പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഈ മഹത്തായ ത്വരീഖത്തിന്റെ സ്ഥാപകരായ അല്‍ ഖുതുബുല്‍ മക്തും സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയാണ്. ഈ പുണ്യാത്മാവിനോട് മുസ്‍ലിം ലോകത്തിന്റെ സമീപനം നാം കൃത്യമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ തിജാനിയ്യഃ ത്വരീഖത്തിനെ സംബന്ധിച്ചും വ്യക്തമായ ധാരണ നമുക്ക് ലഭ്യമാകൂ. സമകാലീനരും പില്‍ക്കാലക്കാരുമായ നിശ്‍പക്ഷമതികളും സൂക്ഷമശാലികളുമായ മുഴുവന്‍ പണ്ഡിതന്മാരും മഹാനവര്‍കളെ സംബന്ധിച്ച് അങ്ങേയറ്റം മഹത്വപ്പെടുത്തിയല്ലാതെ സംസാരിച്ചിട്ടില്ല. വളരെ ചെറിയ കാലത്തിനുള്ളില്‍ തന്നെ അനവധി ഗ്രന്ഥങ്ങളില്‍ അവിടുത്തെ ജീവചരിത്രം സ്ഥാനം പിടിച്ചു കഴിഞ്ഞു. ബഹുമാനപ്പെട്ടവരുടെ സ്ഥാനമാനങ്ങളും പണ്ഡിതന്മാരുടെ ഇടയിലെ അംഗീകാരവും നാം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവിടുത്തെ മോശപ്പെടുത്തി സംസാരിക്കുന്നവരുടെ ചതിക്കുഴികള്‍ നാം ഗൗരവത്തില്‍ എടുക്കാതെയാകും. തന്നിമിത്തം സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്‍വചനങ്ങളെയും അവിടുത്തെ ത്വരീഖത്തിനെയും അവജ്ഞയോടെ നോക്കാന്‍ നാം മടിയും കാണിക്കില്ല. അതിനാല്‍ ആദ്യമായി നമുക്ക് ഈ മഹത്തായ ത്വരീഖത്തിന്റെ സ്ഥാപകരെ പരിചയപ്പെടാം.
പില്‍ക്കാലക്കാരായ പണ്ഡിതമഹത്തുക്കളെ പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നും വിഖ്യാത ചരിത്രഗ്രന്ഥമായ സില്‍വതുല്‍ അന്‍ഫാസ് എന്ന കൃതിയെയാണ് സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച് മനസ്സിലാക്കാനായി ഇവിടെ ഉപയോഗപ്പെടുത്തുന്നത്. പ്രത്യേകം അടിവരയിടേണ്ട കാര്യം ഈ ഗ്രന്ഥത്തിന്റെ രചയിതാവ് തിജാനിയ്യഃ ത്വരീഖത്തിന്റെ വക്താവല്ല എന്നതാണ്. പ്രസിദ്ധ മഗ്‍രിബീ പണ്ഡിതനും മഹാത്മാവുമായ സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്ഫര് ബ്‍നു ഇദ്‍രീസ് അല്‍ കത്താനി(റ)(1)യാണ് സില്‍വതുല്‍ അന്‍ഫാസിന്റെ കര്‍ത്താവ്. സില്‍വതുല്‍ അന്‍ഫാസിലെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രത്തിന്റെ വിവര്‍ത്തനം :
ഇലാഹീസാമീപ്യം സിദ്ധിച്ച ഗുരുവര്യര്‍, പരിപൂര്‍ണ്ണനായ മാതൃകാപുരുഷന്‍, അഗാധജ്ഞാനമുള്ള ആത്മജ്ഞാനി, പരിശുദ്ധ ദീനിന്റെയും തിരുസുന്നത്തിന്റെയും ഉറച്ച പര്‍വ്വതം, സൂക്ഷ്‍മശാലികളുടെയും സന്മാര്‍ഗ്ഗികളുടെയും ശിലോച്ചയം, ഉന്നതങ്ങള്‍ കീഴടക്കിയ ബഹുമുഖപ്രതിഭ, അതീവ ധിഷണാശാലിയായ ഭാഗധേയന്‍, ശരീഅത്തിലും ഹഖീഖത്തിലും ഒരുപോലെ സമ്പൂര്‍ണ്ണത കൈവരിച്ചവര്‍, സര്‍വ്വസൃഷ്‍ടികളുടെ മേലും അനുഗ്രങ്ങളെയും പ്രഭകളെയും കോരിച്ചൊഴിഞ്ഞവര്‍, ദൃഷ്‍ടാന്തങ്ങളെയും നിഗൂഢതകളെയും വ്യക്തമാക്കിയവര്‍, ഔദാര്യത്തിന്റെയും അഭിമാനത്തിന്റെയും കേന്ദ്രം, തിരമാലകളുയര്‍ന്ന ഉഗ്രസമുദ്രം, തന്റെ വിശിഷ്‍ടതയാല്‍ പൊതുജനങ്ങളിലും വിശിഷ്‍ടരിലും സ്വീകാര്യത നേടിയവര്‍, അപൂര്‍വ്വപ്രതിഭാസം, മാനവജനതയുടെ പ്രകാശഗോപുരം, സമ്പൂര്‍ണ്ണനായ ഖുതുബ്, ഉപകാരിയായ ഗൗസ് ഇങ്ങനെ നിരവധി മഹത്വങ്ങളുടെ ഉടമയാണ് അബുല്‍ അബ്ബാസ് മൗലാഹ് അഹ്‍മദ് എന്നവര്‍. മാത്രമല്ല പുണ്യപണ്ഡിതനും ഉന്നതവലിയ്യുമായ അബൂ അബ്‍ദില്ലാഹ് മഹമ്മദ് ബ്‍നു മുഖ്‍താര്‍ ബ്‍നു അഹ്‍മദ് ബ്‍നു മഹമ്മദ് ബ്‍നു സാലിം അല്‍ ഷരീഫ് അല്‍ ഹസനി അല്‍ കാമിലി അത്തിജാനി എന്നവരുടെ പുത്രനും കൂടിയാണ്. ബഹുമാനരുടെ കുടംബപരമ്പര കടന്നുപോകുന്നതാകട്ടെ ഇമാം മുഹമ്മദ് അന്നഫ്‍സുസ്സകിയ്യഃ ബ്‍നു അബ്‍ദില്ലാഹ് അല്‍ കാമില്‍(റ)വിലേക്കാണ്.
ഹിജ്റഃ 1150ല്‍ ഐനുമാദ്വി എന്ന ചെറുപട്ടണത്തിലാണ് സയ്യിദീ അഹ്‍മദ് തിജാനി(റ) ജനിക്കുന്നത്. അവിടെത്തന്നെ സദാചാരനിഷ്‍ഠയിലും വിശ്വസ്‍തതയിലും സംരക്ഷണത്തിലും സൂക്ഷമതയിലുമായി മഹാന്‍ വളര്‍ന്നു. കഠിനാധ്വാനത്തിലും പരിശ്രമത്തിലും മുന്നിട്ടവരായും ഏകാന്തതയിലും ഏകാഗ്രതയിലും തത്പരരായും വായനയില്‍ വ്യാപൃതരായും ഖുര്‍ആന്‍ പാരായണം പതിവാക്കിയവരായും അവിടുത്തെ ബാല്യം മുന്നോട്ടു പോയി. അങ്ങനെ ഏഴാമത്തെ വയസ്സില്‍ അവിടുന്ന് പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് ദീനീവിജ്ഞാനം നേടുന്നതില്‍ ശ്രദ്ധചെലുത്തി. താമസിയാതെ വൈജ്ഞാനികമായി നേതൃസ്ഥാനം കൈവരിക്കുകയും അവയുടെ സാംരാംശങ്ങളൊക്കെ സ്വായത്തമാക്കുകയും ചെയ്‍തു.
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ദീനീവിജ്ഞാനങ്ങളിലെ ഗുരുവര്യന്മാരുടെ കൂട്ടത്തില്‍ അല്ലാമഃ സയ്യിദീ മബ്‍റൂക് ബ്‍നു ബൂ ആഫിയഃ അല്‍ മദ്വാവി അത്തിജാനി എന്നവരെയും കാണാവുന്നതാണ്. പിന്നീട്, നമ്മുടെ കഥാപുരുഷന്‍ മഗ്‍രിബ് (മൊറോക്കോ) ഭാഗത്തേക്ക് യാത്രയായി. ഫാസ് നഗരത്തിലേക്ക് ഹിജ്റഃ 1171ല്‍ അവിടുന്ന് എത്തിച്ചേര്‍ന്നു. അന്ന് ബഹുമാനര്‍ക്ക് 21 വയസ്സായിരുന്നു പ്രായം. ഹദീസ് ശ്രവണത്തിനും ശേഷിച്ച സമയങ്ങളില്‍ സിയാറത്തിനും സദ്‍വൃത്തരെ കണ്ടെത്തുന്നതിലുമായി അവിടുന്ന് ചുറ്റിനടന്നു. ഇക്കാലയളവില്‍, പരിപൂര്‍ണ്ണരായ മഷാഇഖുമാരില്‍ നിന്നും ആദ്യമായി സയ്യിദീ അഹ്‍മദ് തിജാനി(റ) കണ്ടുമുട്ടിയത് വാസാന്‍ ദേശത്തുള്ള മൗലായ് അത്ത്വയ്യിബ് വാസാനി(റ) വിനെയായിരുന്നു. ഈ പുണ്യാത്മാവില്‍ നിന്നും അനുഗ്രഹമെടുക്കുകയും ഔറാദുകള്‍ ഏറ്റെടുക്കുകയും ചെയ്‍തു. നമ്മുടെ കഥാപുരുഷന് ശൈഖ് വാസാനി(റ) ഔറാദുകള്‍ ചൊല്ലിക്കൊടുക്കാനുള്ള സമ്മതം നല്‍കിയെങ്കിലും തന്റെ സ്വന്തം കാര്യത്തില്‍ ശ്രദ്ധചെലുത്തിയിരുന്നതിനാല്‍ അത് മാത്രം അവിടുന്ന് ഏറ്റെടുക്കാന്‍ തയ്യാറായില്ല.
ഇത് കൂടാതെ മഹാനായ ഖുതുബ് മൗലായ് അഹ്‍മദ് അസ്സ്വഖലി(റ)വുമായും സയ്യിദീ അഹ്‍മദ് തിജാനി(റ) ബന്ധപ്പെട്ടു. എങ്കിലും ഈ പുണ്യാത്മാവില്‍ നിന്നും യാതൊന്നും അവിടുന്ന് ഏറ്റെടുത്തില്ല. എന്നല്ല, യാതൊരു കാര്യവും അവിടുന്നുമായി സംസാരിക്കുക പോലും ചെയ്‍തില്ല. പിന്നെ മഹാനവര്‍കള്‍ കണ്ടുമുട്ടിയത്, സബീബ് മലയിലെ ബനീവാന്‍ജലിലുള്ള മഹാനായ വലിയ്യ് സയ്യിദീ മുഹമ്മദ് ബ്‍നു ഹസന്‍ അല്‍ വാന്‍ജലി(റ)വിനെയാണ്. ഈ മഹാത്മാവില്‍ നിന്നും പുണ്യം കരസ്ഥമാക്കിയെങ്കിലും യാതൊരു ഔറാദും സ്വീകരിച്ചിരുന്നില്ല. അല്‍ ആരിഫ് ബില്ലാഹ് സയ്യിദീ അല്‍ അറബിയ്യ് ബ്‍നു അബ്‍ദില്ലാഹ് മഅ്‍ന്‍ അല്‍ അന്‍ദലുസി(റ)വുമായും ഫാസില്‍ വെച്ച് കൂടിച്ചേരാന്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനായി. ഈ പുണ്യാത്മാവ് കഥാപുരുഷന് വേണ്ടി ഒരുപാട് ദുആ ഇരന്നു.
ഖാദിരിയ്യഃ ത്വരീഖത്തിനെയും അത് നല്‍കുവാന്‍ അര്‍ഹതയുള്ള വ്യക്തിത്വത്തില്‍ നിന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) ഏറ്റെടുക്കുകയും കുറച്ച് കാലത്തിന് ശേഷം അത് ഉപേക്ഷിക്കുകയും ചെയ്‍തു. തുടര്‍ന്ന്, രീഫ് എന്ന ദേശത്തെ പ്രസിദ്ധനായ വലിയ്യ് സയ്യിദീ മഹമ്മദ് ബ്‍നു അബ്‍ദില്ല അത്തുസാനി(റ)വില്‍ നിന്നും നാസ്വിരിയ്യഃ ത്വരീഖത്ത് സ്വീകരിച്ചു. കുറെ കാലത്തിന് ശേഷം അതും ഒഴിവാക്കി. ഇതിന് ശേഷം ഔറാദുകള്‍ ഏറ്റെടുത്തത് താസയിലേക്ക് വാസമുറപ്പിക്കുകയും അവിടെത്തന്നെ മറമാടപ്പെടുകയും ചെയ്‍ത അബുല്‍ അബ്ബാസ് സയ്യിദീ അഹ്‍മദ് ത്വവ്വാഷ്(റ)വില്‍ നിന്നുമായിരുന്നു.
തുടര്‍ന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) മൊറോക്കോയില്‍ നിന്നും യാത്രയായി. സ്വഹാറയിലെ സയ്യിദീ ശൈഖ് എന്ന മഹാത്മാവിന്റെ ഖബറിടം നിലകൊള്ളുന്ന ബലദുല്‍ അബ്‍യദ്വിനെ ലക്ഷ്യം വെച്ചായിരുന്നു യാത്ര. ഇവിടെ അഞ്ച് വര്‍ഷത്തോളം പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും ആരാധാനകളിലും അധ്യാപനത്തിലും ഗ്രന്ഥപാരായണങ്ങളിലുമായി മഹാനവര്‍കള്‍ നിലകൊണ്ടു. ഇതിനിടയില്‍ തന്റെ മാതാപിതാക്കളുടെ ഗേഹം നിലകൊണ്ടിരുന്ന തന്റെ ജന്മനാടിനെ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി.
പിന്നീട്, തിലംസാന്‍ ദേശത്തിലേക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) യാത്ര പുറപ്പെട്ടു. അവിടെ പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും മറ്റ് വിജ്ഞാനങ്ങളിലും അധ്യാപനം നടത്തി കുറെ കാലം താമസമാക്കി. അല്ലാഹു(സു)വിന് ഇബാദത്ത് ചെയ്യുന്നതില്‍ അവിടുന്ന് കൂടുതല്‍ നിമഗ്‍നനായി. അങ്ങനെ വിജയത്തിന്റെ ലക്ഷണങ്ങളും കിരണങ്ങളും അവിടുത്തേക്ക് പ്രത്യക്ഷമാകാനും അത്ഭുതസംഭവങ്ങള്‍ വെളിവാകാനു തുടങ്ങി. ഹിജ്റഃ 1181ന്റെ ആരംഭത്തിലായിരുന്നു ഇത്.
തുടര്‍ന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) പരിശുദ്ധ ഹജ്ജ് കര്‍മ്മത്തെ ലക്ഷ്യമാക്കി തിലംസാനില്‍ നിന്നും യാത്ര പുറപ്പെട്ടു. അങ്ങനെ തൂനുസിലെത്തിയപ്പോള്‍ പൂര്‍ണ്ണമായും ഒരു വര്‍ഷത്തോളം അവിടെത്തങ്ങാനായിരുന്നു വിധിയുണ്ടായത്. അതിന് ശേഷം ഹിജ്റഃ 1187ല്‍ മഹാനവര്‍കള്‍ ഹജ്ജും സിയാറത്തും നിര്‍വ്വഹിച്ചു. യാത്രയിലുടനീളം പുണ്യാത്മാക്കളെയും പണ്ഡിതന്മാരെയും അന്വേഷിക്കുന്നത് അവിടുന്ന് ഉപേക്ഷിച്ചിരുന്നില്ല. സകല പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള മഹാത്മാക്കളെക്കൊണ്ടെല്ലാം അനുഗ്രഹം സിദ്ധിക്കുകയും അങ്ങനെ അനവധി പുണ്യവ്യക്തിത്വങ്ങളില്‍ നിന്നും പുണ്യപ്രാപ്‍തിക്ക് മഹാനവര്‍കള്‍ക്ക് അവസരമൊരുങ്ങുകയും ചെയ്‍തു.
സവാവഃ ദേശത്തുള്ള അബൂ അബ്‍ദില്ലാഹ് സയ്യിദീ മഹമ്മദ് ബ്‍നു അബ്‍ദിര്‍റഹ്‍മാന്‍ അല്‍ അസ്ഹരി(റ)വുമായി അവിടുന്ന് സംഗമിച്ചതും ഖല്‍വതിയ്യഃ ത്വരീഖത്ത് ഏറ്റെടുത്തതും പ്രത്യേകം സ്‍മരണീയമാണ്. ഈ മഹാന്‍ ത്വരീഖത്ത് സ്വീകരിച്ചത് ശൈഖ് ഹിഫ്‍നാവി(റ)യില്‍ നിന്നായിരുന്നു. ഇത് കൂടാതെ തൂനുസില്‍ വെച്ച് അബ്‍ദുസ്സ്വമദ് അര്‍രിഹവി(റ)യില്‍ നിന്നും ഈജിപ്‍തില്‍ വെച്ച് ശൈഖ് മഹ്‍മൂദുല്‍ കുര്‍ദി അല്‍ മിസ്‍രി അല്‍ ഇറാഖി(റ) ഇതേ ത്വരീഖത്തിന്റെ ഇജാസത്ത് സയ്യിദീ അഹ്‍മദ് തിജാനി(റ) നേടുകയുണ്ടായി. വീണ്ടും മക്കയില്‍ വെച്ച് ശൈഖ് അബുല്‍ അബ്ബാസ് അഹ്‍മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ ഹിന്ദി അല്‍ മക്കി(റ) എന്നവരുമായും സയ്യിദുനാ(റ) ബന്ധം സ്ഥാപിച്ചു. പക്ഷെ ഈ പുണ്യാത്മാവുമായി നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. പകരം തന്റെ സേവകന്‍ മുഖേന സന്ദേശങ്ങള്‍ അയക്കുക മാത്രമായിരുന്നു.
ജവാഹിറുല്‍ മആനിയില്‍ അതിന്റെ ഗ്രന്ഥകര്‍ത്താവ് പറയുന്നു :
"വിജ്ഞാനങ്ങളിലും രഹസ്യങ്ങളിലും വിശിഷ്‍ടകാര്യങ്ങളിലും ആത്മീയപ്രഭകളിലുമെല്ലാം സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ആസ്‍പദം ഈ പുണ്യാത്മാവാണ് "
പിന്നീട് സയ്യിദീ അഹ്‍മദ് തിജാനി(റ) മദീനയിലുണ്ടായിരുന്ന കാലയളവില്‍ പ്രസിദ്ധ ഖുത്വുബും ഉജ്ജ്വലപണ്ഡിതരും സമ്മാന്‍ എന്ന നാമം കൊണ്ട് വിശ്രുതരുമായ അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്‍ കരീം(റ)വുമായി സംഗമിക്കാനിടയായി. സയ്യിദീ മുസ്‍ത്വഫല്‍ ബകരി(റ)വിന്റെ ശിഷ്യഗണങ്ങളിലൊരാളായിരുന്നു ഈ പുണ്യാത്മാവ്. ഇവരില്‍ നിന്നും സയ്യിദീ അഹ്‍മദ് തിജാനി(റ) ഔറാദുകള്‍ സ്വീകരിക്കുകയും പുണ്യങ്ങള്‍ കരഗതമാക്കുകയും ചെയ്‍തു.
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സയ്യിദീ അഹ്‍മദ് തിജാനി(റ) അങ്ങനെ 1188ല്‍ തിലംസാനിലെത്തിച്ചേര്‍ന്നു. അവിടെ ആരാധനാകര്‍മ്മങ്ങളിലും അല്ലാഹുവിലേക്ക് മാര്‍ഗ്ഗദര്‍ശനം നടത്തുന്നതിലും അങ്ങേയറ്റം പരിശ്രമം നടത്തി കുറെ കാലം താമസമാക്കി. ശേഷം, തന്റെ കാലത്ത് മൊറോക്കോയുടെയും ഫാസിന്റെയും ഖുതുബായിരുന്ന മൗലായ് ഇദ്‍രീസ്(റ)വിനെ സിയാറത്ത് ചെയ്യുക എന്ന ലക്ഷ്യം വെച്ച് ഫാസിലേക്ക് യാത്ര തിരിച്ചു. ഹിജ്റഃ 1191ലായിരുന്നു ഇത്. താമസിയാതെ അവിടെ എത്തിച്ചേരുകയും സിയാറത്തിനായി കുറച്ച് കാലം അവിടെ തങ്ങുകയും ചെയ്‍തു. പിന്നീട് വീണ്ടും തിലംസാനിലേക്ക് മടങ്ങുകയും അവിടെ കുറച്ച് കാലം കൂടി കഴിച്ചുകൂട്ടി. തുടര്‍ന്ന് 1196ല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ) സ്വഹാറ ദേശങ്ങളിലേക്ക് യാത്ര നടത്തി. അങ്ങനെ അല്‍ ഖുത്വുബുല്‍ കബീര്‍ സയ്യിദീ അബൂ സംഗൂന്‍(റ)വിന്റെ നാട്ടില്‍ ഇറങ്ങുകയും പിന്നീട് അത്‍വാത് പോലുള്ള മറ്റ് നാടകളിലേക്ക് യാത്ര തുടരുകയും ചെയ്‍തു. ഈ ദേശത്ത് വെച്ച് സയ്യിദീ മുഹമ്മദ് ഫുദൈല്‍(റ)വിനെപ്പോലുള്ള ഏതാനും ഔലിയാക്കളുമായി സയ്യിദീ അഹ്‍മദ് തിജാനി(റ) സംഗമിക്കുകയും ചില പ്രത്യേകവിഷയങ്ങളെ അവരില്‍ നിന്ന് സ്വീകരിക്കുകയും ഒപ്പം ആ മഹാത്മാക്കള്‍ക്ക് ത്വരീഖത്ത് സംബന്ധമായ ഒരുപാട് വിജ്ഞാനങ്ങളും രഹസ്യങ്ങളും പകര്‍ന്ന് കൊടുക്കുയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം അബൂസംഗൂനിലേക്ക് തന്നെ സയ്യിദീ അഹ്‍മദ് തിജാനി(റ) മടങ്ങിയെത്തി. അവിടെത്തന്നെ താമസമാക്കുകയും ചെയ്‍തു.
അബൂസംഗൂനില്‍ വാസമുറപ്പിച്ച സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് ഇവിടെവെച്ച് തന്നെയായിരുന്നു അതിമഹത്തായ ആത്മീയവിജയം സംഭവിക്കുന്നത്. ഈ വേളയില്‍ സൃഷ്‍ടികള്‍ക്ക് മുഴുവനും ഔറാദ് ചൊല്ലിക്കൊടുക്കാനുള്ള സമ്മതം തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ മഹാനവര്‍കള്‍ക്ക് നല്‍കി. സയ്യിദീ അഹ്‍മദ് തിജാനി(റ)വാകട്ടെ, ഇതിന് മുമ്പ് സൃഷ്‍ടികളുമായുള്ള സഹവാസത്തെത്തൊട്ട് ഓടിയൊളിക്കുന്നവരായിരുന്നു. ഈ സംഭവമൊക്കെ നടക്കുന്നതും മുമ്പ് സൂചിപ്പിച്ച അതേ വര്‍ഷം തന്നെ അഥവാ ഹിജ്റഃ 1196ലാണ്.
ഈ സംഭവത്തിന് ശേഷം ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ അബൂസംഗൂനില്‍ വെച്ച് തന്നെ ഏറ്റവും ഉന്നതമായ ആത്മീയവിജയും അതിശക്‍തമായി കുത്തിയൊഴുകുന്ന ആത്മീയസഹായവും തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കരങ്ങളിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന് കരസ്ഥമായി. ഇതോടെ അതീവരഹസ്യങ്ങളുടെയും ജ്ഞാനശോഭകളുടെയും പര്യായമായി മഹാനവര്‍കള്‍ മാറി. സകല ദേശത്ത് നിന്നും വലിയസംഘങ്ങള്‍ ബഹുമാനരെ അവിടുത്തെ സമക്ഷത്തിലേക്ക് കടന്ന് വരാന്‍ തുടങ്ങി.
ഹിജ്റഃ 1213 റബീഉല്‍ അവ്വല്‍ 17ന് പ്രസിദ്ധമായ ഫാസ് നഗരത്തില്‍ സ്ഥിരവാസമാക്കാനുള്ള ലക്ഷ്യത്തോടെ അബൂസംഗൂന്‍ എന്ന സ്വഹാറ മരുപ്രദേശത്ത് നിന്ന് സയ്യിദീ അഹ്‍മദ് തിജാനി(റ) യാത്ര പുറപ്പെട്ടു. ഇതേവര്‍ഷം തന്നെ റബീഉല്‍ ആഖര്‍ 6ന് ആ മഹാനഗരത്ത് മഹാനവര്‍കള്‍ പ്രവേശിച്ചു. തൊട്ടടുത്ത വര്‍ഷം 1214 മുഹര്‍റം മാസത്തില്‍ അല്‍ ഖുത്വുബാനിയ്യഃ അല്‍ ഗൗസിയ്യഃ എന്ന മഹത്‍പദവിയിലേക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) കാലെടുത്ത് വെച്ചു. അങ്ങനെ അവിടുന്ന് തേടിക്കൊണ്ടിരുന്ന മുഴുവന്‍ ആഗ്രഹങ്ങളെയും ഈ ഉന്നതപദവി കൊണ്ട് അവിടുന്ന് സാക്ഷാത്‍കരിച്ചു.
സയ്യിദീ അഹ്‍മദ് തിജാനി(റ) ഇപ്രകാരം പ്രസ്‍താവിക്കുമായിരുന്നു :
"അനവധി മഷാഇഖുമാരെത്തൊട്ട് നാം ഏറ്റെടുത്തു. പക്ഷെ അവരില്‍ നിന്നൊന്നും ലക്ഷ്യപ്രാപ്‍തി നേടിയെടുക്കാന്‍ അല്ലാഹു(സു) വിധി നല്‍കിയില്ല. അതിനാല്‍ ഈ മഹത്തായ ത്വരീഖത്തില്‍ നമ്മുടെ ഗുരുവും ആസ്‍പദവുമാകുന്നത് തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളാകുന്നു".
അവിടുന്ന് ഇങ്ങനെയും പറയുകയുണ്ട് :
"പ്രസിദ്ധമായ വിര്‍ദില്‍ (അല്‍ വിര്‍ദുല്‍ മഅ്‍ലൂം) നമ്മുടെ ആസ്‍പദം പുണ്യനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയാകുന്നു. എന്നാല്‍ മുസബ്ബആതുല്‍ അഷ്‍റിനെ നാം സ്വീകരിച്ചതാകട്ടെ നമ്മുടെ ഗുരുവര്യരായ ശൈഖ് മഹ്‍മൂദുല്‍ കുര്‍ദി അല്‍ മിസ്‍രി(റ)വില്‍ നിന്നും നേരിട്ടാണ്. ബഹുമാനപ്പെട്ടവര്‍ അത് സ്വീകരിച്ചത് ഖള്ര്‍(അ)മില്‍ നിന്നും നേരിട്ടായിരുന്നു. ഇനി ശാദുലി അഹ്സാബുകളും വദ്വീഫഃ സറൂഖും ദലാഇലുല്‍ ഖൈറാതും അദ്ദവ്‍റുല്‍ അഅ്‍ലായുമൊക്കെ ഏറ്റെടുത്തത് മദീനഃ മുനവ്വറയിലെ നിവാസിയായ നമ്മുടെ ഗുരുവര്യര്‍ സയ്യിദീ മുഹമ്മദ് ബ്‍നു അബ്‍ദില്‍ കരീം അസ്സമ്മാന്‍(റ)വില്‍ നിന്നാണ്".
ഏതൊരുവന്‍ തന്നെ കാണുന്നുവോ അവന്‍ യാതൊരു ശിക്ഷയോ വിചാരണയോ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നമെന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും താന്‍ ജനിച്ചത് മുതല്‍ മരിക്കുന്നത് വരെയുളള തന്റെ കാലക്കാര്‍ക്ക് വേണ്ടിയുള്ള ശുപാര്‍ശയും മരണശേഷം ഇരുപത് വര്‍ഷത്തുള്ളവരുടെയും കൂടി അധിക ശുപാര്‍ശയും അല്ലാഹു(സു) തനിക്ക് നല്‍കിയതായും സയ്യിദീ അഹ്‍മദ് തിജാനി(റ) സ്‍മരിക്കാറുണ്ടായിരുന്നു.
അല്‍ ഇഷ്‍റാഫ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇങ്ങനെ രേഖപ്പെടുത്തുന്നു : തന്റെ പിതാവും പ്രസിദ്ധ മുഹദ്ദിസും സ്വൂഫിയുമായ അല്ലാമഃ അബുല്‍ ഫൈദ്വ് സയ്യിദീ ഹമ്‍ദൂന്‍(റ) എന്നവര്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അറിവിലും മഅ്‍രിഫത്തിലുമുള്ള മികവിനെ പുകഴ്‍ത്തുന്നവരായിരുന്നു. മാത്രമല്ല അവിടുന്ന് പറയും : "നിശ്ചയം സയ്യിദീ അഹ്‍മദ് തിജാനി(റ) പരിപൂര്‍ണ്ണരായ ഔലിയാക്കളുടെ കൂട്ടത്തില്‍ പെട്ടവരാണ് ". കൂടാതെ 1205ല്‍ ഹജ്ജിനായ യാത്ര തിരിച്ച അവസരത്തില്‍ ഈ പുണ്യാത്മാവ് ഒരു ഖസ്വീദയിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ പുകഴ്‍ത്തിപ്പാടുകയും ചെയ്‍തു. പ്രസ്‍തുത വരികളിതാ :
إن شئت تصبح فى رياض آمــان * و أردت تغدو فى منى و آمـان
فعليك بــــالبدر المنير ســــنا أبى * العـباس أعنى احمد التجـــانى
شمس السيادة قطب دائرة الهدى * بدر الســعادة كوكب الاحسان
بدر الـندى مبد لـنا حــكما سـمت * كــفرائد فــى الــعقد والــتيجان
حــبـر إمــام قد ســمـا بـمـعـارج * فـى الصـالحات ولم يكن مـتوان
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ മഹത്വങ്ങളും ഉന്നതാവസ്ഥകളും നിരവധിയാണ്. അവയെ വിശാലമായി ഗ്രഹിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം മഹാനവര്‍കളുടെ അനുചരന്മാരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കട്ടെ.
ഹിജ്റഃ 1230 ശവ്വാല്‍ മാസം 17 സുബ്ഹിക്ക് സയ്യിദീ അഹ്‍മദ് തിജാനി(റ) ഈ ലോകത്ത് നിന്ന് യാത്രയായി. മഹാനവര്‍കളുടെ ജനാസ നിസ്‍കാരത്തിന് ഭാഗഭാക്കാകാനായി ഫാസിലെ ഉലമാക്കളും സദ്‍വൃത്തരും പ്രധാനികളും ബഹുമാനികളും നേതാക്കളും അടങ്ങുന്ന എണ്ണിക്കണക്കാക്കാനാകത്ത വിധം വലിയൊരു ജനക്കൂട്ടം തന്നെ സന്നിഹിതരായിരുന്നു. അവര്‍ക്കൊക്കെ ഇമാമായി നിസ്‍കരിച്ചതാകട്ടെ, പ്രസിദ്ധ കര്‍മ്മശാസ്‍ത്രപണ്ഡിതനായ അല്ലാമഃ അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു ഇബ്റാഹിം അദ്ദുകാലി(റ)വാണ്. ജനങ്ങളെല്ലാം ആ പുണ്യശരീരത്തെ ചുമക്കാനായി മത്സരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ പ്രസിദ്ധമായ സാവിയയില്‍ തന്നെ ആ പവിത്രമേനിയെ അടക്കം ചെയ്‍തു. അവിടെയുള്ള സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അന്ത്യവിശ്രമകേന്ദ്രം അനുഗ്രഹനേട്ടമുള്ളതും സന്ദര്‍ശനബാഹുല്യായതും പവിത്രവും പാവനവും അതിപ്രസിദ്ധവുമാണ്.
{സില്‍വതുല്‍ അന്‍ഫാസ് - സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ അല്‍ കത്താനി(റ)}
സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രത്തിലേക്ക് മഹാനായ ശൈഖ് മുഹമ്മദ് കത്താനി(റ) നടത്തിയ ഹ്രസ്വമായ എത്തിനോട്ടമാണിത്. തിജാനിയ്യഃ ത്വരീഖത്തിന്റെ വക്താവ് അല്ലാഞ്ഞിട്ട് കൂടി എത്ര മഹനീയമാക്കിയാണ് മഹാനവര്‍കള്‍ പേന ചലിപ്പിച്ചതെന്ന് നോക്കൂ. ഇതിലും കൂടുതല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന പക്ഷം ഈ ലേഖകന്‍ തന്നെ രചിച്ച, തിജാനിയ്യഃ ത്വരീഖത്ത് - സത്യാന്വേഷികള്‍ക്കൊരു സത്യസരണി എന്ന ഗ്രന്ഥം ഉപയോഗപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീന്‍
--------------------------------------------------------------------------------------------------------------
(1) സുപ്രസിദ്ധ സൂഫീ സരണിയായ കത്താനിയ്യഃ ത്വരീഖത്തിലെ മഹാവലിയ്യും മാലികീ കര്‍മ്മശാസ്‍ത്രപണ്ഡിതനും ചരിത്രകാരനും ഹദീസ്‍വിശാരദനുമാണ് അബൂ അബ്‍ദില്ലാഹ് സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്ഫര് ബ്‍നു ഇദ്‍രീസ് അല്‍ കത്താനി അല്‍ ഹസനി(റ). ഹിജ്റഃ 1274ല്‍ വിഖ്യാതമായ ഫാസ് നഗരത്തിലാണ് മഹാനവര്‍കള്‍ ഭൂജാതനാകുന്നത്. അവിടെയുള്ള നിരവധി കര്‍മ്മശാസ്‍ത്രപണ്ഡിതന്മാരില്‍ നിന്നും മഹാനവര്‍കള്‍ വിവിധ വിജ്ഞാനങ്ങള്‍ കരഗതമാക്കി. സ്വന്തം പിതാവായ അല്ലാമഃ ജഅ്‍ഫര്‍ അല്‍ കത്താനി(റ), അല്ലാമഃ അഹ്‍മദ് ബന്നാനി കലാ(റ), അല്ലാമഃ ത്വയ്യിബ്‍ ബ്‍നു കീറാന്‍, അല്ലാമഃ ഖാദ്വി അബുല്‍ അബ്ബാസ് അഹ്‍മദ് അസ്സിജില്‍മാസി അല്‍ ഫാസി(റ) തുടങ്ങിവര്‍ അക്കൂട്ടത്തില്‍ പ്രധാനികളാണ്. ഏഴിലധികം വട്ടം മഹാനവര്‍കള്‍ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്. (ഇന്നത്തെ ഗതാഗതസൗകര്യമില്ലാത്ത കാലമാണെന്ന കാര്യം മറക്കരുത് ). ഹിജ്റഃ 1332ല്‍ മദീനഃ മുനവ്വറയിലേക്ക് മഹാനവര്‍കള്‍ യാത്രയായി. ഏതാണ്ട് ആറ് വര്‍ഷം അവിടെ താമസിച്ചതിന് ശേഷം അവിടെ നിന്ന് നീങ്ങുകയും ഹിജ്റഃ 1345ല്‍ സിറിയന്‍ തലസ്ഥാനം ഡമസ്‍കസിലേക്ക് താമസം മാറ്റുകയും ചെയ്‍തു. പിന്നീട് വീണ്ടും ഫാസിലേക്ക് തന്നെ മടങ്ങിയെത്തുകയും താമസിയാതെ അവിടെത്തന്നെ വഫാത്താകുകയും ചെയ്‍തു. ഹിജ്റഃ 1345 റമദ്വാന്‍ 16 ഞായറാഴ്‍ച രാത്രി 11 മണിക്കായിരുന്നു മഹാനവര്‍കള്‍ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നീങ്ങിയത്. ഫാസിലെ പ്രസിദ്ധ അന്ത്യവിശ്രമകേന്ദ്രമായ ബാബുല്‍ ഫുതുഹില്‍ മഹാവലിയ്യ് മൗലായ് ത്വയ്യിബ് അല്‍ കത്താനി(റ)വിന്റെ സമക്ഷം മഹാനവര്‍കളെ അടക്കം ചെയ്യപ്പെട്ടു. എന്നാല്‍ ഇരുപത് മാസങ്ങള്‍ക്ക് ശേഷം പ്രസ്‍തുത സ്ഥലത്ത് നിന്നും ഫാസ് നഗരത്തിലെ താന്‍ പണികഴിപ്പിച്ച സാവിയയിലേക്ക് അവിടുത്തെ ഭൗതികശരീരത്തെ നീക്കം ചെയ്യേണ്ടി വന്നു. യാതൊരു വിധ പകര്‍ച്ചയും മഹാനവര്‍കളുടെ ശരീരത്തിന് സംഭവിച്ചിരുന്നില്ലത്രെ. തബാറകല്ലാഹ്. പ്രസിദ്ധ തിജാനി പണ്ഡിതരും മൊറോക്കോ ഖാദ്വിയുമായ അല്ലാമഃ അഹ്‍മദ് സുകൈറിജ്(റ) മഹാനവര്‍കളെ സംബന്ധിച്ച് കവിത രചിച്ചിട്ടുണ്ട്.
80ലധികം രചനകള്‍ സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ കത്താനി(റ) നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് 'സില്‍വതുല്‍ അന്‍ഫാസ് വ തുഹ്ഫതുല്‍ അഖ്‍യാസ് ഫീ മന്‍ അഖ്ബറ മിനല്‍ ഉലമാഇ വസ്സ്വലഹാഇ ബി ഫാസ്'. ഫാസിലെ അഗ്രേസരന്മാരും അതിപ്രശസ്‍തരും മഹാവലിയ്യുമാരുമായ നിരവധി മഹത്തുക്കളുടെ ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ നമ്മുടെ ശൈഖവര്‍കളായ ഖുതുബുല്‍ മക്തും സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെ സംബന്ധിച്ചും മഹാനവര്‍കള്‍ പേന ചലിപ്പിച്ചു. അതും അങ്ങേയറ്റം ബഹുമാനാദരവുകളോടെ തന്നെ. സില്‍വതുല്‍ അന്‍ഫാസിന്റെ പേജുകളില്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ചരിത്രം സ്ഥാനം പിടിച്ചത് കൊണ്ട് തന്നെ തിജാനിവിരോധികളുടെ കുപ്രചാരണങ്ങളും എതിര്‍പ്പുകളും അസ്ഥാനത്തായി. കാരണം ഈ മഹാന്‍ തിജാനി ത്വരീഖത്തിന്റെ പ്രാണേതാവോ അമരക്കാരനോ അല്ല. മറിച്ച് കത്താനിയ്യഃ എന്ന വിഖ്യാതസൂഫീസരണിയുടെ വക്താവാണ്.
സയ്യിദീ മുഹമ്മദ് ബ്‍നു ജഅ്‍ഫര്‍ അല്‍ കത്താനി(റ)വിന്റെ ചരിത്രം കൂടുതലറിയാനായി താഴെ പറയുന്ന ഗ്രന്ഥങ്ങള്‍ പരിശോധിക്കാവുന്നതാണ്.
(1)ഷജറതു നൂറുസ്സകിയ്യഃ - ശൈഖ് മുഹമ്മദ് മഖ്‍ലൂഫ് (1 : 619, 1719)
(2) ഫഹ്റുസുല്‍ ഫഹാരിസ് - ശൈഖ് അബ്‍ദുല്‍ ഹയ്യില്‍ കത്താനി (1 : 515 - 518)
(3)മുഅ്ജം - ശൈഖ് അബ്‍ദുല്‍ ഹഫീസ് അല്‍ ഫാസി (1 : 64, 23)
(4)ഇത്ഹാഫുല്‍ മ്വതാലഅ് (2 : 444)
(5)മുഅ്ജമുല്‍ മത്ബൂആതുല്‍ മഗ്‍രിബിയ്യഃ - ശൈഖ് അല്‍ ഖയ്‍തൂനി (1 : 300-301, 678)
(6)മുഅ്ജമുല്‍ മത്ബൂആത് - ശൈഖ് യൂസുഫ് സര്‍കീസ് (1545)
(7)അല്‍ അഅ്‍ലാം - ശൈഖ് സര്‍കലി (72-73)
(8) അല്‍ അഅ്‍ലാമുശ്ശര്‍കിയ്യഃ (1 : 367,472)
(9) അഅ്‍ലാമുല്‍ മഗ്‍രിബ് ഫില്‍ ഖര്‍നിര്‍റാബിഅ് അഷര്‍ (64)
(10)മവ്സൂഅതു അഅ്‍ലാമുല്‍ മഗ്‍രിബ് (8 : 2961-2964)
(11)മുഅല്ലിമതുല്‍ മഗ്‍രിബ് (20:6762)
(12)നയ്‍ലുല്‍ മുറാദി ഫീ മഅ്‍രിഫതി രിജാലില്‍ ഇസ്‍നാദ് - അല്ലാമഃ ഹജൂബി (1: 28-40)
(13)ഖദമുര്‍റുസൂഖ് - അല്ലാമഃ അഹ്‍ദ് സുകൈറിജ് (പത്താം നമ്പര്‍ ചരിത്രം)
(14)ഉംദത്തുര്‍റാവീന്‍ ഫീ താരീഖ് തീത്വാവീന്‍ - ശൈഖ് അര്‍റഹൂനി (9 : 3-83)
(15)മുഅ്ജമുല്‍ മുഅല്ലിഫീന്‍ ( 9 : 150)
(16)ജാമിഉല്‍ കറവിയ്യീന്‍ - ശൈഖ് അബ്‍ദുല്‍ ഹാദി അത്താസി (3 : 819, 225)
(17)മുഅ്ജമുല്‍ വജീസ് - ശൈഖ് അഹ്‍മദ് ബ്‍നു അസ്സ്വിദ്ദീഖ് (26-27)
(18)മുഖ്തസ്വറുല്‍ ഉര്‍വതുല്‍ വുസ്‍ഖാ - ശൈഖ് അല്‍ ഹജൂബി (14,59)
(കടപ്പാട് - ഉസ്‍താദ് മുഹമ്മദ് റാദ്വി കന്നൂന്‍ അല്‍ ഇദ്‍രീസ് അല്‍ ഹസനി)

Jazakallah khair
ReplyDelete