൂര്‍വ്വമായ നേട്ടങ്ങളുടെ മേലും നിരീക്ഷണം നടത്താന്‍ ഒരുവന്‍ ഉദ്ദേശിച്ചാല്‍ മേല്‍ പ്രസ്‍താവിക്കപ്പെട്ട ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥവും ഇതിന്റെ വശങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹാനവര്‍കളുടെ ഖലീഫയുടെ ഖലീഫയായ സയ്യിദീ ഉമറുല്‍ ഫൂതിയുടെ രിമാഹ് എന്ന കൃതിയും അവന് പാരായണം ചെയ്യാവുന്നതാണ്. ഈ മഹാത്മാക്കളെത്തൊട്ടെല്ലാം അല്ലാഹു തൃപ്‍തിപ്പെടുകയും ഇവരുടെ അനുഗ്രഹം കൊണ്ട് അവന്‍ നമുക്ക് ഉപകാരം നല്‍കുകയും ചെയ്യട്ടെ... ആമീന്‍
{ജാമിഉല്‍ കറാമാതില്‍ ഔലിയ - 1 : 579}
സയ്യിദീ അഹ്‍്മദ് തിജാനി(റ)വിന്റെ വൈജ്ഞാനികമായ മികവും അതുല്യതയും വളരെ വ്യക്തമായി രേഖപ്പെടുത്തിയ മഹാത്മാവാണ് അല്ലാമഃ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ അലവി(റ). ബഹുമാനപ്പെട്ടവര്‍ പറയുന്നു :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ സമകാലികരും അവിടുത്ത കണ്ടുമുട്ടിയവരും ആ
മഹാത്മാവുമൊത്ത് ഒരുമിച്ച് കൂടിയവരുമെല്ലാം മഹാനവര്‍കളെ അങ്ങേയറ്റം
പ്രശംസിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. മതപരമായി തെറ്റിദ്ധാരണക്ക്
വിധേയരവാത്തവരും അങ്ങേയറ്റത്ത് ദൃഢജ്ഞാനികളുമായിരുന്നു അവരൊക്കെ. ഇതാ ശൈഖ് അല്ലാമഃ
മുഹമ്മദ് ബ്‍നു സുലൈമാന്‍ അല്‍ മനാഈ
അത്തൂനിസി(റ)വിന്റെ അഭിപ്രായം. സയ്യിദുനാ(റ)വുമായി കൂടിക്കാഴ്ച നടത്തിയ ശേഷം
ബഹുമാനപ്പെട്ടവര്‍ നടത്തിയ പ്രസ്‍താവനയാണിത് :
പ്രകടമായ ശരീഅത്തിന്റെ വിജ്ഞാനീയങ്ങളില്‍ സമുദ്രസമാന പണ്ഡിതന്. ഞാന്‍ കണ്ടവരില്‍ മഹാനവര്‍കള്‍ക്ക് തുല്യനായി മറ്റാരുമില്ല. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് ഇബ്നു ഹാജിബിന്റെ മുഖ്തസ്വര്‍,ശൈഖ് ഖലീലിന്റെ മുഖ്തസ്വര്‍,ഇമാം ബറാദഈയുടെ തഹ്ദീബ് എന്നിവ ആ പുണ്യാത്മാവിന് ഹൃദിസ്ഥമാണ്. കേട്ട കാര്യങ്ങളെല്ലാം ഒരൊറ്റ കേള്‍വിയില്‍ തന്നെ അവിടുന്ന് ഹൃദിസ്ഥമാക്കാറുണ്ടെന്ന് എന്നോട് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരി,സ്വഹീഹ് മുസ്ലിം,മുവത്വ എന്നീ ഗ്രന്ഥങ്ങള്‍ അവര്‍ മനഃപാഠമാക്കിയിട്ടുമുണ്ട്. തൗഹീദ് സംബന്ധമായ ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ബഹുമാനര്‍ ഇമാം ഗസാലി(റ)വിന് തുല്യനാണ്.{കഷ്‍ഫുല്‍ ഹിജാബ് - 398}
ടുണീഷ്യയിലെ അത്യുന്നത പണ്ഡിതനും വിശ്വവിഖ്യാത ഇസ്‍ലാമിസര്‍വ്വകലാശാലയായ സൈതൂനയിലെ പരമോന്നത
പദവി അലങ്കരിച്ചിരുന്നവരുമായ ശൈഖുല്‍ ഇസ്‍ലാം ഇബ്റാഹീം ബ്‍നു അബ്‍ദുല്‍ ഖാദിര്‍ റിയാഹി(റ)വും സയ്യിദീ അഹ്‍മദ് തിജാനി(റ)വുമായി ബന്ധം സ്ഥാപിച്ച കൂട്ടത്തില്‍പ്പെടുന്നു. മഹാവര്‍കള്‍ രേഖപ്പെടുത്തുന്നു :
അറിയുക, സൂചിപ്പിക്കപ്പെടുന്ന ശൈഖ് ലോകപ്രസിദ്ധരാണ്. അവിടുത്തെ മഹത്വത്തെക്കുറിച്ചുള്ള വിവരണങ്ങളും ബാഹ്യഗുപ്‍ത ജ്ഞാനങ്ങളിലുള്ള മികവും മുഴുവന്‍ ജനവിഭാഗങ്ങളിലുമെത്തിയിരിക്കുന്നു. ആത്മജ്ഞാന വിഷയത്തിലും മറ്റുമുള്ള ശൈഖവര്‍കളുടെ മൊഴിമുത്തുകള്‍ അവ്വിഷയകമായ ഏറ്റവും സത്യസന്ധതയേറിയ സാക്ഷ്യപ്പെടുത്തലുകളാണ്. വീട്ടില്‍ വെച്ചും ഫാസ് നഗരത്തില്‍ വെച്ചും സയ്യിദുനാ(റ) നടത്താറുള്ള ജ്ഞാനസദസ്സുകളില് പലതവണ ഞാന്‍ സംഗമിച്ചിട്ടുണ്ട്. ശൈഖവര്‍കളുടെ പിന്നിലായി ഞാന്‍ അസ്വര്‍ നിസ്കരിച്ചു. അന്നത്തേതിലും സമ്പൂര്‍ണ്ണവും സുജൂദും ഖിയാമും ദീര്‍ഘിച്ചതുമായൊരു നിസ്‍കാരം ഞാന്‍ വേറെ ദര്‍ശിച്ചിട്ടില്ല. പൂര്‍വസൂരികളുടെ അതേ നിസ്‍കാരം കാണാനിടയായതില്‍ ഞാന്‍ അത്യധികം സന്തോഷിച്ചു.
{മുബര്‍റിദുസ്സ്വവാരിമി വല്‍ അസിന്നഃ - 2}
സയ്യിദീ അഹ്‍്മദ് തിജാനി(റ)വിന്റെ വൈജ്ഞാനികമായ മികവും അതുല്യതയും വളരെ വ്യക്തമായി രേഖപ്പെടുത്തിയ മഹാത്മാവാണ് അല്ലാമഃ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ അലവി(റ). ബഹുമാനപ്പെട്ടവര്‍ പറയുന്നു :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ വിശാലമായ ജ്ഞാനത്തിനും ഹൃദിസ്ഥതക്കും ഗ്രാഹ്യതക്കും ഉദാഹരണമാണ് ഫാസിലേക്ക് ശൈഖവര്‍കള്‍ കടന്നുവന്ന അവസരം. നമ്മുടെ ഗുരുവര്യര്‍ ഉദ്ധരിച്ചതനുസരിച്ച് അന്നവിടെ ബാഹ്യജ്ഞാനികളായ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. അവരൊക്കെയും മഹാനവര്‍കളോട് അങ്ങേയറ്റത്തെ വിദ്വേഷവും അസൂയയും വെച്ച് പുലര്‍ത്തിയതോടൊപ്പം എതിര്‍പ്പ് കാട്ടുകയും ചെയ്‍തു. ഇങ്ങനെയൊക്കെയായിട്ടും അവരിലൊരാള്‍ക്ക് പോലും തങ്ങളെതിര്‍ത്തിരുന്ന കാര്യങ്ങളില്‍ സയ്യിദുനാ(റ)വിനോട് നേരിട്ട് ശബ്‍ദമുയര്‍ത്താനോ കത്തിടപാട് നടത്താനോ സാധിച്ചിരുന്നുമില്ല. എന്നാല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വാകട്ടെ അവര്‍ക്ക് മറുപടി കൊടുക്കുകയും വിയോജിപ്പ് പ്രകടമാക്കുകയും ചെയ്‍തിരുന്നു.
സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് കൂട്ടിച്ചേര്‍ക്കുന്നു :
സയ്യിദീ അഹ്‍മദ് തിജാനി(റ)വിനോട് അസൂയ പുലര്‍ത്തിയിരുന്നവര്‍ തന്നെ മഹാനവര്‍കളുടെ പല അറിവുകളും എടുത്തുദ്ധരിക്കുയും എന്നാല്‍ മഹാനവര്‍കളുടെ ശ്രേഷ്‍ഠത സ്‍പഷ്‍ടമാക്കാതെ ചില പണ്ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ് എന്നും പറയുകയും ചെയ്യുമായിരുന്നു.
{നുസ്ഹത്തുല്‍ മുസ്‍തമിഇ വല്ലാഫില്വ്}
വിശ്രതപണ്ഡിതന് അല്ലാമഃ ശൈഖ് മുഹമ്മദ് ബ്‍നു അഹ്‍മദ്
അകന്സൂസ്(റ)വും സയ്യിദീ അഹ്‍മദ്
തിജാനി(റ)വുമായി ബന്ധപ്പെട്ട ഉന്നതവ്യക്തിത്വമാണ്. മഹാനവര്‍കളുടെ വാക്കുകള്‍:
പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനപണ്ഡിതന്മാരുടെയോ ഹദീസ്വിശാരദന്മാരുടെയോ മൊഴികള്‍ പരസ്പര വിരുദ്ധമായി പ്രശ്‍നസങ്കീര്‍ണ്ണമാവുന്നിടത്ത് "ശൈഖ് അഹ്‍മദ് തിജാനി ഇങ്ങനെ പറഞ്ഞിരിക്കുന്നു" എന്ന് സച്ചരിതരായ എന്റെ ചില ഗുരുവര്യന്മാര്‍ പലവട്ടം പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. മഹാത്മാവിനെ അവര്‍ പരമാവധി വാഴ്‍ത്തിപ്പറയുകയും ചെയ്യും. ബഹുമാനപ്പെട്ടവരെക്കുറിച്ച് പരമാര്‍ശിക്കുമ്പോഴെല്ലാം ഗുരുനാഥന്‍ ഇത്രയധികം മഹത്വവത്കരിക്കുന്ന ഈ ബഹുമാന്യവ്യക്തി ആരാണെന്ന് ഞാന്‍ ജനങ്ങളോട് അന്വേഷിക്കാറുണ്ട്. എന്നോട് പറയപ്പെട്ടു : ഉന്നതസ്ഥാനീയനായ വലിയ്യും വിവിധ വിജ്ഞാനങ്ങളില്‍ സമുദ്രസമാന പണ്ഡിതനുമാണ് ആ മഹാത്മാവ്. വ്യത്യസ്ഥ വൈജ്ഞാനിക മേഖലകളില്‍ നിന്നായി തന്നോട് ആരായപ്പെടുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉദ്ധരണികളും ഗ്രന്ഥപാരായണവുമില്ലാതെ വസ്തുനിഷ്ഠവും ആധികാരികവുമായ മറുപടി നല്‍കും. അവിടുന്ന് പറഞ്ഞു കൊടുക്കുന്ന മറുപടി ചോദ്യകര്‍ത്താവ് അപ്പടി പകര്‍ത്തിവെക്കുകയും ഒരു ആധികാരിക സ്രോതസ്സില്‍ നിന്ന് നിര്‍ഗളിക്കുന്ന പോലെ ഹൃദിസ്ഥമാക്കി വെക്കുകയും ചെയ്യും.
{അല്‍ ജാവാബുല്‍ മുസ്‍കിത് - 250}
സയ്യിദീ അഹ്‍മദ് തിജാനി(റ)വുമായി കൂടിക്കാഴ്ച
നടത്തിയ കര്മ്മശാസ്ത്രപണ്ഡിതനായ അല്ലാമഃ മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ ജീലാനി(റ) പറയുന്നു :
ശൈഖ് അഹ്‍മദ് ദൈവാന്വേഷണപാതയിലെ എന്റെ സഹോദരനാണ്. അവരുടെ അവസ്ഥാന്തരങ്ങളില്‍ ഞാനും എന്റെ അവസ്ഥാന്തരങ്ങളില്‍ ആ മഹാത്മാവും പരസ്‍പരനിരീക്ഷണം നടത്തിയിട്ടുണ്ട്. മതഭൗതിക പണ്ഡിതനും ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനങ്ങളെയും ഒരുപോലെ ഒരുമിച്ച് കൂട്ടിയവരുമായിരുന്നു. ബൗദ്ധികവും പ്രാമാണികവുമായ ജ്ഞാനങ്ങളില്‍ വലിയ മികവായിരുന്നു അവിടുന്ന് പുലര്‍ത്തിയിരുന്നത്. തികഞ്ഞ ദൈവഭക്തരും ജ്ഞാനിയമാണവര്. അല്ലാഹുവിന്റെ വിഷയത്തില്‍ മറ്റാരുടെയും ആക്ഷേപങ്ങള്‍ ആ പുണ്യാത്മാവ് വകവെച്ചിരുന്നില്ല. സംരക്ഷിത പ്രദേശങ്ങള്‍ക്കടുത്ത് അലഞ്ഞതുമില്ല. തുടക്കം മുതലേ നന്മയുടെ കാര്യത്തില്‍ അദ്ദേഹത്തിലേക്കായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ധ്യാനി, പരിശ്രമി, ദൃഢചിത്തന്, സ്ഥിരോത്സാഹി ഇവയെല്ലാമായിരുന്നു ആ പുണ്യാത്മാവ്. ഉന്നതസ്ഥാനീയരായ അനവധി ശൈഖുമാരോടൊപ്പം അവിടുന്ന് കഴിച്ചുകൂട്ടി. ശിക്ഷണകാര്യത്തില്‍ സമ്മതം നല്കപ്പെട്ടു. മാതൃകായോഗ്യമായ വ്യക്തിത്വമായിരുന്നു. എന്റെ ധാരണ ശരിയാകുന്ന പക്ഷം അവിടുന്ന് കഷ്ഫിന്റെ ആളുകളില്‍ ഉള്‍പ്പെട്ടവരാണ്.
ചിന്തിക്കൂ... സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ എത്രമാത്രം മഹത്വവത്കരിച്ച്
കൊണ്ടാണ് ഈ മഹാത്മാക്കളെല്ലാം പ്രസ്താവന പുറപ്പെടുവിച്ചതെന്ന്. ഇപ്രകാരം
തന്നെയാണ് ലോകപ്രശസ്തരായ ഉലമാഅ് മൊത്തവും ഈ മഹാത്മാവിനെപ്പറ്റി
വ്യക്തമാക്കിയിട്ടുള്ളതും. കൂടുതലറിയാനായി താഴെപ്പറയുന്ന ഗ്രന്ഥങ്ങള്‍ കൂടി
പരിശോധിക്കുക.
- അശ്ശുര്ബുല് മുഖ്തസ്വര്‍ മിന് മുഅയ്യിനി അഹ്ലില്‍ ഖര്‍നിസ്സാലിസി അഷര്‍ അല്ലാമഃ ശൈഖ് ജഅ്ഫര്‍ ബ്‍നു ഇദ്രീസ് അല്‍ കത്താനി(റ)
- അല്‍ യവാഖീതുസ്സമീനഃ ഫീ അഅ്യാനി മദ്ഹബി ആലിമില്‍ മദീനഃ ശൈഖ് മുഹമ്മദ് ബഷീര്‍ ല്വാഫിര് അല്‍ മദനി(റ)
- ഷജറതുന്നൂറുസ്സകിയ്യഃ ഫീ ത്വബഖാതില്‍ മാലികിയ്യഃ ശൈഖ് മുഹമ്മദ് ബ്‍നു മഖ്ലൂഫ്(റ)
- അല്‍ ഇസ്തിഖ്സ്വാ ഫീ അഖ്ബാരില്‍ മഗ്രിബില്‍ അഖ്വ്സ്വാ ശൈഖ് അല്ലാമഃ ഇബ്നു നാസ്വിറുസ്സലാവി(റ)
- ഹില്യതുല് ബഷര്‍ ഫീ അഅ്യാനില് ഖര്‍നിസ്സാലിസി അഷര്‍ ശൈഖ് അബ്ദുര്‍റസാഖ് അല്‍ ബൈത്വാര്‍ (റ)
No comments:
Post a Comment